പാലത്തായി ബാലികാ പീഡനക്കേസ്: അന്വേഷണ സംഘം വിപുലീകരിച്ചു

രണ്ടു വനിതാ എസ് പിമാരെ ഉള്‍പ്പെടുത്തി

Update: 2020-07-25 11:01 GMT

കണ്ണൂര്‍: ബിജെപി നേതാവ് പത്മരാജന്‍ പ്രതിയായ പാലത്തായി ബാലികാ പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിപുലീകരിച്ചു. രണ്ടു വനിതാ ഐപിഎസ് ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തിയാണ് വിപുലീകരിച്ചത്. കാസര്‍കോട് എസ് പി ഡി ശില്‍പ, കണ്ണൂര്‍ നാര്‍ക്കോട്ടിക് എസ് പി രീഷ്മ എന്നിവരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. എന്നാല്‍, അന്വേഷണ ചുമതലയില്‍ നിന്ന് ഐജി എസ് ശ്രീജിത്തിനെ മാറ്റിയിട്ടില്ല.

    പാലത്തായിയിലെ നാലാംക്ലാസ് വിദ്യാര്‍ഥിനിയെ അതേ സ്‌കൂളിലെ അധ്യാപകനും ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ കുനിയില്‍ പത്മരാജന്‍ നിരവധി തവണ പീഡിപ്പിച്ചെന്നാണു കേസ്. തുടക്കം മുതല്‍ അട്ടിമറി നീക്കങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് പ്രതിഷേധമുയര്‍ന്നപ്പോഴാണ് ഒരു മാസം പിന്നിട്ടപ്പോള്‍ അറസ്റ്റ് നടന്നത്. ഉടന്‍ തന്നെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. എന്നാല്‍, കുട്ടിയില്‍ നിന്ന് മൊഴിയെടുക്കാന്‍ പോലും തയ്യാറാവാതെയും പ്രതിക്ക് സഹായകരമാവുന്ന വിധത്തില്‍ പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കി ഭാഗിക കുറ്റപത്രം നല്‍കുകയും ചെയ്തതോടെ പത്മരാജന് തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് (രണ്ട്) കോടതി ജാമ്യം നല്‍കുകയായിരുന്നു. ഇതുസംബന്ധിച്ച് വന്‍ പ്രതിഷേധമാണുയര്‍ന്നത്. ഇതിനു പിന്നാലെ, ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് പ്രതിയെ സഹായിക്കുന്ന വിധത്തില്‍ കേസിലെ രഹസ്യമൊഴി ഉള്‍പ്പെടെ ഫോണില്‍ വിളിച്ചയാളോട് വെളിപ്പെടുത്തിയത് വന്‍ വിവാദത്തിനിടയാക്കി.

    സിപിഎമ്മും ആര്‍എസ്എസും ഒത്തുകളിച്ചാണ് പ്രതിക്ക് ജാമ്യം കിട്ടിയതെന്ന് ആരോപണം ശക്തിപ്പെട്ടതോടെ, പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസില്‍ തുടരന്വേഷണത്തിന് തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് (രണ്ട്) കോടതി ഉത്തരവിട്ടിരുന്നു. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച പ്രാഥമിക കുറ്റപത്രം സ്വീകരിച്ചാണ് തുടരന്വേഷണത്തിന് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹരജി കോടതി അംഗീകരിച്ചത്. അന്വേഷണ സംഘത്തില്‍ വനിത ഐപിഎസ് ഓഫിസറെ ഉള്‍പ്പെടുത്തി കുട്ടിയുടെ മൊഴിയെടുക്കുന്നതാണ് ഉചിതമെന്നും   പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി പി ശശീന്ദ്രന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍, കേസന്വേഷണ ചുമതലയില്‍ നിന്നു ഐജി എസ് ശ്രീജിത്തിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രമുഖര്‍ ഉള്‍പ്പെടെ രംഗത്തെത്തിയിട്ടും ഇക്കാര്യത്തില്‍ ഒളിച്ചുകളി തുടരുകയാണ്.   

Palathayi molestation case: Investigation team expanded

Tags:    

Similar News