പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: ഇടക്കാല റിപോര്‍ട്ട് സമര്‍പ്പിച്ചു; അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാവകാശം വേണമെന്ന് ക്രൈംബ്രാഞ്ച്
അന്തിമറിപോര്‍ട്ട് സമര്‍പ്പിക്കുന്നതിനും വിശദമായ അന്വേഷണത്തിനും കൂടുതല്‍ സമയം തേടിയാണ് ക്രൈംബ്രാഞ്ച് ഇടക്കാല റിപോര്‍ട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു കൈമാറിയത്. സംസ്ഥാനത്തിന് പുറത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോയ പോലിസുകാരില്‍നിന്നടക്കം മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. എത്ര പോസ്റ്റല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്നറിയണമെങ്കില്‍ വോട്ടെണ്ണല്‍ കഴിയണം.
തിരുവനന്തപുരം: പോലിസുകാരുടെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് ഇടക്കാല റിപോര്‍ട്ട് സമര്‍പ്പിച്ചു. അന്തിമറിപോര്‍ട്ട് സമര്‍പ്പിക്കുന്നതിനും വിശദമായ അന്വേഷണത്തിനും കൂടുതല്‍ സമയം തേടിയാണ് ക്രൈംബ്രാഞ്ച് ഇടക്കാല റിപോര്‍ട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു കൈമാറിയത്. സംസ്ഥാനത്തിന് പുറത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോയ പോലിസുകാരില്‍നിന്നടക്കം മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. എത്ര പോസ്റ്റല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്നറിയണമെങ്കില്‍ വോട്ടെണ്ണല്‍ കഴിയണം. അതിനുശേഷം മാത്രമേ കൂടുതല്‍ അന്വേഷണം സാധ്യമാവൂ. കൂടുതല്‍ കണ്ടെത്തലുകളൊന്നും റിപോര്‍ട്ടിലില്ല.
പോസ്റ്റല്‍ ബാലറ്റ് തിരിമറിയെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ക്രമക്കേട് സംബന്ധിച്ച് കൂടുതല്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് തൃശൂര്‍ എസ്പി കെ എസ് സുദര്‍ശന്‍ ഐജി ശ്രീജിത്തിന് സമര്‍പ്പിച്ച റിപോര്‍ട്ടാണ് ഡിജിപിക്ക് കൈമാറിയത്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് അന്വേഷണ റിപാര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയുടെ നിര്‍ദേശം. ഈ സമയപരിധി ഇന്ന് അവസാനിക്കുന്നതിനാലാണ് ഇടക്കാല റിപോര്‍ട്ട് കൈമാറിയത്.
ക്രൈംബ്രാഞ്ച് റിപോര്‍ട്ട് പരിശോധിച്ചാവും ഡിജിപി തിരഞ്ഞെടുപ്പ് കമ്മീഷന് ഇത് കൈമാറുക. പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ പോലിസ് അസോസിയേഷന്റെ ഇടപെടല്‍ സ്ഥിരീകരിച്ചതോടെയാണ് കമ്മീഷന്‍ സമഗ്രാന്വേഷണത്തിന് നിര്‍ദേശിച്ചത്. ഇടക്കാല റിപോര്‍ട്ടിന്‍മേല്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ സ്വീകരിക്കുന്ന തീരുമാനം നിര്‍ണായകമാണ്. പ്രതിപക്ഷ നേതാവിന്റെ പരാതിയില്‍ ക്രമക്കേടിനെക്കുറിച്ച് ഹൈക്കോടതിയും സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.