സാമ്പത്തികമാന്ദ്യം പാര്‍ലെയിലും; പിരിച്ചുവിടുക 10000 ജീവനക്കാരെ

രാജ്യത്ത് വാഹനവിപണിക്കും വസ്ത്രവിപണിക്കും ശേഷം ഭക്ഷ്യമേഖലയിലേക്കും സാമ്പത്തികമാന്ദ്യം കടന്നതായാണ് റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇതിന്റെ ആദ്യഘട്ടമെന്നോണമാണ് രാജ്യത്തെ പ്രധാന ഭക്ഷ്യ കമ്പനിയായ പാര്‍ലെയുടെ നടപടി.

Update: 2019-08-21 12:05 GMT
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ അപക്വമായ സാമ്പത്തിക നയങ്ങള്‍ കാരണം പ്രതിസന്ധിയിലായി പാര്‍ലെ കമ്പനി. പാര്‍ലെ പ്രൊഡക്ടസില്‍ നിന്നും 10000ലധികം തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങുകയാണ് കമ്പനി. ഗ്രാമ പ്രദേശങ്ങളില്‍ വില്‍പ്പന കുറഞ്ഞതും കേന്ദ്രത്തിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങളുമാണ് 10000ലധികം വരുന്ന തൊഴിലാളികളെ തെരുവിലിറക്കാനുള്ള കാരണമായി കമ്പനി പറയുന്നത്. 2017ല്‍ ബിസ്‌കറ്റിനും അനുബന്ധ വസ്തുക്കള്‍ക്കും ജിഎസ്ടി നിലവില്‍ വന്നതും കമ്പനിക്ക് ഇരട്ടിപ്രഹരമായി.

രാജ്യത്ത് വാഹനവിപണിക്കും വസ്ത്രവിപണിക്കും ശേഷം ഭക്ഷ്യമേഖലയിലേക്കും സാമ്പത്തികമാന്ദ്യം കടന്നതായാണ് റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇതിന്റെ ആദ്യഘട്ടമെന്നോണമാണ് രാജ്യത്തെ പ്രധാന ഭക്ഷ്യ കമ്പനിയായ പാര്‍ലെയുടെ നടപടി.

ഉല്‍പ്പാദനം ഗണ്യമായി കുറയ്ക്കുന്നതാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ കാരണമായതെന്ന് പാര്‍ലെ പ്രൊഡക്ഷന്‍ തലവന്‍ മയാങ്ക് ഷാ മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ സത്വര നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇനിയും ജീവനക്കാരെ പിരിച്ചുവിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

1929ല്‍ സ്ഥാപിച്ച പാര്‍ലെ പ്രൊഡക്ട്‌സിന്റെ ജനകീയ ഉല്‍പ്പന്നമായിരുന്നു പാര്‍ലെ ജി ബിസ്‌കറ്റുകള്‍. ഒരു ലക്ഷത്തിലധികം തൊഴിലാളികള്‍ നിലവില്‍ ജോലിചെയ്യുന്ന സ്ഥാപനം കൂടിയാണിത്.125ലധികം നിര്‍മാണ പ്ലാന്റുകളും കമ്പനിക്ക് നിലവിലുണ്ട്.

2017ല്‍ ജിഎസ്ടി ബിസ്‌കറ്റുകള്‍ക്ക് ചുമത്തിയതോടെയാണ് കമ്പനിക്ക് നഷ്ടം ഇരട്ടിയായത്. ഇതോടെ ഉപഭോക്താവിന് ചെറിയ വിലയില്‍ ഉല്‍പ്പന്നം നല്‍കാന്‍ ബിസ്‌കറ്റുകളുടെ എണ്ണം കുറയ്‌ക്കേണ്ടിവന്നതും വില്‍പ്പനയ്ക്ക് തിരിച്ചടിയായി.

80കളിലും 90കളിലും ഇന്ത്യന്‍ വിപണിക്ക് ബിസ്‌ക്കറ്റ് പരിചയപ്പെടുത്തിയ പാര്‍ലെ ജി 2003ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ബിസ്‌കറ്റുകള്‍ വിറ്റഴിക്കുന്ന ബ്രാന്‍ഡ് എന്ന പ്രശംസ്തിയും നേടിയിരുന്നു.

നേരത്തെ വാഹനവിപണിയിലും അനുബന്ധമേഖലയിലും സാമ്പത്തിക മാന്ദ്യം കാരണം വിദേശ,സ്വദേശി കമ്പനികള്‍ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ടിരുന്നു. ലക്ഷകണക്കിന് വാഹനങ്ങള്‍ രാജ്യത്തിന്റെ പലഭാഗത്തും കെട്ടികിടക്കുകയാണ്.

Tags:    

Similar News