ബാലവേല: പാര്‍ലെജി ബിസ്‌കറ്റ് കമ്പനിയില്‍ നിന്നും 26 കുട്ടികളെ രക്ഷപ്പെടുത്തി

രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ ജോലി ചെയ്തിരുന്ന ഇവര്‍ക്കു 5000-7000 വരെയാണു ശമ്പളം നല്‍കിയിരുന്നത്

Update: 2019-06-16 11:44 GMT

റായ്പൂര്‍: പ്രശസ്ത ബിസ്‌കറ്റ് കമ്പനി പാര്‍ലെജിയുടെ കമ്പനിയില്‍ ബാലവേലക്കു നിയോഗിച്ചിരുന്ന 26 വിദ്യാര്‍ഥികളെ അധികൃതര്‍ രക്ഷപ്പെടുത്തി. ചത്തീസ്ഗഡിലെ റായ്പുരിലെ അമസിവ്‌നിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്നു രക്ഷപ്പെടുത്തിയ കുട്ടികളെ സര്‍ക്കാര്‍ ഷെല്‍ട്ടര്‍ഹോമില്‍ പ്രവേശിപ്പിച്ചു.

മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഒഡിഷ, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 12 മുതല്‍ 16 വയസ്സ് വരെ പ്രായമുള്ള കുട്ടികളെയാണ് കമ്പനിയില്‍ ജോലിക്കു നിയോഗിച്ചിരുന്നത്. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ ജോലി ചെയ്തിരുന്ന ഇവര്‍ക്കു 5000-7000 വരെയാണു ശമ്പളം നല്‍കിയിരുന്നത്.

സംഭവത്തില്‍ ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തതായി വനിതാ- ശിശു ക്ഷേമ വിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കമ്പനിയില്‍ ബാലവേല നടക്കുന്നുവെന്ന വിവരം ലഭിച്ച ജില്ലാ ദൗത്യ സേന നടത്തിയ പരിശോധനയിലാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി എടുക്കണമെന്നു കമ്പനിയില്‍ പരിശോധന നടത്തുന്നതില്‍ പങ്കെടുത്ത ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്ന സന്നദ്ധ സംഘടന ആവശ്യപ്പെട്ടു. 

Tags:    

Similar News