ബില്‍ കീറിയെറിയല്‍, കൈയാങ്കളി; ഒടുവില്‍ ആര്‍ടിഐ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായി

ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുണ്ടായ രൂക്ഷമായ വാക്കേറ്റത്തിനും കൈയാങ്കളിയ്ക്കുമിടെയാണ് ബില്‍ പാസാക്കുന്നത്. ബില്‍ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടണമെന്ന ഭേദഗതി നിര്‍ദേശം ബിജെഡി, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നി പാര്‍ട്ടികളുടെ പിന്തുണയോടെ 72ന് എതിരേ 117 വോട്ടുകള്‍ക്ക് തള്ളിക്കളഞ്ഞു.

Update: 2019-07-25 16:42 GMT

ന്യൂഡല്‍ഹി: വിവരാവകാശ നിയമഭേദഗതി ബില്‍ (ആര്‍ടിഐ) രാജ്യസഭ വോട്ടിനിട്ടു പാസാക്കി. ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുണ്ടായ രൂക്ഷമായ വാക്കേറ്റത്തിനും കൈയാങ്കളിയ്ക്കുമിടെയാണ് ബില്‍ പാസാക്കുന്നത്. ബില്‍ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടണമെന്ന ഭേദഗതി നിര്‍ദേശം ബിജെഡി, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നി പാര്‍ട്ടികളുടെ പിന്തുണയോടെ 72ന് എതിരേ 117 വോട്ടുകള്‍ക്ക് തള്ളിക്കളഞ്ഞു. മുഖ്യവിവരാവകാശ കമ്മീഷണറുടെയും മറ്റു വിവരാവകാശ കമ്മീഷണര്‍മാരുടെയും നിയമന കാലാവധി അഞ്ചുവര്‍ഷമോ 65 വയസ് തികയും വരെയോ ആണു നിയമത്തില്‍ നിശ്ചയിച്ചിരുന്നത്. ഇതില്‍ മാറ്റംവരുത്തുകയാണ് പുതിയ ഭേദഗതിയിലൂടെ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഇതോടെ മുഖ്യ വിവരാവകാശ കമ്മീഷണറുടെയും മറ്റു വിവരാവകാശ കമ്മീഷണര്‍മാരുടെയും നിയമനം കേന്ദ്രസര്‍ക്കാരിന് ഉചിതമെന്ന് തോന്നുന്ന വിധത്തില്‍ നിശ്ചയിക്കാം.


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടേതിനു സമാനമായ അലവന്‍സുകളും മറ്റുമാണു ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ക്കും നല്‍കിയിരുന്നത്. 13ാം വകുപ്പില്‍ മാറ്റംവരുത്തി ഇതു കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന തരത്തിലേക്ക് മാറ്റി. ടിഡിപിയില്‍നിന്നു അടുത്തിടെ കൂറുമാറി ബിജെപിയില്‍ ചേര്‍ന്ന സി എം രമേശ് വോട്ടെടുപ്പിനിടെ ഇടപെടല്‍ നടത്തിയതാണ് ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള കൈയാങ്കളിയിലെത്തിയത്. വോട്ടെടുപ്പിനിടെ സി എം രമേശ് മറ്റ് അംഗങ്ങളില്‍നിന്ന് വോട്ടര്‍ സ്ലിപ്പുകള്‍ നേരിട്ടുവാങ്ങിയത് ചോദ്യംചെയ്ത് സിപിഎമ്മിലെ എളമരം കരീമും കോണ്‍ഗ്രസ് അംഗം വിപ്ലവ് താക്കൂറും എതിര്‍ത്തതോടെ പ്രതിഷേധവുമായി മറ്റ് അംഗങ്ങളും രംഗത്തെത്തുകയായിരുന്നു. ഇതെത്തുടര്‍ന്ന് അംഗങ്ങള്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. രമേശിനെ പല അംഗങ്ങളും പിടിച്ചുതള്ളുന്നതും തിരിച്ചുതള്ളുന്നതും കാണാമായിരുന്നു. മുതിര്‍ന്ന അംഗങ്ങളും പാര്‍ട്ടി നേതാക്കളും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

സര്‍ക്കാര്‍ വോട്ടെടുപ്പില്‍ തിരിമറി നടത്തിയെന്നാരോപിച്ച് പ്രതിപക്ഷം ഒന്നടങ്കം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. എന്നാല്‍, വോട്ടെടുപ്പ് നടപടികള്‍ തുടരുകയാണെന്നു ചൂണ്ടിക്കാട്ടി വിഷയത്തില്‍ ഇടപെടാന്‍ ചെയറിലുണ്ടായിരുന്ന ഹരിവംശ് നാരായണ്‍ സിങ് തയ്യാറായില്ല. ഇതെത്തുടര്‍ന്ന് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലും ബിജെപി നേരിട്ടതിന്റെ പരസ്യമായ ഉദാഹരണമാണെന്നും സഭാചട്ടങ്ങളുടെ ലംഘനമാണ് നടക്കുന്നതെന്നും ചൂണ്ടിക്കാട്ടിയ രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയാണെന്ന് അറിയിച്ചു. വിവരാവകാശ നിയമത്തിന്റെ അന്തസ്സത്ത തകര്‍ക്കുന്ന ഭേദഗതിയാണ് സര്‍ക്കാര്‍ കൊണ്ടുവന്നതെന്നു പ്രതിപക്ഷം ആരോപിക്കുന്ന ബില്‍ കീറിയെറിഞ്ഞും കൈകൊട്ടി മുദ്രാവാക്യം വിളിച്ചുംകൊണ്ടാണ് രാജ്യസഭയില്‍ ചര്‍ച്ച തുടങ്ങിയത്. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് മൂന്നുതവണ സഭ നിര്‍ത്തിവച്ച ശേഷം സെലക്ട് കമ്മിറ്റിക്കു വിടുന്ന കാര്യത്തില്‍ ചര്‍ച്ചയാവാമെന്ന സര്‍ക്കാരിന്റെ ഉറപ്പിന് പ്രതിപക്ഷം വഴങ്ങിയതിനെത്തുടര്‍ന്നാണ് ചര്‍ച്ച ബില്‍ അവതരണം നടന്നത്. 

Tags:    

Similar News