അഞ്ജുശ്രീ ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം, ആത്മഹത്യാക്കുറിപ്പും മൊബൈല്‍ വിവരങ്ങളും കണ്ടെടുത്തു

Update: 2023-01-09 06:28 GMT

കാസര്‍കോട്: തലക്ലായി പെരുമ്പള ബേലൂരിലെ കോളജ് വിദ്യാര്‍ഥിനി അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് പോലിസിന്റെ പ്രാഥമിക നിഗമനം. അഞ്ജുവിന്റെ ആത്മഹത്യാക്കുറിപ്പ് പോലിസ് കണ്ടെത്തി. മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലിസിന് ലഭിച്ച സൂചന. അഞ്ജുശ്രീയുടെ മൊബൈല്‍ ഫോണ്‍ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്. വിഷം കഴിച്ച് മരിക്കാനുള്ള മാര്‍ഗങ്ങള്‍ അനുശ്രീ ഫോണില്‍ സെര്‍ച്ച് ചെയ്തിരുന്നതായി പോലിസ് അറിയിച്ചു.

അഞ്ജുശ്രീയുടെ ഫോണ്‍ പോലിസ് പരിശോധിക്കുകയാണ്. നേരത്തെ ഭക്ഷ്യ വിഷബാധയേറ്റാണ് കുട്ടി മരിച്ചതെന്നായിരുന്നു നിഗമനം. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറാണ് ഭക്ഷ്യവിഷബാധയേറ്റതല്ലെന്നും വിഷം ഉള്ളില്‍ ചെന്ന് മരിച്ചതിന്റെ ലക്ഷണങ്ങളാണ് ശരീരത്തിലുള്ളതെന്നും ആദ്യസൂചന നല്‍കിയത്. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടേത് ആത്മഹത്യയെന്ന നിഗമനത്തിലേക്ക് പോലിസെത്തിയത്. താന്‍ മാനസിക സംഘര്‍ഷം നേരിടുന്നുവെന്നതടക്കം ആത്മഹത്യാക്കുറിപ്പിലുണ്ടെന്നാണ് പോലിസില്‍ നിന്നും ലഭിക്കുന്ന സൂചന.

ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്തുന്നതിനായി പോലിസ് പെണ്‍കുട്ടിയുടെ സുഹൃത്തുക്കളുടേയും സഹപാഠികളുടേയും ബന്ധുക്കളുടേയും മൊഴിയെടുക്കും. അഞ്ജുശ്രീ പാര്‍വതിയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്നും വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടെങ്കിലും അത് ഭക്ഷണത്തില്‍ നിന്നല്ലെന്നുമായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലുണ്ടായിരുന്നത്. കരള്‍ അടക്കം ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. ഏത് തരം വിഷമാണ് ഉള്ളില്‍ ചെന്നത് എന്നറിയാന്‍ ആന്തരിക അവയവങ്ങള്‍ രാസപരിശോധന ഫലം വരണം.

കോഴിക്കോട്ടെ ലാബിലേക്ക് അയച്ച ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം അടുത്ത ദിവസങ്ങളില്‍ പുറത്തുവരും. എങ്കില്‍ മാത്രമേ ഏത് തരത്തിലുള്ള വിഷമാണ് ശരീരത്തിലെത്തിയതെന്ന് വ്യക്തമാവുകയുള്ളൂ. ജനുവരി അഞ്ചിന് സ്വകാര്യലാബില്‍ നടത്തിയ അഞ്ജുശ്രീയുടെ രക്തപരിശോധനയില്‍ വിഷാംശ സാന്നിധ്യം രേഖപ്പെടുത്തിയിട്ടില്ല. ഏഴാം തീയതിയാണ് അഞ്ജു മരിക്കുന്നത്. എട്ടിന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വിഷാംശ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു. സാധാരണ ഭക്ഷ്യവിഷബാധയേറ്റാല്‍ ശരീരത്തിലുണ്ടാവുന്ന രാസപ്രക്രിയകളൊന്നും അഞ്ജുവിന്റെ ശരീരത്തിലുണ്ടായിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ സര്‍ജന്‍ പോലിസിനോട് സൂചിപ്പിച്ചിരുന്നു.

കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധ മൂലമാണ് അഞ്ജുശ്രീ മരിച്ചതെന്നായിരുന്നു ആരോപണമുയര്‍ന്നിരുന്നത്. പുതുവത്സര ദിനത്തില്‍ ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതിന് ശേഷമാണ് അഞ്ജുശ്രീക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടാവുന്നത്. തുടര്‍ന്ന് പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു. ഹോട്ടലിനെതിരേ വന്‍ പ്രതിഷേധവുമുണ്ടായി.

Tags:    

Similar News