'നിങ്ങള്‍ വര്‍ണാന്ധത ബാധിച്ച ഒരു ഫാഷിസ്റ്റ്'; മുഖ്യമന്ത്രിയുടെ കറുപ്പ് വിലക്കിനെതിരേ ഹരീഷ് പേരടി

Update: 2023-02-20 06:48 GMT

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത കോഴിക്കോട് മീഞ്ചന്ത ആര്‍ട്‌സ് കോളജിലെ പരിപാടിയില്‍ കറുത്ത വസ്ത്രം ഒഴിവാക്കാന്‍ കോളജ് അധികൃതര്‍ നിര്‍ദേശം നല്‍കിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. കറുപ്പിനെ ഭയപ്പെടുന്നുണ്ടെങ്കില്‍ എത്ര വെളുത്ത വസ്ത്രം ധരിച്ചാലും നിങ്ങള്‍ വര്‍ണാന്ധത ബാധിച്ച ഒരു ഫാഷിസ്റ്റ് ആയിരിക്കുമെന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ പേര് പറയാതെയായിരുന്നു വിമര്‍ശനം.

'കറുപ്പിനെ നിങ്ങള്‍ ഭയപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ എത്ര വെളുത്ത വസ്ത്രങ്ങള്‍ ധരിച്ചാലും...നിങ്ങള്‍ വര്‍ണാന്ധത ബാധിച്ച ഒരു ഫാഷിസ്റ്റ് ആണെന്ന് ഉറപ്പിക്കാം...', എന്നാണ് ഹരീഷ് പേരടി കുറിച്ചത്. പോസ്റ്റിനൊപ്പം കറുപ്പിന്റെ ചിത്രവും നല്‍കിയിട്ടുണ്ട്. ഹരീഷ് പേരടിയുടെ പോസ്റ്റിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്. നേരത്തെ ഹരീഷ് പേരടിയുടെ സിനിമയുടെ പോസ്റ്റര്‍ സിപിഎം നേതാവ് എം എ ബേബി ഫേസ്ബുക്കില്‍ പങ്കുവച്ചത് വിവാദമായിരുന്നു.

പാര്‍ട്ടി വിരുദ്ധത പറയുന്ന ഹരീഷ് പേരടിയുടെ ചിത്രത്തിന്റെ പോസ്റ്റര്‍ എം എ ബേബി പുറത്തുവിട്ടത് ശരിയായില്ലെന്നായിരുന്നു ഇടത് അനുകൂലികളുടെ വിമര്‍ശനം. മുഖ്യമന്ത്രി പങ്കെടുത്ത കോഴിക്കോട് മീഞ്ചന്ത ആര്‍ട്ട്‌സ് കോളജിലെ പരിപാടിയില്‍ കറുത്ത വസ്ത്രം ഒഴിവാക്കാന്‍ കോളജ് അധികൃതര്‍ നിര്‍ദേശം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. പരിപാടി നടക്കുന്ന വേദിയിലും പുറത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. കറുത്ത വസ്ത്രമോ മാസ്‌കോ ധരിക്കുന്നതില്‍നിന്നു വിദ്യാര്‍ഥികളെ വിലക്കുകയും ചെയ്തിരുന്നു. ഐഡി കാര്‍ഡോ പരിപാടിയുടെ ടാഗോ ഇല്ലാത്തവര്‍ക്കു പ്രവേശനവും നിഷേധിച്ചിരുന്നു.

Tags:    

Similar News