കേരളത്തില്‍ വോട്ട് ധ്രുവീകരണ തന്ത്രവുമായി ആര്‍എസ്എസ്; സിപിഎം-ആര്‍എസ്എസ് ഡീല്‍, ഓര്‍ത്തഡോക്‌സ് സഭയുടെ പേരില്‍ വ്യാജ കത്ത് -പരാതിയുമായി ഓര്‍ത്തഡോക്‌സ് സഭ
മോദിയുടെ അടുത്ത അനുയായിയും ആര്‍എസ്എസ് സൈദ്ധാന്തികനുമായ ഡോ. ആര്‍ ബാലശങ്കറിന്റെ ഇടപെടലുകളാണ് ദുരൂഹത ഉയര്‍ത്തുന്നത്.
കോഴിക്കോട്: കേരളത്തില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദുരൂഹമായി ഇടപെടലുകളുമായി ആര്‍എസ്എസ് നേതാക്കള്‍. മോദിയുടെ അടുത്ത അനുയായിയും ആര്‍എസ്എസ് സൈദ്ധാന്തികനുമായ ഡോ. ആര്‍ ബാലശങ്കറിന്റെ ഇടപെടലുകളാണ് ദുരൂഹത ഉയര്‍ത്തുന്നത്. കേരളത്തില്‍ ബിജെപി-ആര്‍എസ്എസ് ഡീലുണ്ടെന്ന് വെളിപ്പെടുത്തിയ ബാലശങ്കറിന്റെ നീക്കങ്ങള്‍ സംശയം ഉയര്‍ത്തുന്നതാണ്. ബാലശങ്കര്‍ ചെങ്ങന്നൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാവുമെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. മോദിയുടെ അടുത്ത അനുയായിയായ ബാലശങ്കര്‍ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയാവുമെന്ന് ദേശീയ മാധ്യമങ്ങളും കേരളത്തില്‍ മുഖ്യധാരാ മാധ്യമങ്ങളും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബാലശങ്കറിന് അനുകൂലമായി മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പേരില്‍ വ്യാജ കത്തും വ്യാപകമായി പ്രചരിച്ചിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ് ഉള്‍പ്പടെ ഈ കത്ത് ഉദ്ധരിച്ച് ബാലശങ്കറിന് അനുകൂലമായി വാര്‍ത്തയും നല്‍കിയിരുന്നു.
സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചും ബിജെപിക്ക് അനുകൂലിച്ചും ഉള്ളതായിരുന്നു വ്യാജ കത്ത്. 'മലങ്കര സഭയുടെ ചരിത്രമുറങ്ങുന്ന ചേപ്പാട് സെന്റ്. ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി ദേശീയപാത വികസനത്തിന്റെ പേരില്‍ പൊളിക്കുന്നതിന് ദുരുദ്ധേശപരമായി കേരളാ സര്‍ക്കാര്‍ റോഡിന്റെ അലൈന്‍മെന്റ് മാറ്റുകയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചുമര്‍ ചിത്രങ്ങളുള്ള ഭിത്തി പൊളിച്ച് മാറ്റുന്നതിന് അളവുകള്‍ പൂര്‍ത്തിയാക്കിയതുമാണ്.
ദൈവകൃപയാല്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയെ ക്രൈസ്തവ ദേശീയ സഭയായി പ്രഖ്യാപിച്ച ബിജെപി കേരളാ ഘടകത്തിന്റെ ശക്തമായ ഇടപെടലില്‍ പ്രധാനമന്ത്രി ഈ വിഷയത്തെ പരിഹരിക്കുന്നതിന്റെ ഭാഗമായി പള്ളഇ പുരാവസ്തു വകുപ്പിന് കീഴിലേക്ക് മാറ്റുകയും പൊളിക്കല്‍ നടപടികള്‍ മരവിപ്പിക്കുകയും ചെയ്തു. ഇതിന് നേതൃത്വം നല്‍കിയത് ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ ബഹുമാന്യനായ ആര്‍ ബാലശങ്കറാണ്'. ഓര്‍ത്തോഡോക്‌സ് സഭയുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ പ്രചരിച്ച കത്തില്‍ പറഞ്ഞു.
