പാലത്തായി ബാലികാ പീഡനം: തുടരന്വേഷണം ഐജി ശ്രീജിത്തിനു കീഴില്‍ തന്നെ; പെണ്‍കുട്ടിയുടെ മൊഴിയെടുക്കുന്നു
കണ്ണൂര്‍: ബിജെപി നേതാവ് പ്രതിയായ പാലത്തായി ബാലികാ പീഡനക്കേസില്‍ തുടരന്വേഷണം ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിനു കീഴില്‍ തന്നെ. കടുത്ത പ്രതിഷേധങ്ങളെ തുടര്‍ന്ന് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പുനസംഘടിപ്പിച്ച അന്വേഷണ സംഘം ഇരയുടെ വീട് സന്ദര്‍ശിച്ചതിനു പിന്നാലെ എഎസ്പി രേശ്മാ സുരേഷിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ ഇരയുടെ മൊഴി രേഖപ്പെടുത്തുകയാണ്. ഐജി എസ് ശ്രീജിത്ത് തുടരന്വേഷണ ഭാഗമായി പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. പാലത്തായി ബാലികാ പീഡനക്കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ പ്രതി കുനിയില്‍ പത്മരാജനെതിരെ പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കിയുള്ള ഭാഗിക കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചത്. കുറ്റപത്രം ഫയലില്‍ സ്വീകരിച്ച തലശ്ശേരി അഡീ. സെഷന്‍സ് കോടതി തുടരന്വേഷണത്തിന് അനുമതി നല്‍കിയിരുന്നു.
കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിന്റെ തലേദിവസം ഒരു വനിതാ എസ്‌ഐയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴിയെടുത്തിരുന്നു. ഏപ്രില്‍ 26ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത ശേഷം ഇത് രണ്ടാം തവണയാണ് കുട്ടിയുടെ മൊഴിയെടുക്കുന്നത്. എഎസ്പി രേഷ്മാ സുരേഷിശിന്റെ നേതൃത്വത്തില്‍ പോലിസ് സംഘം ഇന്ന് രാവിലെ 10നു ശേഷമാണ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. പെണ്‍കുട്ടി നേരത്തേ ചൈല്‍ഡ് ലൈനിലും പോലിസിനും പീഡനം സംബന്ധിച്ച് മൊഴി നല്‍കിയിരുന്നു. മജിസ്‌ട്രേറ്റ് മുമ്പാകെയും പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, പെണ്‍കുട്ടി പല സമയത്തായി നല്‍കിയ മൊഴിയില്‍ വൈരുധ്യങ്ങളുണ്ടെന്നാണ് അന്വേഷണച്ചുമതലയുള്ള ഐജി എസ് ശ്രീജിത്ത് പരസ്യമായി വെളിപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാതാവ് ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കിയിട്ടുണ്ട്.
ഐജി എസ് ശ്രീജിത്തിനെതിരേ ഇന്ന് നടപടിയുണ്ടാവുമെന്ന സൂചനകള്‍ക്കിടെ ശ്രീജിത്തും എഎസ് പി രേഷ്മാ രമേശ് ഉള്‍പ്പെടെയുള്ള പോലിസ് സംഘം കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീട്ടിലെത്തി വീട്ടുകാരുമായും ആക്്ഷന്‍ കമ്മിറ്റി ഭാരവാഹികളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.