'അമ്മയെന്നത് മലയാളത്തിലെ മനോഹരമായ പദം, 'എഎംഎംഎ'യെ അങ്ങനെ വിളിക്കില്ല'; രാജിയിലുറച്ച് ഹരീഷ് പേരടി

Update: 2022-06-05 06:16 GMT

കോഴിക്കോട്: താരസംഘടനയായ 'അമ്മയില്‍' നിന്ന് രാജിവച്ചതില്‍നിന്നും പിന്നോട്ടില്ലെന്ന് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഹരീഷ് നിലപാട് വ്യക്തമാക്കിയത്. 'A.M.M.A' ജനറല്‍ സെക്രട്ടറി ഇടവേള ബാബു തന്നെ വിളിച്ച് രാജിയില്‍ വല്ല മാറ്റവുമുണ്ടോ എന്ന് ചോദിച്ചെന്നും ഹരീഷ് വെളിപ്പെടുത്തി. വിജയ് ബാബുവിനെ പുറത്താക്കില്ലെന്ന് ഇടവേള ബാബു പറഞ്ഞു.

താന്‍ സംഘടനയെ അമ്മ എന്ന് വിളിക്കാത്തതില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. അമ്മ മലയാളത്തിലെ മനോഹരമായ പദങ്ങളിലൊന്നാണ്. സ്ത്രീ വിരുദ്ധനിലപാടുകള്‍ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ 'അമ്മ' എന്നല്ല അഭിസംബോധന ചെയ്യേണ്ടത്. രാജി വേഗം അംഗീകരിക്കണമെന്നും താനും സംഘടനയും രണ്ട് ദിശയിലാണെന്നും ഹരീഷ് പേരടി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നലെ A.M.M.Aയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു എന്നെ വിളിച്ചിരുന്നു...ഇന്നലെ അവരുടെ എക്‌സികൂട്ടിവ് മീറ്റിങ്ങില്‍ എന്റെ രാജി ചര്‍ച്ച ചെയ്തിരുന്നു എന്നും എന്റെ രാജിയില്‍ വല്ല മാറ്റവുമുണ്ടോ എന്നറിയാന്‍...വിജയ് ബാബു സ്വയം ഒഴിഞ്ഞുപോയതാണെന്ന പത്രക്കുറിപ്പ് പിന്‍വലിച്ച് അയാളെ A.M.MA. പുറത്താക്കിയാതാണെന്ന തിരത്തലുകള്‍ക്ക് തയ്യാറുണ്ടോ എന്ന് ഞാനും ചോദിച്ചു..വിജയ്ബാബുവിനെ പുറത്താക്കുന്ന പ്രശ്‌നമേയില്ലെന്നും I.C കമ്മിറ്റി തങ്ങള്‍ പറഞ്ഞത് കേള്‍ക്കാതെ ചാടിപ്പിടിച്ച് നിലപാടെടുത്തതാണെന്നും ഇടവേളബാബു ഉറക്കെ പ്രഖ്യാപിച്ചു...

അതുകൊണ്ടുതന്നെ എന്റെ രാജിയില്‍ ഉറച്ചുനില്‍ക്കുമെന്ന് ഞാനും ഉറക്കെ പ്രഖ്യാപിച്ചു...പിന്നെ ഇടവേളയുടെ മറ്റൊരു മുന്നറിയിപ്പ്..A.M.M.A യെ ഞാന്‍ അമ്മ എന്ന വിളിക്കാത്തതിന് തിരിച്ചുവന്നാലും അതിന് വിശദീകരണം തരേണ്ടിവരുമത്രേ... ക്വീറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യസമര പെന്‍ഷന്‍ വാങ്ങാന്‍ പോവാത്ത ഒരു സ്വാതന്ത്ര്യസമര പോരാളിയുടെ മകനാണ് ഞാന്‍ ...എന്റെ പേര് ഹരീഷ് പേരടി ...അമ്മ..മലയാളത്തിലെ മനോഹരമായ പദങ്ങളിലൊന്നാണ്..

ഇത്രയും സ്ത്രീവിരുദ്ധ നിലപാടുകള്‍ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ 'അമ്മ' എന്ന പേരില്‍ അഭിസംബോധന ചെയ്യാന്‍ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ല എന്ന് ഖേദപൂര്‍വമറിയിക്കട്ടെ... A.M.M.A ഒരു തെറിയല്ല..അത് ആ അസോസിയേഷന്റെ ഒറിജിനല്‍ ചുരുക്കപ്പേരാണ്...15ാം തിയ്യതിയിലെ കാര്യക്കാരുടെ ഒത്തുചേരലില്‍ (Executive Meeting) എന്റെ രാജി എത്രയും പെട്ടന്ന് നിങ്ങള്‍ അംഗീകരിക്കുക...ഞാനും നിങ്ങളും രണ്ട് ദിശയിലാണ്...ഞാന്‍ ഇവിടെ തന്നെയുണ്ടാവും...വീണ്ടും കാണാം...

Full View

Tags:    

Similar News