നിധിനേടി നീലപ്പട; ലോകകിരീടം അര്‍ജന്റീനയ്ക്ക്‌

Update: 2022-12-18 18:22 GMT


ദോഹ: 36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. 1986ന് ശേഷം ലോകകിരീടം അര്‍ജന്റീനയിലേക്ക്. അവസാന നിമിഷം വരെ ആവേശ വിതറിയ തീപ്പാറും പോരാട്ടത്തിനൊടുവില്‍ നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് മറഡോണയുടെ നാട്ടുകാര്‍ കിരീടം നേടിയത്. തന്റെ അവസാന ലോകകപ്പ് കളിച്ച ഫുട്‌ബോളിന്റെ മിശ്ശിഹ ഒടുവില്‍ ആ കിരീടം നേടിയാണ് ഖത്തറില്‍ നിന്ന് വിടപറയുന്നത്. 2014ല്‍ കൈയ്യെത്തും ദൂരത്ത് കൈവിട്ട കിരീടം ഇത്തവണ അവര്‍ സ്വന്തമാക്കുകയായിരുന്നു. ഷൂട്ടൗട്ടില്‍ അര്‍ജന്റീനയുടെ ഭാഗ്യതാരമായ എമി മാര്‍ട്ടിന്‍സാണ് ടീമിന് ജയമൊരുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത്.

മല്‍സരത്തിന്റെ തുടക്കം മുതലെ അര്‍ജന്റീന്‍ മുന്നേറ്റമാണ് കാണാനായത്. നിരവധി അവസരങ്ങളാണ് അര്‍ജന്റീന സൃഷ്ടിച്ചത്. 23ാം മിനിറ്റിലാണ് വാമോസ് ലീഡെടുത്തത്. ഏയ്ഞ്ചല്‍ ഡി മരിയയെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി മെസ്സി വലയിലെത്തിച്ചു. 36ാം മിനിറ്റില്‍ അര്‍ജന്റീന വീണ്ടും വലകുലിക്കി. മെസ്സി തുടങ്ങിവച്ച മുന്നേറ്റം ഡി മരിയ ഗോളാക്കുകയായിരുന്നു.


 

രണ്ടാം പകുതിയില്‍ ഡെംബലെയും ജിറൗഡിനെയും കയറ്റി മാര്‍ക്കസ് തുറാം റന്‍ഡല്‍ കോലോ മുവാനി എന്നിവരെ ഫ്രാന്‍സ് ഇറക്കി. അര്‍ജന്റീന 64ാം മിനിറ്റില്‍ ഡി മരിയക്ക് പകരം അക്വനയെ ഇറക്കി. 71ാം മിനിറ്റില്‍ എംബാപ്പെ മികച്ച ഒരു ശ്രമം നടത്തി. എന്‍സോ ഫെര്‍ണാണ്ടസും അര്‍ജന്റീനയ്ക്കായി ഒരു അവസരം സൃഷ്ടിച്ചു.

കോലോ മുവാനിയെ ഒട്ടമെന്‍ഡി വീഴ്ത്തിയതിനായിരുന്നു ഫ്രാന്‍സിന് 80ാം മിനിറ്റില്‍ പെനാല്‍റ്റി ലഭിച്ചത്.പെനാല്‍റ്റിയെടുത്ത എംബാപ്പെയ്ക്ക് പിഴച്ചില്ല. ഫ്രാന്‍സിന്റെ ആദ്യ ഗോള്‍. തൊട്ടടുത്ത മിനിറ്റില്‍ തന്നെ എംബാപ്പെ വീണ്ടും സ്‌കോര്‍ ചെയ്ത് മല്‍സരം ഒപ്പത്തിനൊപ്പമാക്കി. തുടര്‍ന്ന് ഫ്രാന്‍സ് ഉണര്‍ന്ന് കളിച്ചു. തുടര്‍ന്ന് മല്‍സരത്തിന്റെ നിശ്ചിത സമയം അവസാനിച്ചു.



എക്‌സ്ട്രാ ടൈമില്‍ ഇരുടീമും ഒപ്പത്തിനൊപ്പമുള്ള പ്രകടനങ്ങള്‍ പുറത്തെടുത്തു. 108ാം മിനിറ്റില്‍ മെസ്സിയിലൂടെ അര്‍ജന്റീന വീണ്ടും മുന്നിലെത്തി. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാവത്ത കിലിയന്‍ എംബാപ്പെയിലൂടെ ഫ്രാന്‍സ് വീണ്ടും ഒപ്പത്തിനൊപ്പമെത്തി.

എന്നാല്‍ എംബാപ്പെയെന്ന ഒറ്റയാന് മാത്രം ഫ്രാന്‍സിനെ രക്ഷിക്കാനായില്ല. ഹ്യൂഗോ ലോറിസിന്റെ കൈകള്‍ക്ക് അര്‍ജന്റീനന്‍ താരങ്ങളുടെ കിക്ക് തടയാനുമായില്ല. ഒടുവില്‍ കിരീടം റെക്കോഡുകളുടെ തോഴന്‍ മെസ്സിക്കും അര്‍ജന്റീനയ്ക്കും.



 







Tags:    

Similar News