സിദ്ദീഖ് കാപ്പനെതിരേ വലിയ നീതി നിഷേധം, തിരുത്തണം: അബ്ദുസ്സമദ് സമദാനി എംപി
മലപ്പുറം: മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരേ അരങ്ങേറുന്നത് വലിയ നീതി നിഷേധമാണെന്ന് മുസ് ലിംലീഗ് നേതാവും പ്രമുഖ പ്രഭാഷകനുമായ അബ്ദു സമദ് സമദാനി എംപി. യുപിയില്‍ അന്യമായി തടവില്‍ പാര്‍പ്പിച്ചിട്ടുള്ള സിദ്ദീഖ് കാപ്പന്റെ മോചനം ആവശ്യമപ്പെട്ട് ജന്മനാട്ടില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകായയിരുന്നു അദ്ദേഹം. മാധ്യമ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിന്റെ പ്രധാന ഭാഗമായ മീഡിയക്കും എതിരേയുള്ള നീക്കമാണ് നടക്കുന്നത്. സമീപകാലത്ത് ഇത്തരം ജനാധിപത്യ വിരുദ്ധ നീക്കങ്ങള്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് നിരന്തരം അരങ്ങേറുന്നുണ്ട്. ഇത്തരം നീക്കങ്ങള്‍ തിരുത്താനും സിദ്ദീഖ് കാപ്പന്റെ മോചനം വേഗത്തിലാക്കാനും ഭരണകൂടം തയ്യാറാവണമെന്നും സമദാനി ആവശ്യപ്പെട്ടു.
ഹത്രാസില്‍ ഒരു പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുമ്പോള്‍ യാത്രമധ്യേയാണ് സിദ്ദീഖ് കാപ്പന്‍ അറസ്റ്റിലാവുന്നത്. ഒരു മാധ്യമ പ്രവര്‍ത്തകന്‍ തന്റെ ജോലിക്കിടയില്‍ അറസ്റ്റിലായി എന്നുള്ളതാണ് പ്രധാന പ്രശ്‌നം. അടിസ്ഥാനപരിമായി ഇത് സ്വതന്ത്ര്യ പത്രപ്രവര്‍ത്തനത്തിന് എതിരായുള്ള നടപടിയാണ്. സ്ത്രീകള്‍ക്കെതിരായ കയ്യേറ്റങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റിലാവുന്നത് എന്ന് നാം ഓര്‍ക്കണം. ഈ സാഹചര്യത്തില്‍ സിദ്ദീഖ് കാപ്പന്റെ മോചനത്തിനായുള്ള പരിശ്രമങ്ങളില്‍ മത സാമുദായിക വിഭാഗീയതകളില്ലാതെ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നും സമദാനി ആവശ്യപ്പെട്ടു. സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി പത്ര പ്രവര്‍ത്തക യൂനിയന്റെ നേതൃത്വത്തില്‍ നടക്കുന്ന നിയമ നടപടികള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുണ്ടെന്നും അതിന് എല്ലാവിധ പിന്തുണ നല്‍കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധ സംഗമത്തില്‍ പൂച്ചോലമാട് മഹല്ല് പ്രസിഡന്റ് പൂവില്‍ മോമുക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി വൈസ് ചെയര്‍മാന്‍ പി എം എ ഹാരിസ്, സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി ജനറല്‍ കണ്‍വീനര്‍ കെപിഒ റഹ്മത്തുല്ല, വേങ്ങര പ്രസ് ഫോറം പ്രസിഡന്റ് കെ കെ രാമകൃഷ്ണന്‍, സിദ്ദീഖ് കാപ്പന്റെ ഭാര്യ റയ്ഹാനത്ത്, അസ്മാബി കാപ്പന്‍, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു, ജില്ലാ പ്രസിഡന്റ് ഷെരീഫ് കുറ്റൂര്‍, എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് പി വി അഹമ്മദ് ഷാജു, മൈനോരിറ്റി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ഡാനിഷ്, മഹല്ല് സെക്രട്ടറി കാപ്പന്‍ രായിന്‍കുട്ടി മാസ്റ്റര്‍, സിദ്ദീഖ് കാപ്പന്റെ സഹോദരന്‍ ഹംസ കാപ്പന്‍, ഷെരീഖാന്‍ മാസ്റ്റര്‍ പൂവില്‍, പുള്ളാട്ട് പടിക്കല്‍ ശങ്കരന്‍, കെ വി അയമു, പി കെ റഷീദ്, കാപ്പന്‍ മൊയ്തീന്‍ കുട്ടി, കാപ്പന്‍ ഹനീഫ, മൂക്കുമ്മല്‍ ഹസൈന്‍ ഹാജി, താട്ടയില്‍ മുഹമ്മദ് ഹാജി, പുള്ളാട്ട് പടിക്കല്‍ ബാബു, താട്ടയില്‍ ഷിഹാബ്, അഷ്‌റഫ് പൂവില്‍ എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ യോഗത്തിന് മുന്നോടിയായി നടന്ന സംഗമത്തില്‍ നൂറുകണക്കിന് നാട്ടുകാര്‍ പങ്കെടുത്തു.