വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് കോടതിയുടെ അനുമതി
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച തുടരന്വേഷണ അപേക്ഷ പാലക്കാട് പോക്‌സോ കോടതി ജഡ്ജി എസ് മുരളീകൃഷ്ണ അംഗീകരിക്കുകയായിരുന്നു.
പാലക്കാട്: വാളയാറില്‍ രണ്ട് സഹോദരിമാര്‍ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ തുടരന്വേഷണം നടത്താന്‍ പാലക്കാട് പോക്‌സോ കോടതി അനുമതി നല്‍കി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച തുടരന്വേഷണ അപേക്ഷ പാലക്കാട് പോക്‌സോ കോടതി ജഡ്ജി എസ് മുരളീകൃഷ്ണ അംഗീകരിക്കുകയായിരുന്നു. ആളുകളുടെ മൊഴി എടുക്കല്‍, ശാസ്ത്രീയമായ തെളിവെടുക്കല്‍ തുടങ്ങിയ നടപടികള്‍ അന്വേഷണസംഘം വീണ്ടും നടത്തും.
നിശാന്തിനി ഐപിഎസിനാണ് അന്വേഷണത്തിന്റെ മുഴുവനായുള്ള മേല്‍നോട്ടം. കേസില്‍ പ്രതികളെ വെറുതെവിട്ടതിനെതിരേ സംസ്ഥാന സര്‍ക്കാരും സഹോദരിമാരുടെ അമ്മയും ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച് കീഴ്‌കോടതി വിധി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ എസ്പി നിശാന്തിനിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. 20നാണ് പാലക്കാട് ക്രൈംബ്രാഞ്ച് എസ്പി എ എസ് രാജു തുടരന്വേഷണ അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചത്. ഇത് പരിഗണിച്ച പാലക്കാട് പോക്‌സോ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള രണ്ടുപേരുടെ കസ്റ്റഡി കാലാവധി വെളളിയാഴ്ച ഫെബ്രുവരി അഞ്ചുവരെ നീട്ടിയിരുന്നു.
വാളയാര്‍ പാമ്പാംപള്ളം കല്ലങ്കാട് സ്വദേശി വി മധു (30), ഇടുക്കി രാജാക്കാട് സ്വദേശി ഷിബു (46) എന്നിവരുടെ കസ്റ്റഡിയാണ് നീട്ടിയത്. പാമ്പാംപള്ളം കല്ലങ്കാട് സ്വദേശി എം മധുവിന് (കുട്ടി മധു-27) ഹൈക്കോടതി ജാമ്യം നിലവിലുണ്ട്. അന്വേഷണസംഘം കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും തുടരന്വേഷണത്തിനായി സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി പോക്‌സോ കോടതി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി സുബ്രഹ്മണ്യന്‍ ഹാജരായി.