പിണറായിയെ നിയന്ത്രിക്കുന്നത് ഫാരീസ് അബൂബക്കര്‍; അമേരിക്കന്‍ ബന്ധം അന്വേഷിക്കണം; ആരോപണവുമായി പി സി ജോര്‍ജ്

Update: 2022-07-02 17:00 GMT

തിരുവനന്തപുരം: പീഡനക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരേ ഗുരുതര ആരോപണവുമായി മുന്‍ എംഎല്‍എയും കേരള ജനപക്ഷം നേതാവുമായ പി സി ജോര്‍ജ് രംഗത്ത്. മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് അമേരിക്കയിലുള്ള വിവാദ വ്യവസായിയും റിയല്‍ എസ്‌റ്റേറ്റ് രാജാവുമായ ഫാരിസ് അബൂബക്കറാണ്. പിണറായിയുടെ അനധികൃത നിക്ഷേപങ്ങള്‍ നിയന്ത്രിക്കുന്നത് ഫാരീസ് അബൂബക്കറാണ്. മുഖ്യമന്ത്രിയും ഫാരിസ് അബൂബക്കറും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടാണുള്ളത്. ഇക്കാര്യങ്ങള്‍ താന്‍ പുറത്തുപറയുമെന്ന ഭീതിയിലാണ് തന്നെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്തത്.

മുഖ്യമന്ത്രിയുടെ അമേരിക്കന്‍ ബന്ധത്തെപ്പറ്റി വിശദമായി അന്വേഷിക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു. എഴുതി തയ്യാറാക്കിയ കുറിപ്പാണ് പിസി ജോര്‍ജ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വായിച്ചത്. മുഖ്യമന്ത്രിക്കെതിരേ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് പരാതി നല്‍കും. പിണറായി അഴിമതിക്കാരനാണെന്ന നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം. പിണറായിയുടെ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നത് വീണാ വിജയന്റെ കമ്പനി വഴിയെന്ന് സംശയിക്കുന്നു.

തനിക്കെതിരായ പീഡനക്കേസിന് പിന്നില്‍ പിണറായിയും ഫാരീസുമാണ്. ഇതൊരു കള്ളക്കേസാണെന്ന് കോടതിയില്‍ തെളിഞ്ഞു. 2012 മുതല്‍ കഴിഞ്ഞ 10 കൊല്ലമായി പിണറായി വിജയന്റെ എല്ലാ നിക്ഷേപങ്ങളേയും രാഷ്ട്രീയത്തേയും നീക്കങ്ങളെയും സ്വാധീനിക്കുന്നതും നിയന്ത്രിക്കുന്നതും ഫാരിസ് ആണ്. 2016 ഇത് ചെന്നൈ കേന്ദ്രീകരിച്ചായിരുന്നെങ്കില്‍ ഇപ്പോളത് അമേരിക്ക കേന്ദ്രീകരിച്ചാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ തുടരെയുള്ള അമേരിക്കന്‍ സന്ദര്‍ശനത്തെക്കുറിച്ചും അമേരിക്കന്‍ ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കണം. കേരളത്തില്‍ സര്‍ക്കാര്‍ ഡാറ്റാ കച്ചവടം നടത്തുന്നുവെന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളത്. അതിനെല്ലാം ഇടനിലക്കാരി വീണാ വിജയനാണെന്ന് സംശയിക്കുന്നു.

കേരളത്തിലെ തൊഴില്‍രഹിതരായ 44 ലക്ഷം പേരുടെ അടിസ്ഥാനവിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ചിരിക്കുകയാണ്. ഈ വിവരങ്ങള്‍ സുരക്ഷിതമാണോ എന്ന് എനിക്ക് സംശയമുണ്ട്. ഇത് കേന്ദ്രം അന്വേഷിക്കണം. ഈ വിവരങ്ങള്‍ കച്ചവടം ചെയ്യുകയാണോ എന്ന് സംശയമുണ്ട്. വി എസ് അച്യുതാനന്ദന്‍ തന്നെ മകനെപ്പോലെയാണ് കണ്ടത്. അദ്ദേഹം സജീവമായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നുവെന്നും ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. നേരത്തേ, പീഡനക്കേസില്‍ പി സി ജോര്‍ജിന് ഉപാധികളോടെയാണ് തിരു. ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പരാതിക്കാരിക്ക് വിശ്വാസയോഗ്യതയില്ലെന്ന ജോര്‍ജിന്റെ അഭിഭാഷകന്റെ വാദം അംഗീകരിച്ച കോടതി ജാമ്യം നല്‍കുകയായിരുന്നു.

Tags:    

Similar News