'ഫോട്ടോകള്‍ തെളിവായി സ്വീകരിക്കാനാവില്ല': ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

Update: 2020-09-30 07:38 GMT

ലഖ്‌നോ: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ലഖ്‌നോവിലെ പ്രത്യേക കോടതി മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. ഫോട്ടോകള്‍ തെളിവായി സ്വീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഴുവന്‍ പ്രതികളെയും ലക്‌നോ സിബിഐ കോടതി വെറുതെവിട്ടത്. 

പ്രതികള്‍ക്കെതിരേ തെളിവുകളില്ലെന്നും പള്ളി പൊളിച്ചത് മുന്‍കൂട്ടി ആസൂത്രണം ചെയ്തല്ലെന്നും പ്രധാന പ്രതികള്‍ മസ്ജിദ് തകര്‍ക്കാനുള്ള ശ്രമം തടഞ്ഞുവെന്നും കോടതി വിധിന്യായത്തില്‍ പറഞ്ഞു. പ്രധാന പ്രതികളായ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിങ് എന്നിവര്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴിയാണ് ഹാജരായത്. മറ്റുള്ളവര്‍ നേരിട്ട് കോടതിയിലെത്തി. 

ചിത്രങ്ങള്‍ക്ക് കടപ്പാട് ഇന്ത്യന്‍ എക്‌സ്പ്രസ്‌

പത്ത് മണിയോടെ വിധി പ്രസ്താവമുണ്ടാവുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും വിധി വായിക്കുമ്പോള്‍ പന്ത്രണ്ട് മണി കഴിഞ്ഞിരുന്നു. 

മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, കല്യാണ്‍ സിങ്, ഉമാ ഭാരതി, മുരളി മനോഹര്‍ ജോഷി, സാധ്വി ഋതംബര, വിഷ്ണുഹരി ഡാല്‍മിയ, ചമ്പത്ത് റായ് ബന്‍സല്‍, സതീഷ് പ്രഥാന്‍, സതീഷ് ചന്ദ്ര സാഗര്‍, ബാല്‍താക്കറെ, അശോക് സിംഘല്‍, പരംഹംസ് റാം ചന്ദ്ര ദാസ്, മോറേശ്വര്‍ സാവെ തുടങ്ങി 48 പേര്‍ പ്രതികളായ 28 വര്‍ഷം പഴക്കമുള്ള കേസിലാണ് വിധി പുറപ്പെടുവിക്കുന്നത്. 48 പ്രതികളില്‍ 16 പേര്‍ ഇതിനോടകം മരിച്ചു. 




 


 

ബാബരി മസ്ജിദ് തകര്‍ത്ത കേസ് പരിഗണിക്കുന്ന പ്രത്യേക സിബിഐ കോടതി വിചാരണ പൂര്‍ത്തിയാക്കി ഈമാസം 30നകം വിധി പ്രസ്താവിക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. 

വിധി പറയുന്നതിനു മുന്നോടിയായി ലഖ്‌നോ നഗരത്തില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. സിബിഐ അഭിഭാഷകനും പ്രതിഭാഗം അഭിഭാഷകനും പ്രതികള്‍ക്കും കോടതി ജീവനക്കാര്‍ക്കും മാത്രമേ കോടതിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നുളളൂ.

വിധി പറയാന്‍ ആഗസ്ത് 31 വരെയാണ് സുപ്രിംകോടതി നേരത്തെ വിചാരണക്കോടതിക്ക് ആദ്യം സമയം നല്‍കിയിരുന്നത്. എന്നാല്‍, സ്‌പെഷ്യല്‍ ജഡ്ജി സുരേന്ദ്രകുമാര്‍ യാദവ് കൂടുതല്‍ സമയം അനുവദിച്ചുനല്‍കണമെന്ന് സുപ്രിംകോടതിയോട് ആവശ്യപ്പെടുകയും വിധിന്യായങ്ങള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒരുമാസത്തെ സമയം അനുവദിക്കുകയുമായിരുന്നു. ഗൂഢാലോചനക്കേസും ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഒരുമിച്ച് വിചാരണ നടത്തണമെന്ന് സുപ്രിംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. നേരത്തെ ഇത് രണ്ടായാണ് വിചാരണ നടത്തിയിരുന്നത്. ഒന്ന് കര്‍സേവകര്‍ക്കെതിരേയും മറ്റൊന്ന് പ്രമുഖ നേതാക്കള്‍ക്കെതിരേയും. കര്‍സേവകര്‍ക്കെതിരേ ലഖ്‌നോവിലും നേകാക്കള്‍ക്കെതിരേയുള്ളത് റായ്ബറേലിയിലുമാണ് നടന്നിരുന്നത്. 

1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ ബാബരി മസ്ജിദ് പൊളിച്ചത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടായിരത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടു. കേസില്‍ ആദ്യം രണ്ട് എഫ്‌ഐആറുകളാണ് സമര്‍പ്പിച്ചത്. പിന്നീട് 45 എഫ്‌ഐആറുകള്‍കൂടി സമര്‍പ്പിച്ചു. 1992 ഡിസംബര്‍ 16ന് ബാബരി മസ്ജിദ് പൊളിക്കല്‍ അന്വേഷിക്കാന്‍ ലിബര്‍ഹാന്‍ കമ്മീഷനെ നിയോഗിച്ചു. കേസ് കേള്‍ക്കുന്നതിനായി 1993 ജൂലൈ 8ന് റായ്ബറേലിയില്‍ പ്രത്യേക സിബിഐ കോടതി സ്ഥാപിച്ചു. 1993 ഒക്ടോബറിലാണ് ഉന്നത ബിജെപി നേതാക്കള്‍ക്കെതിരേ ഗൂഢാലോചനക്കുറ്റം ചുമത്തി സിബിഐ കേസെടുക്കുന്നത്. 2005 ജൂലൈ 28ന് 57 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി കുറ്റപത്രം തയ്യാറാക്കി. കേസ് സുപ്രിംകോടതി 2017 മെയ് 30ന് ലഖ്‌നോ കോടതിയിലേക്ക് മാറ്റുകയായിരുന്നു. രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തി സംഘര്‍ഷമുണ്ടാക്കി രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായി പ്രവര്‍ത്തിച്ചുവെന്നാണ് പ്രതികള്‍ക്കെതിരേയുള്ള പ്രധാന കുറ്റം.

Tags:    

Similar News