ലോകകപ്പ് തോല്‍വി; ഫ്രാന്‍സില്‍ കലാപം, ആരാധകര്‍ വാഹനങ്ങള്‍ കത്തിച്ചു (വീഡിയോ)

Update: 2022-12-19 06:06 GMT

പാരിസ്: ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സ് അര്‍ജന്റീനയോട് തോറ്റതിന് പിന്നാലെ പല ഫ്രഞ്ച് നഗരങ്ങളിലും കലാപം പൊട്ടിപ്പുറപ്പെട്ടു. ആയിരക്കണക്കിന് ഫുട്‌ബോള്‍ ആരാധകരാണ് പാരിസിലും നൈസിലും ലിയോണിലും അക്രമാസക്തരായി തെരുവിലിറങ്ങിയത്. ക്രമസമാധാന നില നിലനിര്‍ത്താന്‍ പോലിസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോകള്‍ തെരുവുകളില്‍ വലിയ ബഹളവും അരാജകത്വവും കാണിച്ചു. പോലിസിനു നേരേ പടക്കമെറിയലും കല്ലേറുമുണ്ടായി. ലിയോണില്‍ കലാപകാരികളെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു സ്ത്രീക്ക് നേരെയും ആക്രമണമുണ്ടായി.

ഇതെത്തുടര്‍ന്ന് പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചതായി ഡെയ്‌ലി മെയില്‍ റിപോര്‍ട്ട് ചെയ്തു. ഫ്രഞ്ച് തലസ്ഥാനത്തെ പ്രശസ്തമായ ചാംപ്‌സ് എലിസീസില്‍ ആരാധകരും പോലിസുകാരും തമ്മില്‍ ഏറ്റുമുട്ടി. പോലിസുകാര്‍ക്ക് നേരെ കല്ലുകളും കുപ്പികളും പടക്കങ്ങളും എറിയുന്നുണ്ടായിരുന്നു. മല്‍സരത്തിനുശേഷം ആരാധകര്‍ വാഹനങ്ങള്‍ നശിപ്പിക്കുകയും തീയിടുകയും ചെയ്തു. ഫിഫ ലോകകപ്പ് ഫൈനല്‍ തല്‍സമയം കാണാനായി ആയിരക്കണക്കിന് ആളുകളാണ് ഫ്രാന്‍സിലെ വിവിധ നഗരങ്ങളില്‍ തെരുവിലിറങ്ങിയത്. ഇവിടെ ലോകകപ്പിന്റെ ഫൈനല്‍ വലിയ സ്‌ക്രീനില്‍ വീക്ഷിക്കുകയായിരുന്നു.

അതിനിടെ, മല്‍സരത്തിന്റെ അന്തരീക്ഷം ചൂടുപിടിച്ചതോടെ ആരാധകരുടെ ആവേശവും കൂടി. ഫൈനലിനോട് അനുബന്ധിച്ച് ഫ്രാന്‍സിലുടനീളം 14,000 പോലിസുകാരെ വിന്യസിച്ചിരുന്നതായി റിപേര്‍ട്ടുണ്ടായിരുന്നു. ദശലക്ഷക്കണക്കിന് ആരാധകരാണ് തെരുവില്‍ പ്രതിഷേധിച്ചിറങ്ങിയത്. ഫൈനലിലെ തോല്‍വിയ്ക്ക് പിന്നാലെയാണ് ഇവര്‍ പ്രകോപിതരായതും. പ്രക്ഷോഭത്തില്‍ പങ്കെടുത്ത ഡസന്‍ കണക്കിനാളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ ഖത്തറിലെ ലൂസെയ്ല്‍ സ്‌റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് അര്‍ജന്റീന ഫ്രാന്‍സിനെ വീഴ്ത്തിയത്. ഷൂട്ടൗട്ടില്‍ 4-2നായിരുന്നു അര്‍ജന്റീനയുടെ ജയം.

Tags:    

Similar News