പി സി ജോര്‍ജ്: മുസ്‌ലിം, ദലിത് വിരുദ്ധതയുടെ ബ്രാന്‍ഡ് അംബാസഡര്‍..

ശ്രീലങ്കയിലെ തീവ്രവാദ ആക്രമണവുമായി ബന്ധപ്പെട്ട് മുസ്‌ലിംകള്‍ക്കെതിരേ ജോര്‍ജ് നടത്തിയ ഹീനമായ പരാമര്‍ശങ്ങള്‍ ജോര്‍ജില്‍ അന്തര്‍ലീനമായ മുസ്‌ലിം വിരോധത്തിന്റെ ആഴം തെളിയിച്ചു.

Update: 2021-01-24 08:55 GMT

പി സി അബ്ദുല്ല

കോഴിക്കോട്: യുഡിഎഫില്‍ നിന്ന് നിര്‍ദയം പുറത്താക്കപ്പെടുകയും ഇടതു മുന്നണി നാലയലത്ത് അടുപ്പിക്കാതിരിക്കുകയും ചെയ്ത 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ കൊണ്ടുമാത്രമാണ് പൂഞ്ഞാറില്‍നിന്നു വിജയിച്ചതെന്ന് പി സി ജോര്‍ജ് പരസ്യമായി തന്നെ അംഗീകരിച്ചിരുന്നു. പല വേദികളിലും ജോര്‍ജ് അത് തുറന്നു പറയുകയും ചെയ്തു. സംഘ പരിവാരത്തിനെതിരായ ജോര്‍ജിന്റെ അതുവരെയുള്ള നിലപാടുകളും ഇടത് വലതു മുന്നണികളുടെ ജന വിരുദ്ധതക്കെതിരായ പൊതു സമീപനവുമാണ് പൂഞ്ഞാറില്‍ പിസി ജോര്‍ജിനെ പിന്തുണക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് എസ്ഡിപിഐ വ്യക്തമാക്കിയത്.

എന്നാല്‍, ഇരു മുന്നണികളെയും തറപറ്റിച്ച് ഇരു പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പൂഞ്ഞാറില്‍ വിജയിച്ച് മാസങ്ങള്‍ പിന്നിട്ടതോടെ ജോര്‍ജിന്റെ മട്ടും ഭാവവും മാറി. തിരഞ്ഞെടുപ്പില്‍ ജോര്‍ജിനോട് പുറം തിരിഞ്ഞു നിന്ന സഭകള്‍ക്ക് ജോര്‍ജും സഭകള്‍ ജോര്‍ജിനും പ്രിയപ്പെട്ടവരായി മാറി. ഇതിനിടയില്‍ സിപിഎമ്മിലെ ചില കേന്ദ്രങ്ങളുമായി ഒരന്തര്‍ധാര ജോര്‍ജ് തരപ്പെടുത്തുകയും ചെയ്തു. എസ്ഡിപിഐ തന്നെ കൈവിട്ടുവെന്ന് തിരിച്ചറിഞ്ഞതോടെ സിപിഎമ്മിനെ പ്രീണിപ്പിക്കാനായി ജോര്‍ജിന്റെ അധര വ്യായാമങ്ങള്‍. സിപിഎമ്മിനെ വരുതിയിലാക്കാന്‍ മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി യൂനിയന്‍ നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പല വിടുവായത്തങ്ങളും തട്ടിവിട്ടതോടെ സ്വന്തം തട്ടകത്തില്‍ തന്നെ ജോര്‍ജ് ചൂടുള്ള പ്രതിഷേധ മറിഞ്ഞു.

എസ്ഡിപിഐ പൂര്‍ണമായി അകലുകയും എന്നാല്‍ സിപിഎം അടുപ്പിക്കാതിരിക്കുകയും ചെയ്തതോടെ ജോര്‍ജിനു മുന്‍പില്‍ വഴികളടഞ്ഞു.

പിന്നീട്, പൂഞ്ഞാറില്‍ തന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ച മുസ്‌ലിംകള്‍ക്കും ദലിത് വിഭാഗങ്ങള്‍ക്കുമെതിരേ പിസി ജോര്‍ജ് വിഷം ചീറ്റി രംഗത്തു വരുന്നതായിരുന്നു കാഴ്ചകള്‍. ജോര്‍ജ് എത്രത്തോളം സീറോ മലബാര്‍ സഭയ്ക്കും സംഘപരിവാറിനും പ്രിയപ്പെട്ടവനായോ അത്രത്തോളം മുസ്‌ലിം, ദലിത് വിരോധം അദ്ദേഹത്തിന്റെ അജണ്ടയായി പുറത്തു വന്നു.

ശ്രീലങ്കയിലെ തീവ്രവാദ ആക്രമണവുമായി ബന്ധപ്പെട്ട് മുസ്‌ലിംകള്‍ക്കെതിരേ ജോര്‍ജ് നടത്തിയ ഹീനമായ പരാമര്‍ശങ്ങള്‍ ജോര്‍ജില്‍ അന്തര്‍ലീനമായ മുസ്‌ലിം വിരോധത്തിന്റെ ആഴം തെളിയിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ഏഴു മിനിറ്റ് ദൈര്‍ഘ്യമുള്ള ആ ശബ്ദ സന്ദേശത്തിനെതിരേ നടപടി സ്വീകരിക്കുമെന്ന് ജോര്‍ജ് അന്ന് പറഞ്ഞുവെങ്കിലും നടപടിയുണ്ടായില്ല. മുസ്‌ലിംകളെ അടച്ചാക്ഷേപിക്കുന്ന സമാനമായ നിരവധി ഓഡിയോ, വിഡിയോ സന്ദേശങ്ങളാണ് പിന്നീട് ജോര്‍ജിന്റേതായി പുറത്തു വന്നത്.

അതേക്കുറിച്ച് നാളെ.

(തുടരും)

Tags:    

Similar News