ആര്‍എസ്എസ് ഇന്ത്യയെ ഹിന്ദുരാജ്യമാക്കാന്‍ ശ്രമിക്കുന്നു; കടുത്ത വിമര്‍ശനവുമായി ശിരോമണി ഗുരദ്വാര പ്രബന്ധക് കമ്മിറ്റി
അമൃത്‌സര്‍: സിഖ് മതസ്ഥര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്ന ആര്‍എസ്എസ് നീക്കത്തെ അപലപിച്ച് ശിരോമണി ഗുരദ്വാര പ്രബന്ധക് കമ്മിറ്റിയുടെ പ്രമേയം. രാജ്യത്തെ ഗുരുദ്വാരകളെ നിയന്ത്രിക്കുന്ന പരമ്മോന്നത സമിതിയാണ് ശിരോമണി ഗുരദ്വാര പ്രബന്ധക് കമ്മിറ്റി. ആര്‍എസ് എസ് ഇന്ത്യയെ ഒരു ഹിന്ദുരാജ്യമാക്കി മാറ്റാനുള്ള ഗുഢശ്രമങ്ങള്‍ നടത്തുകയാണെന്നും പ്രബന്ധക്ക് കമ്മിറ്റി പാസ്സാക്കിയ പ്രമേയത്തില്‍ ആരോപിക്കുന്നു.
ആര്‍എസ്എസ്സിന്റെ നീക്കങ്ങള്‍ നടപ്പിലാക്കുന്നതിനു പകരം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശവും സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവരെ ശിക്ഷിക്കണം. ഇന്ത്യ നിരവധി മതങ്ങളും ഭാഷകളും വംശങ്ങളും ഒക്കെ അടങ്ങുന്ന രാജ്യമാണ്. ഓരോ മതങ്ങളും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്, പ്രത്യേകിച്ച് സിഖ് മതം. സ്വാതന്ത്ര്യസമരകാലത്തെ രക്ഷസാക്ഷികളില്‍ 80 ശതമാനവും സിഖ് മതസ്ഥരാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇന്ന് ഇന്ത്യയില്‍ എല്ലാ ന്യൂനപക്ഷ മതങ്ങളെയും അടിച്ചമര്‍ത്തി രാജ്യത്തെ ഒരു ഹിന്ദുരാജ്യമാക്കി മാറ്റാന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ പ്രത്യക്ഷത്തിലും പരോക്ഷമായും ആക്രമിക്കപ്പെടുന്നു- പ്രമേയത്തില്‍ പറയുന്നു.
മാര്‍ച്ച് 30നു ചേര്‍ന്ന ബജറ്റ് യോഗത്തിലാണ് എസ്ജിപിസി പ്രസിഡന്റ് ബിബി ജഗിര്‍ കൗര്‍ പ്രമേയം അവതരിപ്പിച്ചത്. സമാനമായ നിരവധി പ്രമേയങ്ങളും അതേ ദിവസം പാസ്സാക്കിയിരുന്നു.
കര്‍ഷക സമരം ആരംഭിച്ച് അഞ്ച് മാസം പിന്നിട്ട സമയത്താണ് ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും ആര്‍എസ്എസ്സിനും എതിരേ പ്രമേയം പാസ്സാക്കുന്നതെന്നത് വളരെ സുപ്രധാനമാണെന്നാണ് പൊതുവെ കരുതുന്നത്. പഞ്ചാബില്‍ നിന്നുള്ള സിഖ് കര്‍ഷകരാണ് കര്‍ഷക സമരത്തിനു മുന്നിലുള്ളത് എന്നതുകൊണ്ടുതന്നെ സമരത്തിന് ഖാലിസ്ഥാന്‍ മുഖം കൊടുക്കാന്‍ ബിജെപി കടുത്ത രീതിയില്‍ ശ്രമിക്കുന്നുണ്ട്. ഇതിനിടയിലാണ് ആര്‍എസ്എസ്സിനും ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും കടുത്ത താക്കീത് നല്‍കിക്കൊണ്ട് സിഖ് മതസ്ഥരുടെ മുഖ്യ സമിതി തന്നെ രംഗത്തുവന്നത്.