സിഖ് വിരുദ്ധ കലാപം: കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം
സജ്ജന്‍ കുമാറിനെ വെറുതെ വിട്ട വിചാരണ കോടതി വിധിയ്‌ക്കെതിരെയുള്ള അപ്പീലിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ വിധി.
ന്യൂഡല്‍ഹി: 1984 സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ സജ്ജന്‍ കുമാറിന് ജീവപര്യന്തം. സജ്ജന്‍ കുമാര്‍ കുറ്റക്കാരനാണെന്നും കലാപമുണ്ടാക്കിയതനടക്കം തെളിവുകളുണ്ടെന്നും ഹൈക്കോടതി കണ്ടെത്തി. സജ്ജന്‍ കുമാറിനെ വെറുതെ വിട്ട വിചാരണ കോടതി വിധിയ്‌ക്കെതിരെയുള്ള അപ്പീലിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ വിധി. ജസ്റ്റിസ് എസ് മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവരുടെ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.
സംഭവം നടന്ന് 16 വര്‍ഷങ്ങള്‍ക്കുശേഷമാണ് തനിക്കെതിരേ ആരോപണമുണ്ടായതെന്ന സജ്ജന്‍കുമാറിന്റെ വാദത്തെ തുടര്‍ന്ന് 2013 മെയ് മാസത്തിലാണ് വിചാരണ കോടതി സജ്ജന്‍കുമാറിനെയും മറ്റു രണ്ടു പ്രതികളേയും വെറുതെ വിട്ടത്. ഈ വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി. കലാപാസൂത്രണം, പങ്കാളിത്തം തുടങ്ങിയ കുറ്റങ്ങള്‍ സജ്ജന്‍ കുമാര്‍ ചെയ്തതായി തെളിവുകളുണ്ടെന്ന് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഒക്ടോബര്‍ 29ന് വാദം പൂര്‍ത്തിയായ കേസിലാണ് ഇന്ന് വിധി വന്നത്.
അതേസമയം, കേസില്‍ സജ്ജന്‍ കുമാറിനൊപ്പം പ്രതി ചേര്‍ത്തിരുന്ന മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബല്‍വാന്‍ കോക്കര്‍, കിഷന്‍ കോക്കര്‍, മഹേന്ദര്‍ യാദവ്, ഗിര്‍ധാരി ലാല്‍, മുന്‍ നേവല്‍ ഓഫിസര്‍ ഭഗ്മാല്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. പ്രതികളായ മുന്‍ എംഎല്‍എ മഹേന്ദര്‍ യാദവ്, കിഷന്‍ കോക്കര്‍ എന്നിവര്‍ക്ക് മൂന്നു വര്‍ഷം തടവും മറ്റുള്ള മൂന്നു പേര്‍ക്ക് ജീവപര്യന്തം തടവുമാണ് കോടതി നേരത്തെ ശിക്ഷ വിധിച്ചിരുന്നത്.
ഡല്‍ഹിയിലെ രാജ്‌നഗറിലുള്ള ഒരു കുടുംബത്തിലെ അഞ്ച് പേരെ 1984 നവംബര്‍ ഒന്നിന് കൊലപ്പെടുത്തിയെന്നുള്ള കേസിലാണ് സജ്ജന്‍ കുമാര്‍ അടക്കമുള്ള പ്രതികള്‍ക്ക് ജീവപര്യന്തം വിധിച്ചിരിക്കുന്നത്.