കുടുംബം സമ്മാനമായി നല്‍കിയ 50കോടിയുടെ ഹെലികോപ്റ്റര്‍ നാട്ടുകാര്‍ക്ക് നല്‍കി പത്മശ്രീ പുരസ്‌കാര ജേതാവ്
സൂറത്തിലെ വജ്രവ്യാപാരിയായ സവ്ജി ദൊലാക്യയാണ് പത്മശ്രീ പുരസ്‌കാരം നേടിയതിന് കുടുംബാംഗങ്ങള്‍ തനിക്ക് സമ്മാനമായി നല്‍കിയ ഹെലിക്കോപ്റ്റര്‍ സൂറത്തിലെ ജനങ്ങള്‍ക്കായി വിട്ടുനല്‍കിയത്.
അഹമ്മദാബാദ്: കുടുംബം സമ്മാനമായി നല്‍കിയ 50കോടിയുടെ പുത്തന്‍ ഹെലിക്കോപ്റ്റര്‍ തന്റെ നാട്ടിലെ ജനങ്ങളുടെ മെഡിക്കല്‍ അത്യാഹിതങ്ങള്‍ക്കായി വിട്ടുനല്‍കി പത്മശ്രീ പുരസ്‌കാര ജേതാവ്. സൂറത്തിലെ വജ്രവ്യാപാരിയായ സവ്ജി ദൊലാക്യയാണ് പത്മശ്രീ പുരസ്‌കാരം നേടിയതിന് കുടുംബാംഗങ്ങള്‍ തനിക്ക് സമ്മാനമായി നല്‍കിയ ഹെലിക്കോപ്റ്റര്‍ സൂറത്തിലെ ജനങ്ങള്‍ക്കായി വിട്ടുനല്‍കിയത്. നേരത്തെ കമ്പനിയിലെ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി ഫഌറ്റുകളും കാറുകളും നല്‍കിയും ദൊലാക്യ വാര്‍ത്തകളിലിടം പിടിച്ചിരുന്നു.
സൂറത്തിലെ ജനങ്ങളുടെ ആരോഗ്യ ആവശ്യങ്ങള്‍ക്കായി ഒരു ഹെലിക്കോപ്റ്റര്‍ സംഭാവന നല്‍കുന്നതിനെ കുറിച്ച് കുറച്ചു നാളായി താന്‍ ചിന്തിക്കുകയായിരുന്നെന്ന് ദൊലാക്യ പറഞ്ഞു. അങ്ങനെയിരിക്കെയാണ് കുടുംബാംഗങ്ങളുടെ അപ്രതീക്ഷിത സമ്മാനം ലഭിച്ചത്. ഉടന്‍ തന്നെ ഈ ഹെലിക്കോപ്റ്റര്‍ സംഭാവന നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
സര്‍ക്കാര്‍ അനുമതി ലഭിക്കുന്നതോടെ ഹെലിക്കോപ്റ്റര്‍ ജനങ്ങള്‍ക്കായി വിട്ടുനല്‍കും. ജലക്ഷാമം നേരിടുന്ന സൗരാഷ്ട്ര മേഖലയില്‍ ജലസംരക്ഷണത്തിനും ജലസംഭരണികള്‍ നിര്‍മ്മിക്കുന്നതിനുമായി ജീവിതം സമര്‍പ്പിച്ച വ്യക്തി കൂടിയാണ് ദൊലാക്യ. തന്റെ ജില്ലയായ അമ്രേലിയില്‍ നിലവില്‍ 75 ല്‍ കൂടുതല്‍ ജലസംഭരണികളും കുളങ്ങളും അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. തന്റെ കമ്പനിയിലെ ജീവനക്കാര്‍ക്കായി അഞ്ഞൂറിലേറെ കാറുകളും സ്വര്‍ണാഭരണങ്ങളും ഫഌറ്റുകളും നല്‍കിയും അദ്ദേഹം ഞെട്ടിച്ചിരുന്നു.
5500 ലേറെ ജീവനക്കാരുള്ള ദൊലാക്യയുടെ കമ്പനിയുടെ വാര്‍ഷിക വരുമാനം 6,000 കോടി രൂപയിലേറെയാണ്. 1977ല്‍ കേവലം 12.5 രൂപയും പോക്കറ്റിലിട്ട് സൂറത്തിലെത്തിയ ആളാണ് അദ്ദേഹം. ഇന്ന് രാജ്യത്തെ ഡയമണ്ട് വ്യാപാര മേഖലയിലെ പ്രമുഖനാണ് സവ്ജി ദൊലാക്യ.