സിപിഎമ്മിന്റെ മെഗാ തിരുവാതിര; ജില്ലാ പഞ്ചായത്ത് അംഗമടക്കം 500 ലധികം പേര്‍ക്കെതിരേ കേസ്
കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി പാറശാലയില്‍ സിപിഎം സംഘടിപ്പിച്ച മെഗാ തിരുവാതിരയുടെ പേരില്‍ ജില്ലാ പഞ്ചായത്ത് അംഗമടക്കം 500ലധികം പേര്‍ക്കെതിരേ കേസെടുത്തു. ജില്ലാ പഞ്ചായത്തംഗം സലൂജ ഉള്‍പ്പടെ കണ്ടലറിയാവുന്ന 550 പേര്‍ക്കെതിരേയാണ് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസെടുത്തത്. 502 പേരെ അണിനിരത്തിയാണ് സിപിഎം മെഗാ തിരുവാതിര സംഘടിപ്പിച്ചിരുന്നത്.
മെഗാ തിരുവാതിരക്കെതിരേ തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റ് എം മുനീര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനെതിരെയായിരുന്നു പരാതി. തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചാണ് സിപിഎമ്മിന്റെ മെഗാ തിരുവാതിര അരങ്ങേറിയത്. പാറശാല ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുവാരക്കോണം സിഎസ്‌ഐ സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു മെഗാ തിരുവാതിര.
പിണറായി സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചുള്ള ഗാനത്തിനൊപ്പം നൃത്തച്ചുവടുകളുമായി വിദ്യാര്‍ഥികളും വീട്ടമ്മമാരും എത്തി. പൂവരണി കെ വി പി നമ്പൂതിരിയാണ് സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചുള്ള ഗാനം എഴിതിയിരിക്കുന്നത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും സി കെ ഹരീന്ദ്രന്‍ എംഎല്‍എയും അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
കൊവിഡ് കേസുകള്‍ കുത്തനെ കൂടിയതിന് പിന്നാലെ സംസ്ഥാനത്ത് ആള്‍ക്കൂട്ടങ്ങള്‍ നിയന്ത്രിക്കാനായി സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കുമ്പോഴാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗമടക്കം നിയന്ത്രണങ്ങള്‍ ലംഘിച്ചത്. തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് പതിനായിരത്തിന് അടുത്തെത്തിയ ദിവസമാണ് കൊവിഡ് പ്പോട്ടോക്കോള്‍ ലംഘനമുണ്ടായത്. വെള്ളിയാഴ്ചയാണ് തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനത്തിന് തുടക്കമാവുന്നത്.