വാളയാര്‍ കേസില്‍ പുനര്‍വിചാരണ; പ്രതികളെ വെറുതെ വിട്ട പോക്‌സോ കോടതി വിധി ഹൈക്കോടതി റദ്ദാക്കി
പ്രതികള്‍ 20ന് മുമ്പ് വിചാരണക്കോടതിയില്‍ നേരിട്ട് ഹാജരാവാനും കോടതി ഉത്തരവിട്ടു.
കൊച്ചി: വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരിന്റെയും രക്ഷിതാക്കളുടേയും അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. പ്രതികള്‍ക്കെതിരേ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് കാണിച്ച് നാല് പ്രതികളെ നേരത്തേ വിചാരണ കോടതി വെറുതെവിടുകയായിരുന്നു.
പ്രതികളെ വെറുതെവിട്ട പാലക്കാട് പോക്‌സോ കോടതി ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാറും കുട്ടികളുടെ മാതാവും നല്‍കിയ ഹരജികളിലാണ് ജസ്റ്റിസ് എ ഹരിപ്രസാദ്, ജസ്റ്റിസ് എം ആര്‍ അനിത എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വിധി പ്രസ്താവിച്ചത്. അന്വേഷണ സംഘത്തിന്റേയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും ശക്തമായ തെളിവുകള്‍ പരിഗണിക്കാതെയാണ് വിധി പുറപ്പെടുവിച്ചിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. പ്രതികള്‍ ഈ മാസം 21ന് വിചാരണക്കോടതിയില്‍ നേരിട്ട് ഹാജരാവാനും കോടതി ഉത്തരവിട്ടു.
2017ലാണ് വാളയാളിലെ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തത്. 13കാരി ജനുവരിയിലും ഒമ്പത് വയസുകാരി മാര്‍ച്ചിലും തൂങ്ങിമരിച്ചു. ഇരുവരും ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായി എന്ന് തെളിഞ്ഞിരുന്നു.
വി മധു, ഷിബു, എം മധു, പ്രദീപ് എന്നീ പ്രതികളെയാണ് പോക്‌സോ കോടതി വെറുതെ വിട്ടിരുന്നത്. കേസ് അന്വേഷിച്ച പോലിസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്ന് ആരോപണം ഉയര്‍ന്നിരുന്നു. തുടരന്വേഷണത്തിന് ഒരുക്കമാണ് എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. പ്രതികള്‍ക്ക് അനുകൂലമാകുന്ന നടപടികളാണ് കേസിന്റെ തുടക്കം മുതലുണ്ടായതെന്ന് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു.