ക്രമസമാധാനം പാലിക്കേണ്ടത് പോലീസ്; കര്‍ഷകരുടെ ട്രാക്ടര്‍ റാലി തടയണമെന്ന ആവശ്യം സുപ്രിം കോടതി അംഗീകരിച്ചില്ല
ട്രാക്ടര്‍ റാലി നടത്താനുള്ള കര്‍ഷകരുടെ ശ്രമം ആഗോള തലത്തില്‍ രാജ്യത്തെ നാണം കെടുത്തും എന്നാണ് കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഡല്‍ഹി പോലീസ് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞത്.
ന്യൂഡല്‍ഹി: റിപബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തുമെന്ന് പ്രഖ്യാപിച്ച ട്രാക്ടര്‍ റാലി തടയണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി അംഗീകരിച്ചില്ല. ക്രമസമാധാനം നിലനിര്‍ത്തല്‍ കോടിയുടെ ചുമുതലയല്ലെന്നും പോലീസിന് നടപടിയെടുക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു.
'ഡല്‍ഹിയിലേക്കുള്ള പ്രവേശനം പോലീസ് തീരുമാനിക്കേണ്ടതുണ്ടെന്ന് ഞങ്ങള്‍ കഴിഞ്ഞ തവണ പറഞ്ഞു. ആരെയാണ് അനുവദിക്കേണ്ടത്, ആരെ പാടില്ല, പ്രവേശിക്കാന്‍ കഴിയുന്ന ആളുകളുടെ എണ്ണം എല്ലാം ക്രമസമാധാന കാര്യങ്ങളാണ്. അത് പോലീസ് കൈകാര്യം ചെയ്യേണ്ടതാണ്. ഞങ്ങള്‍ ആദ്യത്തെ അധികാര സ്ഥാപനമല്ല 'സുപ്രീം കോടതി പറഞ്ഞു. ഹരജി ബുധനാഴ്ച്ച വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
ട്രാക്ടര്‍ റാലി നടത്താനുള്ള കര്‍ഷകരുടെ ശ്രമം ആഗോള തലത്തില്‍ രാജ്യത്തെ നാണം കെടുത്തും എന്നാണ് കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഡല്‍ഹി പോലീസ് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞത്. റാലി നടത്തിയാല്‍ രാജ്യത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തടസമുണ്ടാകുമെന്നും ഇതിലൂടെ ക്രമസമാധാന നില തകരാനുള്ള സാഹചര്യമുണ്ടെന്നും പോലീസ് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ട്രാക്ടര്‍ റാലി കാരണം റിപബ്ലിക് ദിന പരിപാടികള്‍ തടസപ്പെടില്ല എന്ന് കര്‍ഷക സംഘടനകള്‍ ഇന്നലെ അറിയിച്ചിരുന്നു. റാലി നടത്തുമെന്നും പിന്മാറില്ല എന്നുമാണ് കര്‍ഷക സംഘടനാ നേതാക്കള്‍ വ്യക്തമാക്കിയത്.