പാലത്തായി പോക്‌സോ കേസ് നാളെ ഹൈക്കോടതിയില്‍; ക്രൈംബ്രാഞ്ച് നിലപാട് നിര്‍ണായകം
പ്രതി റിമാന്റിലായിട്ട് രണ്ടര മാസം പിന്നിടുമ്പോഴും കേസില്‍ കാര്യക്ഷമമായ അന്വേഷണം നടന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ക്രൈംബ്രാഞ്ചിന്റെയും പ്രോസിക്യൂഷന്റേയും വീഴ്ചകള്‍ പ്രതിക്ക് ജാമ്യം ലഭിക്കാന്‍ ഇടയാക്കുമോ എന്നാണ് ബന്ധുക്കളുടേയും നാട്ടുകാരുടേയും ആശങ്ക.
പി സി അബ്ദുല്ല
കോഴിക്കോട്: പാലത്തായിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പത്തു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയുടെ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെ പ്രോസിക്യൂഷന്റേയും ക്രൈംബ്രാഞ്ചിന്റേയും നിലപാട് നിര്‍ണായകം. പ്രതി റിമാന്റിലായിട്ട് രണ്ടര മാസം പിന്നിടുമ്പോഴും കേസില്‍ കാര്യക്ഷമമായ അന്വേഷണം നടന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ക്രൈംബ്രാഞ്ചിന്റെയും പ്രോസിക്യൂഷന്റേയും വീഴ്ചകള്‍ പ്രതിക്ക് ജാമ്യം ലഭിക്കാന്‍ ഇടയാക്കുമോ എന്നാണ് ബന്ധുക്കളുടേയും നാട്ടുകാരുടേയും ആശങ്ക.
പ്രതിയായ ബിജെപി മുന്‍ പഞ്ചായത്ത് പ്രസിഡന്റും പീഡനത്തിനിരയായ പത്തു വയസ്സുകാരി പഠിച്ച സ്‌കൂളിലെ അധ്യാപകനുമായ പാനൂര്‍ കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ട്കുനിയില്‍ കെ പത്മരാജന്‍ (പപ്പന്‍-45) മാര്‍ച്ച് 15 മുതല്‍ റിമാന്റിലാണ്. തലശ്ശേരി കോടതി ജാമ്യാപേക്ഷ തള്ളിയതിനെതുടര്‍ന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.
പ്രതിക്ക് ജാമ്യം ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ക്രൈബ്രാഞ്ച് അന്വേഷണം വൈകിപ്പിക്കുന്നു എന്ന ആക്ഷേപം നില നില്‍ക്കേയാണ് ഹൈക്കോാടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത്. സാധാരണ ഗതിയില്‍ ജാമ്യാപേക്ഷയില്‍ കേസിന്റെ മെറിറ്റിലേക്ക് കോടതി കടക്കാറില്ല. എന്നാല്‍, അന്വേഷണ സംഘത്തിന് നിര്‍ണായക മുന്നേറ്റം നടത്താനായില്ലെങ്കില്‍ ജാമ്യാപേക്ഷയിലെ പ്രോസിക്യൂഷന്‍ നിലപാട് ദുര്‍ബലമാവുമെന്നതും പ്രതിക്ക് ജാമ്യം ലഭിക്കാന്‍ ഇടയാവുമെന്നതുമാണ് പാലത്തായി കേസിലെ ആശങ്ക.
ഏപ്രില്‍ 22ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടും പാലത്തായി കേസന്വേഷണത്തില്‍ യാതൊരു ചലനവുമുണ്ടായില്ലെന്നാണ് ചില കേന്ദ്രങ്ങള്‍ ആരോപിക്കുന്നത്. ഇരയായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയില്ല, പെണ്‍കുട്ടിയെ മറ്റൊരാള്‍ പീഡിപ്പിച്ചു എന്ന മാതാവിന്റെ പരാതിയില്‍ പറയുന്ന ആളെ പ്രതി ചേര്‍ത്തില്ല, പെണ്‍കുട്ടിയുടെയും ബന്ധുക്കളുടേയും മൊഴിയനുസരിച്ചുള്ള തെളിവുകള്‍ സമാഹരിച്ചില്ല, മുഖ്യപ്രതിയെ സഹായിച്ചവരെ കേസിലുള്‍പ്പെടുത്തിയില്ല, പെണ്‍കുട്ടിയുടെ മെഡിക്കല്‍ പരിശോധനാ ഫലം പ്രതിഭാഗത്തിന് ചോര്‍ത്തി നല്‍കിയതിനെക്കുറിച്ച് അന്വേഷിച്ചില്ല, മാനസിക നില പരിശോധനയുടെ പേരില്‍ പെണ്‍കുട്ടിയെ കോഴിക്കോട്ടെ സ്ഥാപനത്തിലെത്തിച്ച് പാനൂര്‍ പോലിസ് മാനസികമായി പീഡിപ്പിച്ചതിനെക്കുറിച്ച് അന്വേഷിച്ചില്ല തുടങ്ങിയ ആക്ഷേപങ്ങളാണ് ക്രൈംബ്രാഞ്ചിനെതിരേയുള്ളത്.
നാളെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഇരയുടെ വൈദ്യ പരിശോധന റിപോര്‍ട്ടാണ് ഹൈക്കോടതി പ്രധാനമായും പരിഗണിക്കുക. പാലത്തായി കേസിലെ വൈദ്യ പരിശോധനാ ഫലത്തിന്റെ വിശദാംശങ്ങള്‍ കേസിന്റെ ആരംഭ ഘട്ടത്തില്‍ തന്നെ ഒരു പ്രാദേശിക ചാനലിലൂടെ വെളിപ്പെടുത്തിയ പ്രതിഭാഗം അഭിഭാഷകന്‍ റിപോര്‍ട്ട് കേസിന് ഉപോത്ബലകമല്ല എന്ന് അവകാശപ്പെട്ടിരുന്നു. ലോക്കല്‍ പോലിസ് പ്രതിഭാഗത്തിന് നേരത്തെ ചോര്‍ത്തി നല്‍കിയ റിപ്പോര്‍ട്ടാണ് നാളെ ഹൈക്കോടതി പരിഗണിക്കുന്നതെങ്കില്‍ പ്രോസിക്യൂഷന്‍ ദുര്‍ബലമാവുമെന്നതില്‍ സംശയമില്ല. അങ്ങനെ സംഭവിച്ചാല്‍ പ്രതിക്ക് ജാമ്യം ലഭിക്കാനും സാധ്യതയുണ്ട്.
ജനുവരി 15നും ഫെബ്രുവരി രണ്ടിനും ഉള്‍പ്പെടെ മൂന്നുതവണ കുട്ടിയെ പത്മരാജന്‍ പീഡിപ്പിച്ചു എന്നാണു കേസ്. പൊയിലൂരിലെ ഒരു വീട്ടിലെത്തിച്ച് പത്മരാജന്‍ പത്തു വയസ്സുകാരിയെ മറ്റൊരാള്‍ക്ക് കാഴ്ചവച്ചു എന്ന പരാതിയും അന്വേഷണത്തിലാണ്. യുവമോര്‍ച്ച നേതാവാണ് പൊയിലൂരില്‍ വച്ച് കുട്ടിയെ പീഡിപ്പിച്ച രണ്ടാമനെന്നാണ് ഇതിനകം പുറത്തു വന്ന സൂചനകള്‍.
കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പിയുടെ കീഴിലാണ് പാലത്തായി കേസ് അന്വേഷിക്കുന്നത്. പൊയിലൂരിലെ ഒരു വീട്ടില്‍ വച്ച് പീഡനം നടന്നു എന്ന പരാതിയില്‍ ഡിവൈഎസ്പി അബ്ദുര്‍റഹീമിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എന്നാല്‍, ഈ പരാതിയില്‍ ഇതുവരെ ഇരയുടെ മൊഴിയെടുക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഡിവൈഎസ്പി അബ്ദുര്‍റഹീം തേജസ് ന്യൂസിനോട് പറഞ്ഞു. രണ്ടരമാസമായിട്ടും പൊയിലൂര്‍ പീഡനം സംബന്ധിച്ച ഇരയുടെ മൊഴിയെടുത്തിട്ടില്ലെന്നത് ക്രൈംബ്രാഞ്ചിന്റെ മെല്ലെപ്പോക്കും കേസിന്റെ അട്ടിമറി സംശയങ്ങളും വ്യക്തമാക്കുന്നു.
അതേസമയം, ജൂലൈ 15നകം പാലത്തായി കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കുമെന്ന് ഉന്നത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതി ഇതേവരെ കുറ്റം സമ്മതിച്ചില്ല. എന്നാല്‍, ശാസ്ത്രീയ തെളിവുകളെല്ലാം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം ശരിയായ ദിശയിലാണെന്നും അദ്ദേഹം തേജസ് ന്യൂസിനോട് പറഞ്ഞു.