'ബാലശങ്കറിന് വോട്ട് ചെയ്തില്ലെങ്കില്‍ അത് നന്ദികേടാണ്. ചേപ്പാട് പള്ളി വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെട്ടിരുന്നു, പിന്നീട് ഇത് പുരാവസ്തു വകുപ്പിന് കൈമാറി, അങ്ങനെ പള്ളി പൊളിക്കാനുള്ള തീരുമാനം മരവിപ്പിച്ചു. ചരിത്രപ്രസിദ്ധമായ പളളി പൊളിക്കുന്നത് തടയാനുളള നേതൃത്വത്തിന് ധൈര്യം പകര്‍ന്നത് ബാലശങ്കറാണ്,' സഭയുടെ പേരില്‍ പ്രചരിച്ച വ്യാജ കത്തില്‍ പറഞ്ഞു.
എന്നാല്‍, കത്തിനെതിരേ ഓര്‍ത്തഡോക്‌സ് സഭ പോലിസില്‍ പരാതി നല്‍കി. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ഔദ്യോഗിക വക്താവ് ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് ആണ് പരാതി നല്‍കിയത്. 'മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ഔദ്യോഗിക വക്താവും പബ്ലിക് റിലേഷന്‍സ് ഓഫിസറുമായ എന്റെ ലറ്റര്‍ ഹെഡിനോട് സാമ്യമുള്ള കടലാസില്‍ എന്റെ പേരില്‍ ഞാന്‍ ഒപ്പിട്ടതായി(കളവായി) കാണിച്ച് ഒരു വ്യാജ പോസ്റ്റ്(കത്ത്) ഫേസ്ബുക്കില്‍ പ്രചരിക്കുന്നു. ആയതിന്റെ പ്രിന്റ് ഇതോടൊപ്പം ചേര്‍ക്കുന്നു. ഇത് തികച്ചും വ്യാജമാണ്.' ഓര്‍ത്തഡോക്‌സ് സഭ കോട്ടയം സൈബര്‍ സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. വ്യാജ കത്തിനെതിരേ നടപടിയെടുക്കണമെന്നും സഭ പരാതിയില്‍ ആവശ്യപ്പെട്ടു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കോന്നിയില്‍ വിജയിപ്പിക്കാന്‍ സിപിഎം-ബിജെപി ഡീല്‍ ഉണ്ടെന്ന് വെളിപ്പെടുത്തിയ വ്യക്തിയാണ് ആര്‍എസ്എസ് സൈദ്ധാന്തികനായ ഡോ. ആര്‍ ബാലശങ്കര്‍. ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍ വ്യാപകമായ ചര്‍ച്ചകള്‍ക്കാണ് തുടക്കം കുറിച്ചത്. ബിജെപിക്ക് 35000-40000 വരെ വോട്ടുള്ള ചെങ്ങന്നൂരും, ആറന്മുളയിലും സിപിഎമ്മിന് വോട്ടുമറിക്കാനും പകരം കോന്നിയില്‍ കെ സുരേന്ദ്രനെ സഹായിക്കാനും സിപിഎം-ബിജെപി ധാരണയുണ്ടെന്നും ബാലശങ്കര്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു. ഈ ധാരണപ്രകാരമാണ് കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തിന് പുറമെ കോന്നിയിലും മല്‍സരിക്കുന്നത്. ഈ ധാരണയുടെ അടിസ്ഥാനത്തിലാവാം തന്നെ ഒഴിവാക്കി അപ്രധാനിയായ എംവി ഗോപകുമാറിനെ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയാക്കിയത്. എം വി ഗോപകുമാര്‍ സിപിഎമ്മിന് വളരെ വേണ്ടപ്പെട്ടയാളാണ്. കേന്ദ്രനേതൃത്വത്തിന്റെ അനുമതിയോടെ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയായി തന്നെ പരിഗണിച്ചിരുന്നതാണ്. പാര്‍ട്ടിയുടെ എക്ലാസ് മണ്ഡലത്തില്‍ താന്‍ പ്രചരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞിരുന്നു. എന്നാല്‍ മനപ്പൂര്‍വ്വം ഒഴിവാക്കുകയായിരുന്നു. നാല്‍പതു വര്‍ഷമായി താന്‍ ഡല്‍ഹിയില്‍ ഉള്‍പ്പെടെ പാര്‍ട്ടിയ്‌ക്കൊപ്പമാണ്. ചെങ്ങന്നൂരില്‍ താനാണ് ആര്‍എസ്എസ് ആരംഭിക്കുന്നത്. കേരള ബിജെപി നേതാക്കള്‍ മാഫികളെപ്പോലെയാണ് പെരുമാറുന്നതെന്നും ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ പത്രാധിപരുമായിരുന്ന ആര്‍ ബാലശങ്കര്‍ പറഞ്ഞു.