ഗ്യാന്‍ വാപി മസ്ജിദ് കേസ്: സ്ഥലം മുദ്രവച്ച ഇടക്കാല ഉത്തരവ് നീട്ടി സുപ്രിംകോടതി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് വാരാണസിയിലെ ഗ്യാന്‍ വാപി മസ്ജിദ് സമുച്ഛയം മുദ്രവച്ച ഇടക്കാല ഉത്തരവ് ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ തുടരുമെന്ന് സുപ്രിംകോടതി. മസ്ജിദ് സര്‍വേയ്ക്കിടെ പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ക്ഷേത്ര കമ്മിറ്റി അവകാശവാദമുന്നയിച്ചതിനെത്തുടര്‍ന്ന് സ്ഥലം മുദ്രചെയ്ത ഉത്തരവിന്റെ കാലാവധി ശനിയാഴ്ച അവസാനിക്കുന്ന സാഹചര്യത്തിലാണ് സുപ്രിംകോടതിയുടെ തീരുമാനം. മസ്ജിദ് ഉള്‍പ്പെടുന്ന ഗ്യാന്‍ വ്യാപി സമുച്ഛയത്തിന്റെ സംരക്ഷണം നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹിന്ദുത്വ സംഘടനകളുടെ ഹരജി പരഗിണിച്ചാണ് സുപ്രിംകോടതിയുടെ നടപടി.
കഴിഞ്ഞ ദിവസം കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ മുമ്പാകെ ഹിന്ദുത്വ സംഘടനകളെ പ്രതിനിധീകരിച്ച് അഭിഭാഷകനായ വിഷ്ണു ശങ്കര്‍ ജെയിന്‍ ഉന്നയിച്ചു. ഇതോടെ ബെഞ്ച് രൂപീകരിച്ച് ഹരജി പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് ശേഷം ഇതിനായി പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു. സര്‍വേയില്‍ കണ്ടെത്തിയ പ്രദേശത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് മെയ് 17ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നതുവരെ തുടരുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ സൂര്യകാന്ത്, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഇടക്കാല ഉത്തരവ് തുടരുന്നതില്‍ എതിര്‍പ്പില്ലെന്ന് ഹരജിക്കാരനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ ഹുസേഫ അഹമ്മദി ബോധിപ്പിച്ചു. പ്രദേശം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അതിന് മുന്‍ ഉത്തരവ് നീട്ടിക്കൊണ്ടുള്ള കോടതിയുടെ മറ്റൊരു ഉത്തരവ് ആവശ്യമാണെന്നും ശങ്കര്‍ ജെയിന്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. സുപ്രിംകോടതിയുടെ മെയ് 17 ലെ ഉത്തരവ് നവംബര്‍ 12 ന് അവസാനിക്കുകയാണെന്നും അത് നീട്ടേണ്ടതുണ്ടെന്നും ജെയിന്‍ വാദിച്ചു. ഹിന്ദുത്വരുടെ ഹരജി നിലനിര്‍ത്തുന്നത് ചോദ്യം ചെയ്തുള്ള മസ്ജിദ് കമ്മിറ്റിയുടെ ഹരജിയെക്കുറിച്ച് ബെഞ്ച് അഭിഭാഷകനോട് ചോദിച്ചു.
വിചാരണ കോടതി അത് തള്ളിയെന്നും അലഹബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ നിലവിലുണ്ടെന്നും ജെയിന്‍ മറുപടി നല്‍കി. പള്ളിയില്‍ 'ശിവലിംഗ' ആരാധന അനുവദിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹിന്ദുത്വ സംഘടനകളുടെ പ്രത്യേക ഹരജിയില്‍ നവംബര്‍ 14ന് വാരാണസി കോടതി വിധി പറയും. ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ഗ്യാന്‍ വാപി പള്ളിക്കുള്ളിലെ പ്രദേശം സംരക്ഷിക്കേണ്ടതുണ്ടെന്നും എന്നാല്‍ നമസ്‌കരിക്കാന്‍ മുസ്‌ലിംകള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമില്ലെന്നുമാണ് മെയ് 17 ന് സുപ്രിംകോടതി പറഞ്ഞിരുന്നത്.
