കോഴിക്കോട്: മാസപ്പിറവി കണ്ടതിനാല്‍ കേരളത്തില്‍ റമദാന്‍ വ്രതാരംഭത്തിനു നാളെ തുടക്കമാവും. കോഴിക്കോടിനടുത്തുള്ള കാപ്പാട് കടപ്പുറത്തും വെള്ളയിലും ചന്ദ്രക്കല കണ്ടതായി ഖാസിമാര്‍ സ്ഥിരീകരിച്ചു. കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു. കാപ്പാട് റമസാന്‍ ചന്ദ്രക്കല ദൃശ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റമസാന്‍ ഒന്ന് നാളെയായിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ഖാസി കെ വി ഇമ്പിച്ചമ്മത് ഹാജി പ്രഖ്യാപിച്ചു. മാസപ്പിറവി ദര്‍ശിച്ചതിനാല്‍ റമദാന്‍ ഒന്ന് ചൊവ്വാഴ്ച ആയിരിക്കുമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ് ല്യാര്‍ അറിയിച്ചു. ഇന്നലെ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ സൗദി അറേബ്യയും ഖത്തറും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ റമദാന്‍ വ്രതാരംഭം ചൊവ്വാഴ്ചയായിരിക്കുമെന്ന് സൗദി സുപ്രിം കോടതിയും ഖത്തര്‍ ഔഖാഫ് മന്ത്രാലയവും അറിയിച്ചിരുന്നു. ഒമാന്‍, യുഎഇ, കുവൈത്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും ചൊവ്വാഴ്ചയാണ് വ്രതാരംഭം.
വിശ്വാസികള്‍ക്കിനി ഒരു മാസം വ്രതശുദ്ധിയുടെ പുണ്യ ദിനങ്ങളാണ്. പകല്‍ മുഴുവന്‍ ഭക്ഷണമുപേക്ഷിച്ച് മനസ്സും ശരീരവും അല്ലാഹുവിന് സമര്‍പ്പിക്കുന്ന രാപ്പകലുകള്‍. വീട്ടകങ്ങളും പള്ളികളും എന്നു വേണ്ട ഓരോ ഇസ് ലാം മത വിശ്വാസിയുടെയും മനസ്സില്‍ പാപമോചനത്തിന്റെയും പ്രാര്‍ഥനകളുടെയും നാളുകളാണ് കടന്നുവരുന്നത്. പള്ളികളില്‍ പ്രാര്‍ഥനാനിരതരായും ദാന ധര്‍മങ്ങളിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും മുഴുകിയും സ്വയം നവീകരണത്തിന്റെ ദിനങ്ങളാണ് വരുന്നത്. ഓരോ പുണ്യപ്രവൃത്തിക്കും എത്രയോ മടങ്ങ് ഇരട്ടി പ്രതിഫലം ലഭിക്കുമെന്ന അല്ലാഹുവിന്റെ വാഗ്ദാനം പൂര്‍ണമായും നന്‍മയില്‍ മുഴുകാന്‍ വിശ്വാസിക്കു പ്രചോദനമാണ്.
കൊവിഡ് വ്യാപനം കാരണം സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത് ആരാധനയ്ക്കു തടസ്സമായേക്കുമോയെന്ന ആശങ്കയും വിശ്വാസി സമൂഹത്തിനുണ്ട്. കഴിഞ്ഞ തവണത്തെ റദമാന്‍ കാലം കൊവിഡ് കാരണം പള്ളികളിലെ ആരാധനകള്‍ക്ക് വിലക്കുണ്ടായിരുന്നു. ഇത്തവണ പൂര്‍ണമായ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നത് ഏറെ ആശ്വാസകരമാണെങ്കിലും ആഘോഷങ്ങള്‍ക്കു കൂടിച്ചേരലുകള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഞായറാഴ്ച മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കണമെന്ന് സൗദി സുപ്രിം കോടതിയും ഖത്തര്‍ ഔഖാഫ് മാസപ്പിറവി നിരീക്ഷണ സമിതിയും അറിയിച്ചിരുന്നെങ്കിലും ദൃശ്യമാവാത്തതിനെ തുടര്‍ന്ന് ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ച റമദാന്‍ വ്രതാരംഭമായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
Ramadan fasting begins tomorrow in Kerala