ചെങ്ങന്നൂര്‍: പിആര്‍വി ഇന്‍വെസ്റ്റ്‌മെന്റ് കണ്‍സള്‍ട്ടന്‍സിയെന്ന കമ്പനിയുടെ പേരില്‍ അധിക പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചു തട്ടിപ്പ് നടത്തിയ മാന്നാര്‍ കുളഞ്ഞിക്കാരാഴ്മ വലിയകുളങ്ങര ശാന്തി ഭവനത്തില്‍ രശ്മിനായരെ (40 ) അറസ്റ്റ് ചെയ്തു.
ചേര്‍ത്തല സ്വദേശിയായ ത്രേസ്യാമ്മ സേവ്യറിന്റെ 9.5 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയാണ് കേസിനാധാരം. 2021 ല്‍ അഞ്ച് ലക്ഷം രൂപ ഇവരില്‍ നിന്ന് നിക്ഷേപമായി സ്വീകരിച്ചു. ആദ്യത്തെ നാല് മാസം പലിശയായി കുറച്ചുതുക നല്‍കുകയും ചെയ്തു. പിന്നിട് പണം ഒന്നും തന്നെ നല്‍കിയിട്ടില്ല. ഇതിന് ശേഷം ത്രേസ്യാമ്മ പ്രതിയെ കണ്ട് വീട് വാങ്ങാന്‍ പണം ആവശ്യപ്പെട്ടപ്പോള്‍ 4.5 ലക്ഷം കൂടി തന്നാല്‍ 30 ലക്ഷം വായ്പ തരപ്പെടുത്തി തരാമെന്ന് പറഞ്ഞു.
മൊത്തം 9.5 ലക്ഷം രൂപയുടെ പലിശ ഉപയോഗിച്ച് വായ്പയുടെ മാസ തവണകളടഞ്ഞു കൊള്ളുമെന്നു വിശ്വസിപ്പിക്കുകയും ചെയ്തു. 2023 ലാണ് ഈ പണം കൈപ്പറ്റിയത്. ഇതിനുശേഷം ഫോണ്‍ വിളിക്കുമ്പോള്‍ പല വിധത്തിലുള്ള ഒഴിവുകള്‍ പറയുകയും പിന്നീട് ഫോണ്‍ എടുക്കാതെയുമായി. തുടര്‍ന്നാണ് മാന്നാര്‍ പൊലീസില്‍ പരാതി നല്‍കിയത്.
അന്വേഷണത്തില്‍ എറണാകുളം കാക്കനാട്ടുള്ള ഫ്‌ലാറ്റില്‍ നിന്നാണ് പ്രതിയെ പിടി കൂടിയത്. കേസില്‍ രണ്ടു പേരെകൂടി പിടികൂടാനുണ്ട്. തെലങ്കാനയില്‍ സ്വര്‍ണവും പണവും ഉള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ സമാനതട്ടിപ്പ് നടത്തിയതിനു രശ്മിനായര്‍ ജയില്‍വാസം അനുഭവിച്ചിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.