പാലത്തായി പീഡനം: പോലിസ് പോക്‌സോ വ്യവസ്ഥകള്‍ അട്ടിമറിച്ചു; വെളിപ്പെടുത്തലുമായി പ്രതിയുടെ അഭിഭാഷകനും ഒളിവില്‍ താമസിപ്പിച്ച ബന്ധുവും
പി സി അബ്ദുല്ല
കണ്ണൂര്‍: പാനൂരിനടുത്ത് പാലത്തായിയില്‍ 10 വയസ്സുകാരി സ്‌കൂളില്‍ വച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ പ്രതി പത്മരാജനെ രക്ഷിക്കാന്‍ തലശ്ശേരി ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള പോലിസ് ഉദ്യോഗസ്ഥര്‍ നടത്തിയത് നിയമ വ്യവസ്ഥയുടെ നഗ്‌നവും കുറ്റകരവുമായ ലംഘനം. പോക്‌സോ നിയമത്തിലെ എല്ലാ നിബന്ധനകളും കാറ്റില്‍പ്പറത്തി കേട്ടുകേള്‍വിയില്ലാത്ത വിധം കേസ് അട്ടിമറിക്കാന്‍ തലശ്ശേരി ഡിവൈഎസ് പിയും പാനൂര്‍ മുന്‍ സിഐയും നടത്തിയ നീക്കങ്ങള്‍ പ്രതിയുടെ അഭിഭാഷകനിലൂടെ തന്നെ പുറത്തുവന്നു. കേസില്‍ ഇരയായ 10 വയസ്സുകാരിക്കു ലഭിക്കേണ്ട നിയമപരിരക്ഷ പ്രഥമഘട്ടത്തില്‍ തന്നെ പ്രതിക്ക് ഉദാരമായി ലഭിച്ചതിന്റെയും, കര്‍ശന വ്യവസ്ഥകള്‍ മറികടന്ന് ഇരയെ പോലിസ് നിരന്തരം വേട്ടയാടിയതിന്റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍ അക്കമിട്ടുനിരത്തിയുമാണ് പ്രതിയുടെ അഭിഭാഷകന്റെയും പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ബന്ധുവും ബിജെപി നേതാവായ അധ്യാപകന്റെയും വെളിപ്പെടുത്തല്‍.
പോക്‌സോ നിയമ പ്രകാരം ഇരയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ പ്രതിയെ ജയിലിടച്ച് വിചാരണയ്ക്കു വിധേയമാക്കണമെന്ന കര്‍ശന വ്യവസ്ഥ നിലവിലിരിക്കെയാണ് പെണ്‍കുട്ടിയുടെ മൊഴി മാറ്റാന്‍ പോലിസ് നിരന്തരം ശ്രമിക്കുകയും ഒരു മാസക്കാലം പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കുകയും ചെയ്തത്. മാത്രമല്ല, പോക്‌സോ പീഡനക്കേസുകളില്‍ വിചാരണഘട്ടത്തില്‍ കോടതിയുടെ അനുമതി പ്രകാരം കൈമാറേണ്ട അന്വേഷണ വിവരങ്ങള്‍ പാലത്തായി കേസില്‍ അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ പോലിസ് അഭിഭാഷകന് നല്‍കി പ്രതിയെ സഹായിച്ചതിന്റെ വിരങ്ങളും പുറത്തായിട്ടുണ്ട്. ഇരയുടെ കൃത്യമായ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയിട്ടും മൊഴിമാറ്റാന്‍ പ്രേരിപ്പിക്കുന്ന തരത്തലും ഇരയ്ക്കു നിയമപരിരക്ഷ ലഭിക്കാത്ത തരത്തിലും പോലിസ് എട്ടു തവണയോളം 10 വയസ്സുകാരിയെ വിളിച്ചുവരുത്തി മൊഴിയെടുത്തതും പോക്‌സോ നിയമ വ്യവസ്ഥകളുടെ കുറ്റകരമായ ലംഘനമാണ്.
