പ്രതിപക്ഷ ബഹളത്തിനിടെ വിവരാവകാശ ഭേദഗതി ബില്ല് ലോക്‌സഭയില്‍ പാസായി
വിവാരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് ബില്ല് പാസായത്.
ന്യൂഡല്‍ഹി: വിവരാകാശ കമ്മീഷണര്‍മാര്‍ക്കു മേല്‍ കേന്ദ്രത്തിന് കൂടുതല്‍ നിയന്ത്രണം നല്‍കുന്ന വിവരാവകാശ ഭേദഗതി ബില്ല് ലോക്‌സഭയില്‍ പാസായി. വിവാരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് ബില്ല് പാസായത്. ആര്‍ടിഐയെ കൊല്ലുന്ന ബില്ല് സെലക്ട് കമ്മിറ്റിക്ക് അയക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സര്‍ക്കാരിന് ആവശ്യമായ പിന്തുണയില്ലാത്തതിനാല്‍ രാജ്യസഭയില്‍ ബില്ലിന് തടയിടാമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ.
കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും വിവരാവകാശ കമ്മീഷണര്‍മാരുടെ ശമ്പളം, കാലാവവധി, മറ്റു സേവന വ്യവസ്ഥകള്‍ എന്നിവ കേന്ദ്രത്തിന് തീരുമാനിക്കാമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയാണ് വിവരാവകാശ നിയമം ഭേദഗതി ചെയ്യുന്നത്. നിലവില്‍ അഞ്ച് വര്‍ഷമാണ് വിവരാവകാശ കമ്മീഷണര്‍മാരുടെ കാലാവധി. കമ്മീഷണര്‍മാരുടെ ശമ്പളം തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടേതിന് തുല്യമാണ്.
സ്വതന്ത്ര തീരുമാനമെടുക്കാനുള്ള വിവരാവകാശ കമ്മീഷണര്‍മാരുടെ അധികാരത്തില്‍ തലയിടുന്നതാണ് ഭേദഗതിയെന്ന് ആര്‍ടിഐ ആക്ടിവിസ്റ്റുകള്‍ ആരോപിക്കുന്നു. ജനാധിപത്യത്തിലെ ഏറ്റവും വലിയ ആയുധത്തെ ഈ ബില്ല് തകര്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ അഭിപ്രായപ്പെട്ടു.
അതേ സമയം, വിവരാവകാശ സ്ഥാപനത്തിന്റെ സ്വയംഭരണാധികാരത്തില്‍ ഇടപെടാന്‍ ഉദ്ദേശമില്ലെന്നും നിയമത്തിലെ ചില അപാകതകള്‍ പരിഹരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും പേഴ്‌സണല്‍ ഡിപാര്‍ട്ട്‌മെന്റ് മന്ത്രി ജിതേന്ദ്ര സിങ് അവകാശപ്പെട്ടു.
നേരത്തേ, കൂടൂതല്‍ പഠനത്തിനായി ബില്ല് പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ട് തെലങ്കാന രാഷ്ട്ര സമിതി ഉള്‍പ്പെടെയുള്ള 10 പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭാ സെക്രട്ടറിയേറ്റിന് കത്തയച്ചിരുന്നു. വിവരങ്ങള്‍ പുറത്തുവരുന്നതു തടയാനുള്ള കേന്ദ്രത്തിന്റെ ശ്രമത്തിനെതിരേ ഡല്‍ഹിയില്‍ ആക്ടിവിസ്റ്റുകള്‍ തെരുവിലിറങ്ങി.