പാലക്കാട് ഷാജഹാന്‍ വധം;അറസ്റ്റിലായവരില്‍ ആര്‍എസ്എസ് മുഖ്യ ശിക്ഷകും
ആഗസ്ത് 15ന് കൊടി ഉയര്‍ത്താന്‍ ഷാജഹാന്‍ ഉണ്ടാകില്ലെന്ന നവീന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യ ഐഷ പറഞ്ഞു
പാലക്കാട്:പാലക്കാട് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്.ഇന്നലെ അറസ്റ്റിലായ പ്രതികളില്‍ ഒരാളായ ആവാസ് ആര്‍എസ്എസ് മുഖ്യ ശിക്ഷക് ആണെന്ന് പോലിസ് വ്യക്തമാക്കി.പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ പോലിസ് കണ്ടെടുത്തു.
പ്രതി ജിനേഷുമായി നടത്തിയ തെളിവെടുപ്പില്‍ പ്രതികള്‍ ഒളിച്ചിരുന്ന മല അടിവാരത്തെ പാറയുടെ അടിയില്‍ നിന്നും നാല് ഫോണുകള്‍ കണ്ടെത്തുകയായിരുന്നു. പ്രതികളെ ഒളിവില്‍ സഹായിച്ച ആളാണ് ജിനേഷ്. ബിജെപിയുടെ പ്രാദേശിക ഭാരവാഹിയാണ് ഇയാള്‍. കേസില്‍ 11ാം പ്രതിയായ ജിനേഷിന്റെ അറസ്റ്റ് ഇന്നലെയാണ് പോലിസ് രേഖപ്പെടുത്തിയത്.
അതേസമയം ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് ഭാര്യ ഐഷയും വ്യക്തമാക്കി. ഷാജഹാനൊപ്പം പ്രവര്‍ത്തിച്ചിരുന്നവര്‍ പാര്‍ട്ടി മാറിയതോടെ കൊലയാളികളായി മാറി. ഭീഷണിയുണ്ടായിരുന്നെങ്കിലും ഷാജഹാന്‍ കാര്യമാക്കിയിരുന്നില്ലെന്ന് ഐഷ പറഞ്ഞു.'ആര്‍എസ്എസ്, ബിജെപി നേതാക്കളുടെ ആസൂത്രണമാണ് ഭര്‍ത്താവിന്റെ കൊല.ഞങ്ങളെ അനാഥരാക്കിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് അവര്‍ക്ക് ഒഴിയാനാകില്ല. സിപിഎമ്മില്‍ നിന്ന് തെറ്റിപ്പിരിഞ്ഞവര്‍ പിന്നീട് ഒരു പരിപാടിയിലും പങ്കെടുക്കാതെ അകന്ന് നില്‍ക്കുകയായിരുന്നു. നിരന്തരം ഷാജഹാനെ കൊലപ്പെടുത്തുമെന്ന് ഭീഷണിയുണ്ടായിരുന്നു. ഇവര്‍ ചതിക്കുമെന്ന് അദ്ദേഹം ഒരിക്കലും കരുതിയിരുന്നില്ല. ഓഗസ്റ്റ് 15ന് കൊടി ഉയര്‍ത്താന്‍ ഷാജഹാന്‍ ഉണ്ടാകില്ലെന്ന നവീന്‍ ഭീഷണിപ്പെടുത്തിയിരുന്നു' ഐഷ പറഞ്ഞു.
ആര്‍എസ്എസ് നിലപാടുകള്‍ക്കെതിരേ ശക്തമായി നിലകൊണ്ട ഷാജഹാനെ ഇല്ലാതാക്കാന്‍ കൃത്യമായി ആസൂത്രണം നടന്നതായി സിപിഎം സംസ്ഥാനസമിതി അംഗം പി ജയരാജന്‍ പറഞ്ഞു.ഇപ്പോള്‍ ആര്‍എസ്എസ് നടത്തുന്ന നുണപ്രചാരണം ഇതിന് തെളിവാണെന്നും കൊലപാതകത്തിനുപിന്നിലുള്ള ഗൂഢാലോചന കണ്ടെത്തി, നേതൃതലത്തില്‍ പ്രവര്‍ത്തിച്ച ആര്‍എസ്എസ്-ബിജെപി നേതാക്കളെ ഉടന്‍ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യദിനത്തിന് തലേന്ന് രാത്രി കുന്നംങ്കാട് ജങ്ഷനില്‍ വച്ചാണ് ഷാജഹാന്‍ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു. കേസില്‍ ബിജെപി ബൂത്ത് ഭാരവാഹി ഉള്‍പ്പെടെ നാല് പേരാണ് ഇന്നലെ അറസ്റ്റിലായത്. കല്ലേപ്പുള്ളി സ്വദേശികളായ ആവാസ്, സിദ്ധാര്‍ഥന്‍, ചേമ്പന സ്വദേശി ജിനീഷ്, കുന്നങ്കാട് സ്വദേശി ബിജു എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ, ഷാജഹാന്‍ വധക്കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി.