റഫേല്‍: മോദിയുടെ ഇടപാട് യുപിഎ വ്യവസ്ഥയേക്കാള്‍ മെച്ചമല്ല
പ്രതിരോധ വകുപ്പിലെ വിലനിര്‍ണയ സമിതിയിലെ മൂന്നംഗങ്ങളുടെ വെളിപ്പെടുത്തലാണ് ദ ഹിന്ദു ദിനപത്രം പുറത്തുകൊണ്ടുവന്നത്.
ന്യൂഡല്‍ഹി: റഫേല്‍ കരാറില്‍ മോദി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തല്‍ വീണ്ടും. യുപിഎ സര്‍ക്കാര്‍ വ്യവസ്ഥകളില്‍ നിന്നും മെച്ചമായ ഒരു വ്യവസ്ഥയും കരാറില്‍ കൊണ്ടുവരാന്‍ മോദി സര്‍ക്കാരിന് ആയിട്ടില്ലെന്ന പ്രതിരോധ വകുപ്പിലെ വിലനിര്‍ണയ സമിതിയിലെ മൂന്നംഗങ്ങളുടെ വെളിപ്പെടുത്തലാണ് ദ ഹിന്ദു ദിനപത്രം പുറത്തുകൊണ്ടുവന്നത്. റഫാല്‍ കരാറിന് മുന്നോടിയായി ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ദസോയുമായി ചര്‍ച്ച നടത്തിയ ഏഴ് ഉദ്യോഗസ്ഥരില്‍ മൂന്നുപേര്‍ വ്യവസ്ഥകളില്‍ ആശങ്ക പ്രകടിപ്പിച്ച് എഴുതിയ കുറിപ്പുകളാണ് ഹിന്ദു പുറത്തുവിട്ടത്. അന്തിമകരാറില്‍ ഒപ്പിടുന്നതിന് മൂന്നുമാസം മുമ്പ് എഴുതിയതാണ് എട്ട് പേജുള്ള കുറിപ്പ്. ഇന്ത്യന്‍ സംഘത്തിലെ ഉപദേഷ്ടാവ് എംപി സിങ്, ധനകാര്യ മാനേജര്‍ എ ആര്‍ സുലേ, ജോയിന്റ് സെക്രട്ടറിയും അക്വിസിഷന്‍ മാനേജറുമായ രാജീവ് വര്‍മ എന്നിവരാണ് വ്യവസ്ഥകള്‍ മാറ്റുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയത്.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് 126 വിമാനങ്ങളാണ് ദാസോയുമായി ചേര്‍ന്ന് നിര്‍മിക്കാന്‍ ഏദേശ ധാരണയായത്. ഇതില്‍ 18 വിമാനങ്ങള്‍ ദാസോ കൈമാറുകയും ശേഷിക്കുന്നവ എച്ച്എഎല്ലുമായി ചേര്‍ന്ന് നിര്‍മിക്കാനുമായിരുന്നു പദ്ധതി. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കരാര്‍ അടിമുടി മാറ്റുകയും എച്ച്എഎല്ലിന് പകരം അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ഓഫ്‌സെറ്റ് പങ്കാളിയാകുകയും വിമാനത്തിന്റെ എണ്ണം 36 ആയി ചുരുങ്ങുകയും ചെയ്തു. 36 വിമാനമായപ്പോഴും മുന്‍കരാറിനെ അപേക്ഷിച്ച് വിലയും കൂടുതലാണെന്നാണ് റിപോര്‍ട്ട് പറയുന്നത്.
പൂര്‍ണസജ്ജമായ വിമാനങ്ങളാണ് നല്‍കുന്നതെന്നും മുന്‍ സര്‍ക്കാരിന്റെ കാലത്തെ അപേക്ഷിച്ച് വേഗത്തില്‍ ഇവ ലഭ്യമാകുമെന്നുമായിരുന്നു എണ്ണം കുറച്ചതില്‍ ഈ സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ പഴയ കരാറില്‍ 18 വിമാനം ഇന്ത്യക്ക് കൈമാറാമെന്ന് ധാരണയിലെത്തിയ കാലപരിധിയെ അപേക്ഷിച്ച് പുതിയ കരാര്‍ അനുസരിച്ച് വിമാനം ലഭിക്കാന്‍ സമയപരിധി കൂടുതലാണെന്നും റിപോര്‍ട്ടിലുണ്ട്
നിയമപരമായ പ്രശ്‌നങ്ങള്‍ വന്നാലോ കരാര്‍ വ്യവസ്ഥകള്‍ പാലിക്കാതെ വന്നാലോ അനധികൃത ഇടപെടല്‍ നടന്നാലോ ദാസോയ്‌ക്കെതിരെ നടപടിക്കോ പിഴയീടാക്കാനോ ഉള്ള വ്യവസ്ഥകള്‍ ഒഴിവാക്കപ്പെട്ടു. വിലയുടെ കാര്യത്തിലും മുന്‍ കരാറിനെക്കാള്‍ ഒട്ടും മെച്ചമല്ല പുതിയ കരാറെന്നും റിപോര്‍ട്ട് പറയുന്നു. യുപിഎ കാലത്ത് കരാറിനായി രംഗത്തുണ്ടായ യൂറോഫൈറ്റര്‍ മുന്നോട്ട് വച്ച കരാര്‍ ഇതിലും ലാഭകരമായിരുന്നെന്നും റിപോര്‍ട്ട് പറയുന്നു.