പാലത്തായി ബാലികാ പീഡനം; കേസന്വേഷണം ക്രൈം ബ്രാഞ്ചിന്
ഐജി എസ് ശ്രീജിത്തിനു അന്വേഷണ ചുമതല
ഇരയായ പെണ്‍കുട്ടിയെ കോഴിക്കോട്ട് മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പരിശോധന നടത്തിയതും സ്ഥലംമാറ്റപ്പെട്ട പാനൂര്‍ മുന്‍ സി ഐ ശ്രീജിത്ത് ഈ സമയം അവിടെയെത്തിയതും ഏറെ ദുരൂഹമായിരുന്നു. പ്രതിഷേധങ്ങള്‍ കനത്തതോടെ ഡിവൈഎസ് പി വേണുഗോപാലിന്റെ നേതൃത്വത്തില്‍ പാനൂര്‍ ഇന്‍സ്‌പെക്ടര്‍ ഫായിസ് അലിയുടെ കീഴില്‍ 11 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്‌തെങ്കിലും തുടര്‍നടപടികള്‍ അസാധാരണമാം വിധം നീളുകയായിരുന്നു. പോക്‌സോ കേസിലെ ചട്ടങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് അന്വേഷണം മുന്നോട്ടുപോവുന്നതെന്ന് തുടക്കംമുതല്‍ പുറത്തുവന്നിരുന്നു.നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍ വച്ചാണ് അധ്യാപകനും ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ കുനിയില്‍ പത്മരാജന്‍ പീഡിപ്പിച്ചതെന്നാണ് കേസ്.
കുട്ടി പീഡനത്തിന് ഇരയായതായി മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞിരുന്നെങ്കിലും അറസ്റ്റ് നീളുകയായിരുന്നു. അതിനിടെ, പീഡനത്തിന് ഇരയായ കുട്ടിയുടെ സഹപാഠി അധ്യാപകനെതിരേ നല്‍കിയ മൊഴി പുറത്തുവന്നതോടെയാണ് പാലത്തായി പീഡനക്കേസ് വീണ്ടും ശ്രദ്ധനേടിയത്. പീഡനക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് പത്മരാജനെ ബിജെപി പാര്‍ട്ടി ചുമതലകളില്‍നിന്ന് മാറ്റിയെങ്കിലും പിന്തുണയുമായി രംഗത്തുണ്ട്. മാത്രമല്ല, പെണ്‍കുട്ടിയെയും കുടുംബത്തെയും ആക്ഷേപിക്കുന്ന വിധത്തില്‍ സംഘപരിവാരം സാമൂഹിക മാധ്യമങ്ങളിലടക്കം അപവാദപ്രചാരണങ്ങളും നടത്തിയിരുന്നു.