വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്; സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍ അടക്കമുള്ള പ്രതികളെ കോടതി വെറുതെ വിട്ടു

Update: 2021-10-14 05:33 GMT

കൊച്ചി: എറണാകുളത്ത് വ്യവസായിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍ അടക്കമുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കിയതിനെത്തുടര്‍ന്നാണ് പ്രതികളെ വെറുതെ വിട്ടത്. പരാതിക്കാരനായ ജൂബി പോള്‍ ഉള്‍പ്പടെയുള്ള കേസിലെ മുഴുവന്‍ സാക്ഷികളും വിചാരണഘട്ടത്തില്‍ കൂറുമാറി. കേസ് തെളിയിക്കാന്‍ പോലിസിന് യാതൊരു തെളിവും ഹാജരാക്കാനായില്ലെന്ന് കോടതി നിരീക്ഷിച്ചു.

പ്രതികള്‍ക്കെതിരായ കേസ് സംശയാസ്പദമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായി പരാജയപ്പെട്ടെന്നും കോടതി വ്യക്തമാക്കി. ഒന്നാം പ്രതിയും കളമശ്ശേരി ഏരിയാ മുന്‍ സെക്രട്ടറിയുമായ സക്കീര്‍ ഹുസൈന്‍, രണ്ടാം പ്രതിയും മുന്‍ ഡിവൈഎഫ്‌ഐ നേതാവുമായ കറുകപ്പള്ളി സിദ്ദീഖ്, മൂന്നാം പ്രതി തമ്മനം ഫൈസല്‍, നാലാം പ്രതി കാക്കനാട്ടെ വ്യവസായ സംരംഭക ഷീലാ തോമസ് എന്നിവരെയാണ് വെറുതെ വിട്ടത്. തട്ടിക്കൊണ്ടുപോവല്‍, തടങ്കലില്‍ വച്ച് ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള ഗുരുതര കുറ്റങ്ങളായിരുന്നു പ്രതികള്‍ക്കെതിരേ ചുമത്തിയതെങ്കിലും കേസ് തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ പോലിസിന് കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തി.

2016 ഒക്ടോബര്‍ 22 നാണ് യുവ വ്യവസായി ജൂബി പൗലോസ് സിപിഎം ഏരിയാ സെക്രട്ടറിയ്‌ക്കെതിരേ പരാതിയുമായി പാലാരിവട്ടം പോലിസിനെ സമീപിച്ചത്. ഒന്നര വര്‍ഷം മുമ്പ് തന്നെ സക്കീര്‍ ഹുസൈന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയി പാര്‍ട്ടി ഓഫിസില്‍ വച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു കേസ്. വലിയ രാഷ്ട്രീയ കോലാഹലത്തിന് കാരണമായ വെളിപ്പെടുത്തലിന് പിറകെ സക്കീര്‍ ഹുസൈന്‍ ഒളിവില്‍പോയി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിറകെ കേസില്‍ പാര്‍ട്ടി നേതൃത്വം സക്കീര്‍ ഹുസൈനോട് കീഴടങ്ങാന്‍ നിര്‍ദേശിച്ചു.

2016 നവംബര്‍ 17 നായിരുന്നു പോലിസില്‍ സക്കീര്‍ കീഴടങ്ങിയത്. സക്കീര്‍ ജയിലിലായതോടെ സക്കീറിനെ സിപിഎം പുറത്താക്കി. എന്നാല്‍, പിന്നീട് അന്വഷണ കമ്മീഷന്‍ സക്കീര്‍ ഹുസൈന്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതോടെ പാര്‍ട്ടിയിലേക്ക് തിരികെയെത്തി. എന്നാല്‍, അനധികൃത സ്വത്ത് സമ്പാദനത്തില്‍ വീണ്ടും സക്കീര്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയി. ഈ കേസിലും പാര്‍ട്ടി കമ്മീഷന്‍ സക്കീറിനെ കുറ്റമുക്തമാക്കുകയായിരുന്നു.

Tags:    

Similar News