
കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ് ബലാൽസംഗ - കൊലപാതക കേസിൽ സുപ്രിംകോടതി തിങ്കളാഴ്ച വാദം കേൾക്കും. തെളിവ് നശിപ്പിക്കലിന്റെ വിവിധ വശങ്ങൾ വിശദീകരിച്ചുകൊണ്ട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഈ മാസം കൊൽക്കത്തയിലെ പ്രത്യേക കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിക്കും.
ബലാൽസംഗക്കൊലയിൽ കൊൽക്കത്ത പോലിസിലെ സിവിൽ വളണ്ടിയർ ആയ സഞ്ജയ് റോയിക്കെതിരെ ഒക്ടോബറിലാണ് സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചത്. കൊൽക്കത്ത പോലിസ് നടത്തിയ അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തെളിവുകൾ നശിപ്പിക്കുന്നതിനും മാറ്റുന്നതിനും കാരണമായതായി ആരോപിക്കപ്പെടുന്ന സംഭവങ്ങൾക്ക് പിന്നിൽ ഒരു വലിയ ഗൂഢാലോചനയുടെ സാധ്യത ഉണ്ടന്ന വസ്തുതയും സിബിഐ കുറ്റപത്രത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.