സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളൂകളില്‍ അധിക തസ്തികകള്‍ക്ക് മന്ത്രിസഭാ അനുമതി

Update: 2024-08-21 10:30 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളൂകളില്‍ 2023-2024 അധ്യയന വര്‍ഷത്തില്‍ നടത്തിയ തസ്തിക നിര്‍ണയ പ്രകാരം, സര്‍ക്കാര്‍ മേഖലയിലെ 513 സ്‌കൂളുകളിലായി 957 അധിക തസ്തികകളും 699 എയ്ഡഡ് സ്‌കൂളുകളിലായി 1368 അധിക തസ്തികകളും അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ആകെ 1212 സ്‌കൂളുകളില്‍ നിന്നു 2325 അധ്യാപക, അനധ്യാപക അധിക തസ്തികകളാണ് അനുവദിക്കുക. പ്രതിമാസം 8,47,74,200 രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടാവും. 2023 ഓക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍വരും.

    പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രോണിക്‌സ് വിഭാഗം) എറണാകുളം സെക്ഷന്‍ ഓഫിസില്‍ ഹൈക്കോടതിയുടെ പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ 55200-115300 രൂപ ശമ്പള സ്‌കെയിലില്‍ ഒരു അസി. എന്‍ജിനിയര്‍ തസ്തിക സൃഷ്ടിക്കും. തിരുവനന്തപുരം ജില്ലയിലെ വഴയില-പഴകുറ്റി-കച്ചേരിനട-പതിനൊന്നാംമൈല്‍ എന്നിവയെ ബന്ധിപ്പിക്കുന്ന കരകുളം ഫ്‌ളൈ ഓവര്‍ നിര്‍മാണത്തിന് നിലവിലുള്ള മാനദണ്ഡങ്ങളില്‍ ഇളവു വരുത്തി ടെണ്ടര്‍ അംഗീകരിക്കും. വെസ്റ്റ് കോസ്റ്റ് കനാല്‍ വികസനത്തിന് പുനരധിവസിപ്പിക്കേണ്ടി വരുന്ന കഠിനംകുളം ഗ്രാമപ്പഞ്ചായത്തിലെ കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന കുടുംബങ്ങളുടെ 112 കെട്ടിടങ്ങളുടെ ആകെ അംഗീകൃത മൂല്യനിര്‍ണയ തുകയായ 9,16,52,406 രൂപയ്ക്ക് അംഗീകാരം നല്‍കി.

    കേരള വാട്ടര്‍ അതോറിറ്റി നടപ്പാക്കുന്ന ജല്‍ജീവന്‍ മിഷന്‍ പദ്ധതികള്‍ക്കായി അനുവദനീയമായ ഭൂമിയുടെ ഉപയോഗാനുമതി വാട്ടര്‍ അതോറിറ്റിക്ക് നല്‍കാന്‍ നിയമങ്ങളില്‍ ഇളവ് വരുത്തി ജില്ലാകലക്ടര്‍ക്ക് അനുവാദം നല്‍കിയ ഉത്തരവിന്റെ പരിധിയില്‍ ജലനിധിയെ കൂടി ഉള്‍പ്പെടുത്താനും മന്ത്രിസഭാ യോഗം അനുമതി നല്‍കി.

Tags:    

Similar News