ബലാല്‍സംഗക്കേസ്: നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിം കോടതി
പരാതി നല്‍കിയത് എട്ട് വര്‍ഷത്തിന് ശേഷം എന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ദീഖിന് ജാമ്യം അനുവദിച്ചിരിക്കുന്നത്
ന്യൂഡല്‍ഹി: ബലാല്‍സംഗക്കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിം കോടതി. നിലവില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യത്തിലായിരുന്നു സിദ്ദീഖ്. പരാതി നല്‍കിയത് എട്ട് വര്‍ഷത്തിന് ശേഷം എന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ദീഖിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. പീഡന പരാതി നല്‍കാന്‍ പരാതിക്കാരി ഹേമ കമ്മിറ്റിയെ സമീപിച്ചിട്ടില്ലെന്നും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കൊണ്ട് കോടതി ചൂണ്ടിക്കാട്ടി. സിദ്ദീഖിനെ കുറ്റ വിമുക്തന്‍ ആക്കിയിട്ടില്ലെന്നും, മുന്‍ കൂര്‍ ജാമ്യം അനുവദിക്കുക മാത്രമാണ് ചെയ്യുന്നത് എന്നും സുപ്രിം കോടതി വ്യക്തമാക്കി.
അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നും സുപ്രിം കോടതി നിര്‍ദേശം നല്‍കി. സിദ്ദീഖ് പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ജാമ്യ വ്യവസ്ഥ സുപ്രിം കോടതി നിര്‍ദേശിക്കണം എന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ജസ്റ്റിസ് മാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ അടങ്ങിയ ബെഞ്ച് തള്ളി.