എഐസിസി ആസ്ഥാനത്തെ പോലിസ് അതിക്രമം; നാളെ രാജ്യവ്യാപക പ്രതിഷേധം, രാജ്ഭവനുകള്‍ ഉപരോധിക്കും
എഐസിസി ആസ്ഥാനത്ത് കയറി നേതാക്കളെയും പ്രവര്‍ത്തകരെയും മര്‍ദ്ദിച്ച പോലിസുകാരെ സസ്‌പെന്റ് ചെയ്ത് അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജേവാല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിക്കണം.
ന്യൂഡല്‍ഹി: എഐസിസി ആസ്ഥാനത്ത് പോലിസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധിക്കും. രാജ്യത്തെ എല്ലാ രാജ്ഭവനുകളും ഉപരോധിക്കാന്‍ പാര്‍ട്ടി ഘടകങ്ങളോട് കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജേവാല ആഹ്വാനം ചെയ്തു. എഐസിസി ആസ്ഥാനത്ത് കയറി നേതാക്കളെയും പ്രവര്‍ത്തകരെയും മര്‍ദ്ദിച്ച പോലിസുകാരെ സസ്‌പെന്റ് ചെയ്ത് അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിക്കണം. വെള്ളിയാഴ്ച എല്ലാ ജില്ലാ തലങ്ങളിലും കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാഷനല്‍ ഹെറാള്‍ഡ് കേസില്‍ മൂന്നാം ദിവസവും ഇഡി, രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നതിനിടെയാണ് എഐസിസി ആസ്ഥാനത്ത് പോലിസ് അതിക്രമം നടന്നത്. പ്രതിഷേധം മുന്നില്‍ കണ്ട് എഐസിസി ആസ്ഥാനത്തിന് മുന്നില്‍ വച്ച് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലിസ് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
പ്രവര്‍ത്തകര്‍ പോലിസുമായി ഏറ്റുമുട്ടി. പ്രതിഷേധിക്കാനെത്തിയ പ്രവര്‍ത്തകരെ പോലിസ് മര്‍ദ്ദിച്ചു. വനിതാ പ്രവര്‍ത്തകരെ റോഡിലൂടെ വലിച്ചിഴച്ചു. ഇതിന് പിന്നാലെയാണ് പോലിസ് എഐസിസി ആസ്ഥാനത്തേക്ക് ഇരച്ചെത്തിയത്. ഇവിടെ നിന്നും പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തു.
പോലിസ് മര്‍ദ്ദിച്ചെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ സി വേണുഗോപാല്‍ ആരോപിച്ചു. കറുത്ത കുടകള്‍ പിടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രവര്‍ത്തകര്‍ പോലിസിനെ എഐസിസി ആസ്ഥാനത്തിന് പുറത്തേക്ക് തള്ളി പുറത്തിറക്കി. ഗേറ്റിന് മുന്നില്‍ വന്‍സംഘര്‍ഷമാണുണ്ടായത്. പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടയര്‍ കൂട്ടിയിട്ട് കത്തിച്ചു.
നഗരത്തിലെ പ്രധാന റോഡിലാണ് പ്രതിഷേധം നടന്നത്. അതിനാല്‍, കടുത്ത ഗതാഗത തടസ്സം നേരിട്ടു. പാര്‍ട്ടി ആസ്ഥാനത്ത് അതിക്രമിച്ച് കയറിയ പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, കെ സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.