അത് സംഭവിക്കരുതായിരുന്നു; ലോകകപ്പിലെ വാന്‍ഗാളുമായുള്ള വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മെസ്സി

മല്‍സരത്തില്‍ 15 മഞ്ഞ കാര്‍ഡുകളാണ് വീണത്.

Update: 2023-01-31 07:33 GMT





പാരിസ്: ഖത്തര്‍ ലോകകപ്പില്‍ നെതര്‍ലന്റസ് കോച്ച് ലൂയിസ് വാന്‍ഗാളിനെതിരേ ആംഗ്യഭാഷയില്‍ ചില ചേഷ്ടകള്‍ കാണിച്ചതിനും അദ്ദേഹത്തോട് മാന്യമല്ലാതെ പെരുമാറിയതിനും ഖേദ പ്രകടനവുമായെത്തിയിരിക്കുകയാണ് അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി. ലോകകപ്പിന് ശേഷം ആദ്യമായാണ് താരം ഈ വിഷയത്തില്‍ പ്രതികരിച്ചത്. മല്‍സരത്തിന്റെ വീറിലും വാശിയിലും സംഭവിച്ചതായിരുന്നു. നെതര്‍ലന്റസ് താരങ്ങളുടെയും കോച്ചിന്റെയും തുടര്‍ച്ചയായ പ്രകോപനങ്ങള്‍ക്ക് ശേഷം സംയമനം കൈവിട്ടുപോകുകയായിരുന്നു. അവരുടെ ശകാരങ്ങള്‍ കേള്‍ക്കുന്നില്ലേ എന്ന സഹതാരങ്ങളുടെ ചോദ്യം തന്നെ വല്ലാതാക്കി. ഒന്നും ആലോചിക്കാന്‍ സമയമില്ലായിരുന്നു. വാന്‍ഗാള്‍ മല്‍സരത്തിന് മുമ്പ് പറഞ്ഞ വാക്കുകള്‍ എല്ലാം മനസ്സിലുണ്ടായിരുന്നു. സമ്മര്‍ദ്ധത്തിനൊടുവില്‍ സംഭവിച്ച് പോയതാണെന്നും ലിയോ പറഞ്ഞു.



നെതര്‍ലന്റസ് താരം വേഗ്‌ഹോഴ്‌സ്റ്റിനോട് പോവാന്‍ പറഞ്ഞതും അദ്ദേഹത്തെ വിഡ്ഢിയെന്ന് വിളിച്ചതും ശരിയായില്ല-മെസ്സി പറഞ്ഞു. താന്‍ ഇത് ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. തന്റെ ആരാധകര്‍ തന്നെ ഇത്തരത്തില്‍ ഓര്‍ക്കുന്നത് ഇഷ്ടമല്ലെന്നും പിഎസ്ജി താരം പറഞ്ഞു. ലോകകപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ മല്‍സരത്തില്‍ ഷൂട്ടൗട്ടിലായിരുന്നു അര്‍ജന്റീനയുടെ ജയം.മല്‍സരത്തില്‍ 15 മഞ്ഞ കാര്‍ഡുകളാണ് വീണത്.




മത്സരത്തിനിടെ വാന്‍ഗാലിനു മുന്നില്‍ മുന്‍ അര്‍ജന്റീന താരം റിക്വല്‍മിയെ അനുകരിച്ചായിരുന്നു മെസ്സിയുടെ ഗോളാഘോഷം. ബാഴ്‌സാ പരിശീലനായിരിക്കെ വാന്‍ഗാള്‍ സ്ഥിരമായി റിക്വല്‍മിയെ ടീമില്‍ നിന്ന് തഴയുമായിരുന്നു. ഇതിനുള്ള പ്രതിഷേധമായിരുന്നു മെസ്സി നടത്തിയത്.





Tags:    

Similar News