നാശം വിതച്ച് ചുഴലിക്കൊടുങ്കാറ്റ്: ഫിലിപ്പൈന്‍സില്‍ മരണസംഖ്യ 375 ആയി; 500 ലധികം പേര്‍ക്ക് പരിക്ക്, 56 പേരെ കാണാനില്ല

വ്യാഴാഴ്ച റായ് രാജ്യത്തേക്ക് കടന്നതോടെ 3.8 ലക്ഷത്തിലധികം ആളുകള്‍ അവരുടെ വീടുകളും ബീച്ച് ഫ്രണ്ട് റിസോര്‍ട്ടുകളും പേക്ഷിച്ച് പലായനം ചെയ്തു.

Update: 2021-12-21 06:02 GMT

മനില: ഫിലിപ്പൈന്‍സില്‍ വീശിയടിച്ച 'റായ'് ചുഴലിക്കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 375 ആയി ഉയര്‍ന്നു. അഞ്ഞൂറിലധികം പേര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. 56 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് നാഷനല്‍ പോലിസ് അറിയിച്ചു. ചുഴലിക്കാറ്റ് കടന്നുപോയ പ്രദേശങ്ങളിലെ വൈദ്യുതി-വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ന്നതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. മണിക്കൂറില്‍ 195 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയത്. മരങ്ങള്‍ കടപുഴകി വീണും മതില്‍ തകര്‍ന്നുമാണ് കൂടുതലാളുകളും കൊല്ലപ്പെട്ടത്. നിരവധി നഗരങ്ങളില്‍ ഇനിയും രക്ഷാപ്രവര്‍ത്തകര്‍ക്കു കടന്നുചെല്ലാന്‍ കഴിഞ്ഞിട്ടില്ല.

അതിനാല്‍, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണു നിഗമനം. ചുഴലിക്കാറ്റില്‍ നിരവധി വീടുകളും ആശുപത്രികളും സ്‌കൂളുകളും തകര്‍ന്നു. തീരപ്രദേശങ്ങളില്‍ 'സമ്പൂര്‍ണ നാശം' റിപോര്‍ട്ട് ചെയ്തതായി ഫിലിപ്പൈന്‍സ് റെഡ് ക്രോസ് റിപോര്‍ട്ട് ചെയ്തു. വീടുകളുടെയും കെട്ടിടങ്ങളുടെയും മേല്‍ക്കൂരകള്‍ കൊടുങ്കാറ്റില്‍ പറന്നുപോയി. മരങ്ങള്‍ കടചപുഴകി. കോണ്‍ക്രീറ്റ് വൈദ്യുത തൂണുകള്‍ തകര്‍ന്നു. ഗ്രാമങ്ങള്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങി. 2013 ലെ ചുഴലിക്കാറ്റായ ഹയാന്‍ ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ക്ക് സമാനമായ ഇപ്പോഴുണ്ടായ നാശവും. കൊടിങ്കാറ്റില്‍നിന്ന് രക്ഷപ്പെട്ടവര്‍ കുടിവെള്ളവും ഭക്ഷണവും അടിയന്തിരമായി വിതരണം ചെയ്യണമെന്ന് അഭ്യര്‍ഥിക്കുകയാണ്.

ഞങ്ങളുടെ സ്ഥിതി വളരെ നിരാശാജനകമാണ്,' കൊടുങ്കാറ്റ് നാശം വിതച്ച കടല്‍ത്തീര നഗരമായ സുരിഗാവോയിലെ തെരുവ് കച്ചവടക്കാരനായ ഫെറി അസുന്‍സിയോന്‍ പറഞ്ഞു. താമസക്കാര്‍ക്ക് അടിയന്തരമായി കുടിവെള്ളവും ഭക്ഷണവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച റായ് രാജ്യത്തേക്ക് കടന്നതോടെ 3.8 ലക്ഷത്തിലധികം ആളുകള്‍ അവരുടെ വീടുകളും ബീച്ച് ഫ്രണ്ട് റിസോര്‍ട്ടുകളും ഉപേക്ഷിച്ച് പലായനം ചെയ്തു. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ദ്വീപുകളിലൊന്നാണ് ബോഹോള്‍.

ബോഹോളിന്റെ തീരദേശ പട്ടണമായ ഉബയിലെ വീടുകള്‍ തകരുകയും ചെറിയ മത്സ്യബന്ധന ബോട്ടുകള്‍ തകര്‍ന്നടിയുകയും ചെയ്തു. ഇത്രയധികം മരണങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ദേശീയ ദുരന്ത ഏജന്‍സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ദിനഗത്, സിയര്‍ഗാവോ, മിന്‍ഡാനാവോയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന കരാഗ മേഖലയില്‍ 167 മരണങ്ങള്‍ പോലിസ് റിപോര്‍ട്ട് ചെയ്തു. ദിനഗത് ദ്വീപുകളില്‍ കുറഞ്ഞത് 14 പേരെങ്കിലും മരിച്ചു- പ്രവിശ്യാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജെഫ്രി ക്രിസോസ്‌റ്റോമോ ബ്രോഡ്കാസ്റ്റര്‍ എബിഎസ്‌സിബിഎന്നിനോട് പറഞ്ഞു. സീസണിന്റെ അവസാനത്തിലാണ് റായ് ഫിലിപ്പൈന്‍സിനെ ബാധിച്ചത്. മിക്ക ചുഴലിക്കാറ്റുകളും ജൂലൈയ്ക്കും ഒക്‌ടോബറിനും ഇടയിലാണുണ്ടാവാറുള്ളത്.

Tags:    

Similar News