റെയില്‍വേ നിയമന അഴിമതിക്കേസ്; ലാലു പ്രസാദ് യാദവിനും കുടുംബത്തിനും മുന്‍കൂര്‍ ജാമ്യം
ന്യൂഡല്‍ഹി: റെയില്‍വെ നിയമനത്തിന് ഭൂമി കോഴയായി വാങ്ങിയെന്ന കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) ദേശീയ അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിനും കുടുംബത്തിനും മുന്‍കൂര്‍ ജാമ്യം. ഡല്‍ഹി റോസ് അവന്യു കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തിനായി 50,000 രൂപ വീതം കെട്ടിവയ്ക്കണം. കേസിലെ വിചാരണ ഇന്ന് ആരംഭിച്ചു. ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്‌റി ദേവി, മക്കള്‍ എന്നിവരുള്‍പ്പെടെ 16 പേരാണ് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ പ്രതികള്‍. ഗൂഢാലോചന, അഴിമതി, അധികാര ദുര്‍വിനിയോഗം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ലാലു പ്രസാദ് യാദവിനും മറ്റ് പ്രതികള്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത്.
വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തില്‍ കഴിയുന്ന ലാലു പ്രസാദ് യാദവ് ഉള്‍പ്പടെയുള്ള 16 പ്രതികളോടും ഹാജരാവാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം ലാലു പ്രസാദ് യാദവും ഭാര്യ റാബ്‌റി ദേവിയും മറ്റ് 14 പേരും ബുധനാഴ്ച ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഹാജരായിരുന്നു. കേസിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച് ഇഡി അന്വേഷണവും പുരോഗമിക്കുകയാണ്. ലാലു കേന്ദ്രമന്ത്രിയായിരുന്ന കാലത്തെ ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരെയും സിബിഐ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. 2004 നും 2009 നും ഇടയില്‍ ലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ലാലുവിന്റെ കുടുംബത്തിന് ഭൂമി സമ്മാനമായി നല്‍കുകയോ വില്‍ക്കുകയോ ചെയ്യുന്നവര്‍ക്ക് പകരമായി റെയില്‍വേയില്‍ നിയമനം നല്‍കിയെന്നാണ് കേസ്. ക്രിമിനല്‍ ഗൂഢാലോചന, അഴിമതി നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ത്യന്‍ റെയില്‍വേയുടെ നിയമന ചട്ടങ്ങളും നടപടിക്രമങ്ങളും ലംഘിച്ച് ക്രമവിരുദ്ധ നിയമനങ്ങള്‍ നടന്നതായി സിബിഐ കുറ്റപത്രത്തില്‍ ആരോപിച്ചു. അതേസമയം, കേസില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ചൊവ്വാഴ്ച മൂന്നാം തവണയും സിബിഐക്ക് മുന്നില്‍ ഹാജരായില്ല. ഈ മാസം നാലിനും പതിനൊന്നിനും ഹാജരാവാത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവാന്‍ യാദവിന് സിബിഐ നോട്ടിസ് നല്‍കിയിരുന്നു.