വാളയാര്‍ കേസ്: സിബിഐക്കെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ച് കുട്ടികളുടെ മാതാപിതാക്കള്‍

Update: 2025-01-09 10:40 GMT

കൊച്ചി: വാളയാര്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സിബിഐക്കെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ച് കുട്ടികളുടെ മാതാപിതാക്കള്‍. മാതാപിതാക്കളെ പ്രതി ചേര്‍ത്താണ് സിബിഐ കുറ്റപത്രം നല്‍കിയിരിക്കുന്നത്. ഐപിസി, പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. തങ്ങളുടെ പേര് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരേ കേസ് നല്‍കുമെന്നും സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും കുട്ടികളുടെ മാതാവ് പ്രതികരിച്ചു. വാളയാര്‍ സമരസമിതിയുമായി കൂടിയാലോചിച്ചായിരിക്കും തീരുമാനം എന്നും അവര്‍ പറഞ്ഞു. സിബിഐയുടെ നടപടി ഞെട്ടലുണ്ടാക്കുന്നതാണെന്നും ഇത് വിചിത്രമായ കുറ്റപത്രമാണെന്നും സമര സമിതി പ്രതികരിച്ചു.

ബലാത്സംഗ പ്രേരണാക്കുറ്റം, ആത്മഹത്യ പ്രേരണാക്കുറ്റം, പീഡനവിവരം അറിഞ്ഞിട്ടും അതു മറച്ചുവെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കുട്ടികളുടെ രക്ഷിതാക്കള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

2017 ജനുവരി 13നാണ് 13 വയസ്സുള്ള പെണ്‍കുട്ടിയെ വാളയാര്‍ അട്ടപ്പള്ളത്തെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് നാലിന് ഒമ്പത് വയസ്സുള്ള ഇളയ സഹോദരിയും സമാനസാഹചര്യത്തില്‍ മരിച്ചു. നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ ആത്മഹത്യ ചെയ്തുവെന്നാണ് പോലിസും പിന്നാലെ സിബിഐയും കണ്ടെത്തിയത്. എന്നാല്‍, 14ഉം ഒമ്പതും വയസ് മാത്രമുള്ള തന്റെ മക്കളുടേത് ആത്മഹത്യയല്ലെന്നും കൊലപ്പെടുത്തിയതാണെന്നുമായിരുന്നു പെണ്‍കുട്ടികളുടെ മാതാവ് പറഞ്ഞിരുന്നത്. അതേസമയം, കുട്ടികള്‍ ചൂഷണത്തിനിരയായത് മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നെന്ന സിബിഐയുടെ കണ്ടെത്തല്‍ കേസിലെ പുതിയ വഴിത്തിരിവായിരിക്കുകയാണ്.

Tags:    

Similar News