കോട്ടയത്ത് വ്യാപാരി ആത്മഹത്യ ചെയ്ത നിലയില്‍; ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്നെന്ന് ആരോപണം

Update: 2023-09-26 05:10 GMT

കോട്ടയം: കോട്ടയത്ത് ചെരിപ്പുകട വ്യാപാരിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അയ്മനം കുടയംപടി സ്വദേശി ബിനു(50)വാണ് മരിച്ചത്. കര്‍ണാടക ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കര്‍ണാടക ബാങ്ക് മാനേജര്‍ പ്രദീപ് എന്നയാളുടെ തുടര്‍ച്ചയായ ഭീഷണിയാണ് പിതാവിന്റെ ആത്മഹത്യയ്ക്കു കാരണമെന്ന് മകള്‍ പറഞ്ഞു. രണ്ടുമാസത്തെ കുടിശ്ശിക മാത്രമാണ് നല്‍കാനുണ്ടായിരുന്നത്. ഇന്നലെയും കഴിഞ്ഞ ദിവസങ്ങളിലും മാനേജര്‍ കടയിലെത്തി പിതാവിനെ ഭീഷണിപ്പെടുത്തയതായും പണം തിരിച്ചടയ്ക്കാനാവാത്തതിലെ നാണക്കേട് കാരണമാണ് പിതാവ് ജീവനൊടുക്കിയതെന്നും മകള്‍ പറഞ്ഞു. ബിനു നേരത്തേ രണ്ടുതവണ കര്‍ണാടക ബാങ്കില്‍ നിന്ന് വായ്പയെടുക്കുകയും തിരിച്ചടക്കുകയും ചെയ്തിരുന്നു. പിന്നീട് അഞ്ചുലക്ഷം രൂപ വായ്പയെടുത്തു. ഇതില്‍ രണ്ടുമാസത്തെ കുടിശ്ശിക ബാങ്കില്‍ അടയ്ക്കാനുണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു. കച്ചവടം കുറവായതിനാല്‍ തിരിച്ചടവ് വൈകി. തുടര്‍ന്ന് മാനേജര്‍ പ്രദീപ് ഇന്നലെ കടയിലെത്തുകയും അപമാനിക്കുന്ന വിധത്തില്‍ സംസാരിച്ചതായും കടയിലുള്ള തുക വാങ്ങിപ്പോയതായും വിനുവിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. കര്‍ണാടക ബാങ്കിനെതിരേ കുടുംബം കോട്ടയം ഈസ്റ്റ് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Tags:    

Similar News