പാലത്തായി കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള 'ചാണക്യ നൂസി'ന്റെ റിപോര്‍ട്ടര്‍ ശേഖരിച്ച് മറ്റൊരു യൂ ട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വാര്‍ത്തയിലാണ് കേസ് അട്ടിമറിക്കാനും പോക്‌സോ ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയും പോലിസ് നടത്തിയ നീക്കങ്ങള്‍ വ്യക്തമാവുന്നത്. പ്രതിയുടെ അഭിഭാഷകന്‍ പ്രേമനും ഒളിവില്‍ കഴിയാന്‍ സഹായിച്ച ബന്ധുവും അധ്യാപകനുമായ മനോജ് പൊയിലൂരും പ്രതിയെ വെള്ളപൂശിയും പോലിസിനെ പ്രശംസിച്ചും 'ചാണക്യ ന്യൂസ്' റിപോര്‍ട്ടറുമായി സംസാരിച്ച കാര്യങ്ങളെല്ലാം വാസ്തവത്തില്‍ പോലിസിനെ പ്രതിക്കൂട്ടിലാക്കുന്നതും അട്ടിമറി നീക്കങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരുന്നതുമാണ്. കേസിന്റെ പ്രാരംഭം മുതല്‍ രഹസ്യസ്വഭാവം സൂക്ഷിക്കുക, ഇര മൊഴിയില്‍ ഉറച്ചുനില്‍കുന്ന പക്ഷം കടക വിരുദ്ധമായ തുടര്‍ മൊഴികള്‍ക്ക് ഇരയെ പ്രേരിപ്പിക്കാതിരിക്കുക, കേസില്‍ കൈക്കൊണ്ട നടപടിക്രമങ്ങളെക്കുറിച്ചും പരിചരണത്തെക്കുറിച്ചും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയും കോടതിയെയും ബോധ്യപ്പെടുത്തുന്നതിനു മുമ്പ് പോലിസ് നിഗമനത്തിലെത്താതിരിക്കുക, പ്രതിക്ക് സഹായകരമാവും വിധം അനേഷണ വിവരങ്ങള്‍ കൈമാറാതിരിക്കുക, പോലിസ് യൂനിഫോമില്‍ ഇരയെ ചോദ്യം ചെയ്യാതിരിക്കുക, കോടതിക്ക് കേസ് ബോധ്യപ്പെടാനുള്ള സാഹചര്യമൊരുക്കുക, പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ പോക്‌സോ കേസുകളുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥയിലെ സുപ്രധാന മാര്‍ഗനിര്‍ദേശങ്ങളെല്ലാം പാലത്തായി കേസില്‍ പോലിസ് തന്നെ ലംഘിച്ചതായി പ്രതിയുടെ അഭിഭാഷകനും ബന്ധുവും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഇരയുടെ മൊഴിയില്‍ പറഞ്ഞതിനു വിരുദ്ധമായി പീഡനം നടന്ന ദിവസം പ്രതി കോഴിക്കോടായിരുന്നുവെന്ന് തലശ്ശേരി ഡിവൈഎസ്പിയും അന്നത്തെ പാനൂര്‍ സിഐയും അറിയിച്ചതായി പ്രതിയുടെ അഭിഭാഷകന്‍ പറയുന്നു. പോക്‌സോ കേസുകളുടെ നിയമ വ്യവസ്ഥയ്ക്കു വിരുദ്ധമായി പ്രാരംഭഘട്ടത്തില്‍ തന്നെ പോലിസ് പ്രതിക്കു പരിരക്ഷ നല്‍കി എന്ന് ഇത് തെളിയിക്കുന്നു. 10 വയസ്സുകാരിയുടെ പെരുമാറ്റത്തില്‍ നിന്ന് വ്യത്യസ്തമായി 25കാരി പറയുന്നതു പോലെയാണ് പെണ്‍ കുട്ടിയുടെ മൊഴിയെന്നും പെണ്‍കുട്ടിയുടെ സ്വഭാവ ദൂഷ്യം പോലിസ് ചൂണ്ടിക്കാട്ടിയെന്നുമുള്ള പ്രതിയുടെ അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ പോക്‌സോ കേസുകളിലെ മാര്‍ഗ നിര്‍ദേശമനുസരിച്ചുള്ള പോലിസിന്റെ പരി രക്ഷ ഇരയ്ക്ക് നിഷേധിക്കപ്പട്ടതും വ്യക്തമാക്കുന്നു. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനാ റിപോര്‍ട്ടിന്റെ വിശദാംശങ്ങളും അത് കേസിന് ഉപോദ്ബലകമാവാത്തതാണെന്ന് പോലിസ് അറിയിച്ചതിന്റെ വിശദാംശങ്ങളും പ്രതിയുടെ അഭിഭാഷകന്‍ 'ചാണക്യ'യില്‍ തുറന്നുപറയുന്നുണ്ട്. കേസിന്റെ വിചാരണവേളയില്‍ കോടതി മുഖാന്തിരം മാത്രം പ്രതിഭാഗത്തിനു ലഭിക്കേണ്ട ഈ വിവരങ്ങള്‍ പ്രാഥമികഘട്ടത്തില്‍ തന്നെ പ്രതിക്ക് ചോര്‍ത്തി നല്‍കിയ പോലിസ് നടപടി അത്യന്തം ഗൗരവതരമാണ്. പല തവണ ചോദ്യം ചെയ്തിട്ടും പക്വതയുള്ള സ്ത്രീ പറയും പ്രകാരം ഇര ആദ്യ മൊഴിയില്‍ തന്നെ ഉറച്ചുനില്‍ക്കുന്നത് ബാഹ്യ ഇടപെടലിന് തെളിവാണെന്ന് ഡിവൈഎസ്പി അറിയിച്ചെന്നാണ് പ്രതിഭാഗം അഭിഭാഷകന്റെ അവകാശ വാദങ്ങളിലൊന്ന്. പോക്‌സോ കേസില്‍ മുന്‍കൂര്‍ ജാമ്യം പോലും നല്‍കരുതെന്ന ഉയര്‍ന്ന നീതി പീഠങ്ങളുടെ മുന്നറിയിപ്പും മാര്‍ഗരേഖയും നിലനില്‍ക്കെയാണ് ഇരയുടെ മൊഴി വിശ്വസനീയമല്ലെന്ന് ഉന്നത പോലിസുദ്യോഗസ്ഥന്‍ പ്രതിഭാഗത്തെ നേരിട്ടറിയിക്കുന്നതെന്നത് വ്യവസ്ഥയോടുള്ള കടുത്ത വെല്ലുവിളി തന്നെ.