മെയ് 20ന് മസ്ജിദില്‍ ആരാധന നടത്താനുള്ള അവകാശം ആവശ്യപ്പെട്ട് ഹിന്ദുത്വസംഘടനകള്‍ നടത്തിയ കേസിന്റെ നടപടികള്‍ സുപ്രിംകോടതി വാരാണസിയിലെ ജില്ലാ ജഡ്ജിക്ക് കൈമാറിയിരുന്നു. ഈ വിഷയത്തില്‍ ജില്ലാ ജഡ്ജിയുടെ തീരുമാനത്തിന് ശേഷം 'ശിവലിംഗം' സംരക്ഷിക്കുന്നതിനും മുസ്‌ലിംകള്‍ക്ക് നമസ്‌കരിക്കുന്നതിന് യഥേഷ്ടം പ്രവേശനത്തിനും നിര്‍ദേശം നല്‍കിക്കൊണ്ടുള്ള മെയ് 17 ലെ ഇടക്കാല ഉത്തരവ് എട്ടാഴ്ചത്തേക്ക് തുടരുമെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
മസ്ജിദിന്റെ പടിഞ്ഞാറന്‍ മതിലിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന പാര്‍വതി ദേവിയുടെ ആരാധനാലയമായ മാ ശൃംഗാര്‍ ഗൗരി പ്രതിഷ്ഠയില്‍ ആരാധന നടത്താന്‍ അവകാശം നല്‍കണമെന്നാവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹരജിയും, ഇതിനെതിരേ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി സമര്‍പ്പിച്ച ഹരജിയുമാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. ഗ്യാന്‍ വാപി മസ്ജിദ് പരിസരത്ത് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയ വസ്തു ശിവലിംഗമാണോ അതോ ജലധാരയാണോ എന്നറിയാന്‍ ശാസ്ത്രീയ അന്വേഷണം നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് (എഎസ്‌ഐ) നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വസംഘടനകള്‍ സമര്‍പ്പിച്ച ഹരജി കഴിഞ്ഞ മാസം വാരാണസി കോടതി തള്ളിയിരുന്നു.
തുടര്‍ന്നാണ് അലഹബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഗ്യാന്‍ വാപി മസ്ജിദ് ഹൈന്ദവ ക്ഷേത്രമാണെന്നും ഇപ്പോഴും ഹിന്ദുദേവതകളുണ്ടെന്നും ചൂണ്ടിക്കാട്ടി ഗ്യാന്‍ വാപി പള്ളിയുടെ പരിസരത്ത് ആരാധന നടത്താനുള്ള അവകാശവാദമുന്നയിച്ച് ഹിന്ദുത്വസംഘടനകള്‍ സിവില്‍ കോടതിയെ സമീപിച്ചതോടെയാണ് ഇതുസംബന്ധിച്ച് തര്‍ക്കം ഉടലെടുത്തത്. അഭിഭാഷക കമ്മീഷണറെക്കൊണ്ട് മസ്ജിദിന്റെ സര്‍വേ നടത്താന്‍ സിവില്‍ കോടതി ഉത്തരവിട്ടു. തുടര്‍ന്ന് അഡ്വക്കറ്റ് കമ്മീഷണര്‍ വീഡിയോഗ്രാഫ് ചെയ്ത സര്‍വേ നടത്തി റിപോര്‍ട്ട് സിവില്‍ കോടതിയില്‍ സമര്‍പ്പിച്ചു. സര്‍വേ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ സ്ഥലത്ത് കണ്ടെത്തിയ വസ്തു ശിവലിംഗമാണെന്ന് ഹിന്ദുത്വസംഘടനകള്‍ അവകാശപ്പെട്ടു. എന്നാല്‍, ഇത് ജലധാര മാത്രമാണെന്നാണ് മുസ്‌ലിം സംഘടനകള്‍ വ്യക്തമാക്കിയത്.