ടെന്നിസ് ഇതിഹാസം റാഫേല്‍ നദാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു
22 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളില്‍ 14 ഫ്രഞ്ച് ഓപണ്‍ കിരീടങ്ങളുമുണ്ടായിരുന്നു. 36 മാസ്‌റ്റേഴ്‌സ് കിരീടങ്ങളും ഒരു ഒളിംപിക് സ്വര്‍ണ മെഡലും ഉള്‍പ്പെടെ ആകെ 92 എടിപി സിംഗിള്‍സ് കിരീടങ്ങളും നദാലിന്റെ പേരിലുണ്ട്.
ബാഴ്‌സലോണ: ടെന്നിസ് ഇതിഹാസം റാഫേല്‍ നദാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. 22 തവണ ഗ്രാന്‍ഡ് സ്‌ലാം കിരീടം നേടിയ ടെന്നിസ് ലോകത്തെ എക്കാലത്തെയും മികച്ച കായികതാരങ്ങളില്‍ ഒരാളായ നദാല്‍ വികാരാധീനനായാണ് വിടവാങ്ങള്‍ പ്രഖ്യാപിച്ചത്. നവംബറില്‍ എട്ടിന് നടക്കാനിരിക്കുന്ന സ്‌പെയിനിനു വേണ്ടിയുള്ള ഡേവിസ് കപ്പ് ഫൈനലിനു ശേഷം വിരമിക്കുമെന്നാണ് പ്രഖ്യാപനം. 22 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളില്‍ 14 ഫ്രഞ്ച് ഓപണ്‍ കിരീടങ്ങളുമുണ്ടായിരുന്നു. 36 മാസ്‌റ്റേഴ്‌സ് കിരീടങ്ങളും ഒരു ഒളിംപിക് സ്വര്‍ണ മെഡലും ഉള്‍പ്പെടെ ആകെ 92 എടിപി സിംഗിള്‍സ് കിരീടങ്ങളും നദാലിന്റെ പേരിലുണ്ട്. ടെന്നീസ് ചരിത്രത്തില്‍ സിംഗിള്‍സില്‍ കരിയര്‍ ഗോള്‍ഡന്‍ സ്ലാം പൂര്‍ത്തിയാക്കിയ മൂന്ന് പുരുഷതാരങ്ങളില്‍ ഒരാളെന്ന അതുല്യ റെക്കോര്‍ഡും നദാലിന്റെ പേരിലാണ്. കഴിഞ്ഞ മാസം നദാല്‍ 2024 ലെ ലേവര്‍ കപ്പില്‍ നിന്ന് പിന്മാറിയിരുന്നു,
2024ലെ പാരിസ് ഒളിംപിക്‌സിന് ശേഷം തന്റെ അടുത്ത ഇവന്റ് ലാവര്‍ കപ്പായിരിക്കുമെന്ന് നദാല്‍ വ്യക്തമാക്കിയിരുന്നു. 2017ല്‍ പ്രാഗിലും 2019ല്‍ ജനീവയിലും തുടര്‍ന്ന് ഡബിള്‍സില്‍ അടുത്ത സുഹൃത്തും ദീര്‍ഘകാല എതിരാളിയുമായ റോജര്‍ ഫെഡററിനൊപ്പം 2022ല്‍ ലണ്ടനിലെ ദി ഒ2ല്‍ ഫെഡററുടെ കരിയറിലെ അവസാന മത്സരത്തില്‍ പങ്കെടുത്തു. 22 തവണ ഗ്രാന്‍ഡ് സ്ലാം ചാംപ്യനായ താരം 2024 തന്റെ പര്യടനത്തിലെ അവസാന വര്‍ഷമായിരിക്കുമെന്ന് നേരത്തേ സൂചിപ്പിച്ചിരുന്നു. ഈ സീസണില്‍ 127 മാച്ച് റെക്കോര്‍ഡുള്ള നദാലല്‍ അവസാനമായി പാരിസ് ഒളിംപിക്‌സിലാണ് മല്‍സരിച്ചത്. രണ്ടാം റൗണ്ടില്‍ നൊവാക് ജോക്കോവിച്ചിനോട് അദ്ദേഹം പരാജയപ്പെടുകയായിരുന്നു.