പാലത്തായി പീഡനക്കേസ്: ഐ ജി എസ് ശ്രീജിത്തിനെ മാറ്റി; പുതിയ അന്വേഷണ സംഘം രൂപീകരിച്ചു
അന്വേഷണച്ചുമതലയുള്ള ഐ.ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കേസിനെ അട്ടിമറിച്ചുവെന്നും പ്രതിക്ക് സഹായകമായ അന്വേഷണമാണ് നടത്തിയതെന്നുമാണ് കുട്ടിയുടെ മാതാവ് കോടതിയില്‍ നല്‍കിയ റിട്ട് ഹരജിയില്‍ പറഞ്ഞത്
പിസി അബ്ദുല്ല
കണ്ണൂര്‍: ബിജെപി നേതാവ് കുനിയില്‍ പദ്മരാജന്‍ പ്രതിയായ പാലത്തായി ബാലികാ പീഡനക്കേസ് അന്വേഷണച്ചുമതലയില്‍ നിന്ന് ക്രൈംബ്രാഞ്ച് ഐ ജി എസ് ശ്രീജിത്തിനെ നീക്കം ചെയ്തു.കോസ്റ്റല്‍ എഡിജിപി ഇ ജെ ജയരാജന്റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം രൂപീകരിച്ചു.
കഴിഞ്ഞ മാസം 20ന് ഹൈക്കോടതി ഉത്തരവിട്ടതു പ്രകാരമാണ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ മാറ്റിയത്. കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന ശ്രീജിത്തിനെ മാറ്റണമെന്ന ആവശ്യം വിവിധ തലങ്ങളില്‍ ശക്തമായി ഉയര്‍ന്നിട്ടും സര്‍ക്കാര്‍ ചെവിക്കൊണ്ടിരുന്നില്ല. ഒടുവില്‍ ഇരയുടെ മാതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പാലത്തായി ബാലികാ പീഡനക്കേസില്‍ നിലവിലുള്ള അന്വേഷണ സംഘത്തെ മുഴുവന്‍ മാറ്റാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. സംഘത്തിലുള്ള മുഴുവന്‍ ആളുകളെയും മാറ്റി രണ്ടാഴ്ചക്കകം പുതിയ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
അന്വേഷണച്ചുമതലയുള്ള ഐ.ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കേസിനെ അട്ടിമറിച്ചുവെന്നും പ്രതിക്ക് സഹായകമായ അന്വേഷണമാണ് നടത്തിയതെന്നുമാണ് കുട്ടിയുടെ മാതാവ് കോടതിയില്‍ നല്‍കിയ റിട്ട് ഹരജിയില്‍ പറഞ്ഞത്. കുട്ടിയുടേതായി നല്‍കിയ പല മൊഴികളും യഥാത്ഥത്തില്‍ കുട്ടി നല്‍കിയിട്ടില്ല. കട്ടിയുടെ മൊഴികള്‍ പോക്സോ നിയമത്തിന്റെ സെക്ഷന്‍ 24 പ്രതിപാദിക്കുന്ന തരത്തില്‍ ഓഡിയോ റിക്കോര്‍ഡ് നടത്താതിരിക്കുകയും കോടതിയില്‍ സമര്‍പ്പിച്ച മൊഴിയില്‍ മാറ്റം വരുത്തുകയും ചെയ്തു.
24.04.2020ല്‍ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് കട്ടിയുടെ മൊഴി എടുക്കുന്നത് 80 ദിവസത്തിന് ശേഷം കുറ്റപത്രം നല്‍കുന്നതിന്റെ തലേന്ന് മാത്രമാണ്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ ക്രൈം ബ്രാഞ്ച് തയ്യാറായില്ല. കുട്ടിയുടെയും പ്രധാന സാക്ഷിയുടെയും സെക്ഷന്‍ 164 പ്രകാരമുള്ള മൊഴിയും കോടതിയില്‍ സമര്‍പ്പിച്ചില്ല. കുട്ടിയുടെ മെഡിക്കല്‍ പരിശോധനാ റിപോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചില്ല. മെഡിക്കല്‍ പരിശോധന നടത്തിയ ഡോക്ടറെ സാക്ഷി പട്ടികയില്‍ ചേര്‍ത്തില്ല. കുട്ടിക്കെതിരെ ഐ.ജിയുടേതായ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. പ്രതിയോട് കുട്ടികള്‍ക്കും പിടിഎയ്ക്കും വിരോധമുണ്ടായിരുന്നു എന്ന് വരുത്തി തീര്‍ക്കാന്‍ ഈ കേസില്‍ യാതൊരു ആവശ്യവുമില്ലാത്ത മൊഴികള്‍ കോടതിയില്‍ സമര്‍പ്പിച്ച് പോക്സോ ഒഴിവാക്കി കുറ്റപത്രം നല്‍കി പ്രതിക്ക് ജാമ്യം ലഭിക്കാന്‍ അവസരമൊരുക്കി. കുട്ടിയുടെ മൊഴി തെറ്റായി എഴുതിച്ചേര്‍ത്ത് കുട്ടി കള്ളം പറയുന്നതായി കോടതിയില്‍ സ്റ്റേറ്റ്മെന്റ് നല്‍കി.
കുട്ടിക്ക് മാനസിക പിന്തുണ നല്‍കാന്‍ എന്ന പേരില്‍ പോലീസ് ചുമതലപ്പെടുത്തിയ കൗണ്‍സിലര്‍മാര്‍ കട്ടിയോട് അശ്ലീലം സംസാരിക്കുകയും പ്രതിക്കെതിരെ മൊഴി പറയുന്നതില്‍ നിന്ന് കുട്ടിയെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. അന്വേഷണ സംഘത്തിനെതിരെയും കൗണ്‍സിലര്‍മാര്‍ക്കെതിരെയും മുഖ്യമന്ത്രിക്കും സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. പുതിയ സംഘത്തെ നിയോഗിക്കാന്‍ കോടതി ഉത്തരവിടുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തില്ല തുടങ്ങിയ കാര്യങ്ങളാണ് ഇരയുടെ മാതാവ് ഹൈക്കോടതിയെ അറിയിച്ചത്.