ഭരണഘടനാ മാറ്റം; റഷ്യന്‍ പ്രധാനമന്ത്രിയും സര്‍ക്കാരും രാജിവച്ചു

പ്രസിഡന്റ് പുടിന്‍ രാജി സ്വീകരിക്കുകയും പുതിയ സര്‍ക്കാര്‍ രൂപീകരണം വരെ കാവല്‍ സര്‍ക്കാരായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു

Update: 2020-01-15 15:16 GMT

മോസ്‌കോ: ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന പ്രസിഡന്റ് വഌഡ്മിര്‍ പുടിന്റെ വാര്‍ഷിക പ്രസംഗത്തിനു പിന്നാലെ റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവും സര്‍ക്കാരും രാജിവച്ചു. പ്രസിഡന്റ് പുടിന്‍ രാജി സ്വീകരിക്കുകയും പുതിയ സര്‍ക്കാര്‍ രൂപീകരണം വരെ കാവല്‍ സര്‍ക്കാരായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. രാജിവച്ച മെദ്‌വദേവിനെ റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി എന്ന തസ്തിക സൃഷ്ടിച്ച് അവിടെ നിയമിക്കുമെന്നും പുടിന്‍ അറിയിച്ചു. റഷ്യയിലെ നിലവിലുള്ള നിയമ പ്രകാരം പ്രസിഡന്റ് നാമനിര്‍ദേശം ചെയ്യുന്നയാളായിരിക്കും പ്രധാനമന്ത്രി. എന്നാല്‍ പുതുതായി രൂപീകരിക്കുന്ന നിയമത്തില്‍ പാര്‍ലമെന്റിന്റെ അധോ സഭയുടെ അംഗീകാരം വേണമെന്നാണ് പ്രധാനനിര്‍ദേശം.

    പാര്‍ലമെന്റിന് കൂടുതല്‍ അധികാരം നല്‍കുമെന്ന് പുടിന്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരിക്കും തിരഞ്ഞെടുപ്പുകളെന്നാണു സൂചന. ഒരാള്‍ക്കു രണ്ടുതവണ മാത്രമേ പ്രസിഡന്റാവാനാവൂ. റഷ്യന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാവുന്നവര്‍ കര്‍ശന പശ്ചാത്തല നിബന്ധനകള്‍ പാലിക്കണമെന്നാണു ചട്ടം. പ്രധാനമന്ത്രിയേയും മന്ത്രിസഭയേയും പാര്‍ലമെന്റ് തിരഞ്ഞെടുക്കും തുടങ്ങിയ മാറ്റങ്ങളും ഭരണഘടനയില്‍ വരുത്തുമെന്ന് പുടിന്‍ വാര്‍ഷിക പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, വഌഡിമര്‍ പുടിന്‍ നാലാം തവണയാണ് റഷ്യന്‍ പ്രസിഡന്റ് പദവിയിലിരിക്കുന്നത്. ദിമിത്രി മെദ്‌വദേവിന്റെ അപ്രതീക്ഷിത രാജിപ്രഖ്യാപനത്തോടെ റഷ്യയില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടി വരും.




Tags:    

Similar News