റിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു
2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് പഴയ ചൂരി പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചു കയറിയ ആര്‍എസ്എസ് പ്രവര്‍ത്തകരായ സംഘം റിയാസ് മൗലവിയെ കഴുത്തറുത്തുകൊന്നത്.
കാസര്‍കോട്: ചൂരിയിലെ മദ്‌റസ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി(27)യെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ മൂന്ന് പ്രതികളെയും കോടതി വെറുതെവിട്ടു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അജേഷ് എന്ന അപ്പു(27), നിതിന്‍ (26), കേളുഗുഡെ ഗംഗെ നഗറിലെ അഖിലേഷ് (32) എന്നിവരെയാണ് കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ കെ ബാലകൃഷ്ണന്‍ വെറുതെവിട്ടത്. മൂന്നുതവണ മാറ്റിവച്ച ശേഷമാണ് ഇന്ന് വിധിപറഞ്ഞത്. 2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് പഴയ ചൂരി പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചു കയറിയ ആര്‍എസ്എസ് പ്രവര്‍ത്തകരായ സംഘം റിയാസ് മൗലവിയെ കഴുത്തറുത്തുകൊന്നത്. കൊലപാതകം നടന്ന് മൂന്നാംനാള്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് മേധാവി ഡോ. എ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പ്രതികളെ അറസ്റ്റു ചെയ്തിരുന്നു. ഇതിനുശേഷം പ്രതികള്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ഏഴ് വര്‍ഷമായി ജയിലില്‍ കഴിയുകയാണ്. 2019ലാണ് കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ തുടങ്ങിയത്. ജഡ്ജിമാരുടെ സ്ഥലം മാറ്റവും കൊവിഡും കാരണം പലതവണ കേസ് മാറ്റിവച്ചിരുന്നു. ഏഴ് ജഡ്ജിമാരാണ് കേസ് ഇതുവരെ പരിഗണിച്ചത്. ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ന് വിധി പറയുന്നതിനാല്‍ കാസര്‍കോഡ് ജില്ലയില്‍ കനത്ത സുരക്ഷയായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. അവധിയില്‍ പോയ പോലിസുകാരെ ഉള്‍പ്പെടെ ജില്ലാ പോലിസ് മേധാവി വിളിച്ചുവരുത്തിയിരുന്നു.