ഇരയുടെ ഉറച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുമെന്ന നിലപാടിലായിരുന്നു പാനൂര്‍ സിഐ അടക്കമുള്ളവരെന്നും എന്നാല്‍, ബിജെപി സംഘടിതമായി ഇടപെട്ടതോടെ അന്നത്തെ സിഐ ശ്രീജിത്ത് നിലപാട് മാറ്റിയെന്നും പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച അധ്യാപകനും ബിജെപി നേതാവുമാമായ മനോജ് പൊയിലൂര്‍ 'ചാണക്യ'യിലൂടെ തുറന്നുപറയുന്നുണ്ട്. ''ആദ്യം നേരിട്ട് സമീപിച്ചപ്പോള്‍ പ്രതിയെ അറസ്റ്റ് ചെയ്യുമെന്ന നിലപാടില്‍ സിഐ ഉറച്ചുനിന്നു. പിന്നീട് ബിജെപി സംഘടിച്ചപ്പോള്‍ പോലിസ് നിലപാട് മാറ്റി. പെണ്‍കുട്ടിയുടെ മൊഴി വാസ്തവ വിരുദ്ധമാണെന്ന് സിഐ പിന്നീട് ബിജെപിക്കാരെ അറിയിച്ചു. സാധാരണ പോക്‌സോ കേസ് പോലെ ഈ കേസ് കൈകാര്യം ചെയ്യില്ലെന്ന് സിഐ ശ്രീജിത്തും തലശ്ശേരി ഡിവൈഎസ്പി വേണുഗോപാലും ഉറപ്പുനല്‍കിയെന്നും പ്രതി എവിടെയുണ്ടെന്നറിയാമായിരുന്നിട്ടും അറസ്റ്റ് ചെയ്യാതിരുനത് അതുകൊണ്ടാണെന്നും മനോജ് പറയുന്നു''.
പ്രതി പത്മനാഭനെ ഉടനെ അറസ്റ്റ് ചെയ്യില്ലെന്ന് പോലിസുദ്യോഗസ്ഥര്‍ പാര്‍ട്ടിക്ക് ഉറപ്പുനല്‍കി. പോക്‌സോ കേസില്‍ പ്രാഥമികഘട്ടത്തില്‍ തന്നെ പ്രതിക്കെതിരേ തെളിവില്ലെന്ന് സിഐയും ഡിവൈഎസ്പിയും പ്രഖ്യാപിച്ചതും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളുണ്ടാവില്ലെന്ന് ബിജെപിക്ക് ഉറപ്പു നല്‍കിയതും കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ്. ഒമ്പതു പ്രാവശ്യം പോലിസ് ഇരയെ ചോദ്യം ചെയ്തത് കേസ് വ്യാജമാണെന്നതിന്റെ തെളിവായി പ്രതിഭാഗം ഉന്നയിക്കുന്നുണ്ട്. ഒമ്പതു തവണ ചോദ്യം ചെയ്തിട്ടും ആദ്യ മൊഴിയില്‍ പെണ്‍കുട്ടി ഉറച്ചുനില്‍ക്കുന്നതായും പ്രതിഭാഗം വിശദീകരിക്കുന്നു. അതേസമയം, പോക്‌സോ കേസില്‍ ഇര മൊഴിമാറ്റിയാലും ആദ്യ മൊഴിയനുസരിച്ച് നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതിയുത്തരവും ചട്ടങ്ങളും നിലനില്‍ക്കെ പാലത്തായി കേസില്‍ അത്രയും തവണ ഇരയെ പോലിസ് ചോദ്യം ചെയ്ത് പീഡിപ്പിച്ചത് എന്തിനെന്ന ചോദ്യവും ബാക്കിയാവുന്നു. പാലത്തായി കേസ് കൈയൊഴിയുമെന്ന് പോലിസ് ഉറപ്പുനല്‍കിയതാണെന്നും എന്നാല്‍ എസ്ഡിപിഐയുടെ ഇടപെടല്‍ കാരണം പ്രതിയെ അറസ്റ്റു ചെയ്യാന്‍ പോലിസ് നിര്‍ബന്ധിതമാണെന്നുമാണ് പ്രതിയുടെ അഭിഭാഷകനും ബിജെപി നേതാക്കളും പരസ്യമായി ചൂണ്ടിക്കാട്ടുന്നത്.