സിപിഎമ്മിന്റേത് ന്യൂനപക്ഷങ്ങളെ സംശയമുനയില്‍ നിര്‍ത്തുന്ന സമീപനം; പാര്‍ട്ടി വിട്ട് ബ്രാഞ്ച് സെക്രട്ടറി

Update: 2024-12-17 07:07 GMT

കോഴിക്കോട്: മെക് 7 വ്യായാമ കൂട്ടായ്മയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിഷേധിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി പാര്‍ട്ടി വിട്ടു. കോഴിക്കോട് നടുവണ്ണൂര്‍ കോട്ടപ്പുറം ബ്രാഞ്ച് സെക്രട്ടറിയും എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ അക്ബറലി കോയമ്പത്ത് ആണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ന്യൂനപക്ഷങ്ങളെ സംശയമുനയില്‍ നിര്‍ത്തുന്ന സമീപനമാണ് സിപിഎം സ്വീകരിക്കുന്നതെന്ന് അക്ബറലി പറഞ്ഞു.

മെക് 7എന്ന വ്യായാമ കൂട്ടായ്മക്കു പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയും പോപുലര്‍ ഫ്രണ്ട് സ്വാധീനവുമാണെന്നും കണ്ണൂര്‍ ജില്ലയില്‍ നടന്ന സിപിഎം ഏരിയ സമ്മേളനത്തില്‍ സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനന്‍ പറഞ്ഞിരുന്നു. എന്നാല്‍, വ്യാപക വിമര്‍ശനമുയര്‍ന്നതോടെ മെക് 7നെ എതിര്‍ക്കേണ്ട കാര്യം തങ്ങള്‍ക്കില്ലെന്നും ആരോഗ്യ സംരക്ഷണത്തിനുള്ള കൂട്ടായ്മകള്‍ നല്ലതാണെന്നും മെക് 7നെക്കുറിച്ച് തങ്ങള്‍ ആക്ഷേപം ഉന്നയിച്ചിട്ടില്ലല്ലോയെന്നുമായിരുന്നു മോഹനന്റെ മറുപടി.

Tags:    

Similar News