കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും ഇസ്ലാമിക കര്‍മശാസ്ത്ര പണ്ഡിതനുമായ വില്ല്യാപ്പള്ളി ഇബ്രാഹിം മുസ്്ല്യാര്‍ (82) അന്തരിച്ചു. അസുഖം കാരണം ഏറെക്കാലമായി ചികില്‍സയിലിരിക്കെയാണ് മരണം. 1941ല്‍ വില്യാപ്പള്ളി പിലാവുള്ളതില്‍ അമ്മത്-കാഞ്ഞിരക്കുനി ആയിഷ ദമ്പതികളുടെ മകനായി ജനിച്ച ഇബ്രാഹിം മുസ്ലിയാര് കേരളത്തിലെ ഇസ് ലാമിക കര്‍മ്മ ശാസ്ത്ര പണ്ഡിതരില്‍ പ്രമുഖരിലൊരാളാണ്. മൂന്നു പതിറ്റാണ്ടോളമായി സമസ്ത കേന്ദ്ര മുശാവറയില്‍ അംഗമാണ്.
വില്യാപ്പള്ളിയിലെ പ്രഗത്ഭ പണ്ഡിതനായിരുന്ന എടവന കുഞ്ഞ്യേറ്റി മുസ്ല്യാരില്‍ നിന്നും വള്ള്യാട് ദര്‍സിലെ കോറോത്ത് അബൂബക്കര്‍ മുസ്ലിയാരില്‍ നിന്നും പെരിങ്ങത്തൂരിനടുത്ത എണവള്ളൂരിലെ ദര്‍സിലെ കണാരാണ്ടി അഹമ്മദ് മുസ്ലിയാരില്‍ നിന്നും കിതാബുകള്‍ ഓതിപ്പഠിച്ച ശേഷം 1969ല്‍ പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജില്‍ പ്രഥമ ബാച്ചില്‍ വിദ്യാര്‍ഥിയായി. ജാമിഅ നൂരിയ്യയില്‍ നിന്നാണ് ഫൈസി ബിരുദം കരസ്ഥമാക്കിയത്. ഇതിനു ശേഷം ചെക്യാട് മുണ്ടോളി പള്ളി, കുഞ്ഞിപ്പള്ളി മഖ്ദൂമിയ കോളജ്, സ്വന്തം മഹല്ലായ മാറക്കല്‍ ജുമാമസ്ജിദ് എന്നിവിടങ്ങളില്‍ ഏറെക്കാലം മുദരിസായി സേവനമനുഷ്ഠിച്ചിരുന്നു. 1969 മുതല്‍ വിവിധ ഹജ്ജ്, ഉംറ ഗ്രൂപ്പുകളില്‍ ചീഫ് അമീറായും വില്യാപ്പള്ളി മുസ് ലിം ജമാഅത്ത് രക്ഷാധികാരിയുമായിരുന്നു. ഭാര്യ: ഇടവംതോടി അയിശു. മക്കള്‍: മുനീര്‍(ദുബയ്), സൈനബ, സാജിദ, ത്വാഹിറ, ഹാജറ. മരുമക്കള്‍: അബൂബക്കര്‍ മലോല്‍, അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ ഹക്കീം, റിയാസ്, ഹാജറ. സഹോദരങ്ങള്‍: സൂപ്പി, ഹസയ്നാര്‍, മൊയ്തീന്, മൂസ്സ ഹാജി, അബ്ദുല്ല, കുഞ്ഞാമി, ബിയ്യാത്തു.