സ്‌കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്‌ലിം വിരുദ്ധ ദൃശ്യാവിഷ്‌കാരം; കേസെടുക്കാന്‍ കോടതി ഉത്തരവ്

Update: 2023-03-31 09:12 GMT

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗതഗാനത്തില്‍ അവതരിപ്പിച്ച ദൃശ്യാവിഷ്‌കാരത്തില്‍ മുസ്‌ലിം വിരുദ്ധത തിരുകിക്കയറ്റിയ സംഭവത്തില്‍ കേസെടുക്കാന്‍ കോടതി ഉത്തരവ്. തുടര്‍ന്ന് നടക്കാവ് പോലിസ് ഐപിസി 153 എ, 326 വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇക്കഴിഞ്ഞ ജനുവരിയില്‍ കോഴിക്കോട്ട് നടത്തിയ 61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനത്തിലാണ് മുസ് ലിംകളെ ഭീകരവാദികളാക്കുന്ന വിധത്തിലുള്ള ദൃശ്യാവിഷ്‌കാരം അരങ്ങേറിയത്. പ്രധാനവേദിയായ വിക്രം മൈതാനിയില്‍ അവതരിപ്പിച്ച സ്വാഗതഗാന ദൃശ്യാവിഷ്‌കാരത്തില്‍ മുസ് ലിം വേഷത്തെ ഭീകരവാദികളോടാണ് ഉപമിച്ചത്. മാതാ പേരാമ്പ്രയാണ് ദൃശ്യാവിഷ്‌കാരം തയ്യാറാക്കിയത്. സംഘപരിവാര്‍ പ്രവര്‍ത്തകനും ആര്‍എസ്എസ് നേതാക്കളുമായി അടുത്ത ബന്ധമുള്ള ചെറുവണ്ണൂര്‍ സ്വദേശിയും മലപ്പുറം പുത്തൂര്‍പള്ളിക്കലില്‍ താമസിക്കുന്നയാളുമായ സതീശ് ബാബുവാണ് ഗാനാവിഷ്‌കാരം നടത്തിയത്. ഗാനാവിഷ്‌കാരത്തിനിടെ വിവിധ മതങ്ങളെ പ്രതിനിധീകരിച്ച് വിവിധ കലാരൂപങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ മുസ് ലിംകളെ പ്രതിനിധീകരിക്കുന്ന ഭാഗത്ത് കഫിയ ധരിച്ച ഭീകരവാദിയെ ഇന്ത്യന്‍ സൈനികര്‍ കീഴടക്കുന്ന രംഗമാണ് നല്‍കിയത്. ബിജെപിയുടെ ബൂത്ത് കണ്‍വീനറായും മറ്റും പ്രവര്‍ത്തിച്ചിരുന്ന സതീശ് ബാബു സേവാഭാരതിയുടെയും ആര്‍എസ്എസിന്റെയും ബിജെപിയുടെയുമെല്ലാം നിരവധി പോസ്റ്ററുകള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത് അന്നുതന്നെ വാര്‍ത്തയായിരുന്നു. ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി, ബിജെപി നേതാക്കളായ വി മുരളീധരന്‍, അഡ്വ. പി എസ് ശ്രീധരന്‍ പിള്ള എന്നിവര്‍ക്കൊപ്പമുള്ള ഫോട്ടോകളും അപ് ലോഡ് ചെയ്തിരുന്നു. ഇതിനുപുറമെ ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരിലെ ഹെഡ്‌ഗേവാറിന്റെ സ്മൃതികുടീരത്തില്‍ പോയ ചിത്രങ്ങളും നല്‍കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍ നേരിട്ടുകണ്ട ഗാനാവിഷ്‌കാരത്തിലാണ് മുസ് ലികളെ ഭീകരതയോട് ഉപമിക്കുന്ന രീതിയിലുള്ള ഗാനാവിഷ്‌കാരം അരങ്ങേറിയത്. വിവിധ മതങ്ങളുടെ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്ന വിധത്തിലാണ് ദൃശ്യാവിഷ്‌കാരം നടത്തിയത്. ഹൈന്ദവ, ക്രിസ്ത്യന്‍ ആവിഷ്‌കാരം കഴിഞ്ഞ ഉടനെ ഏതാനും സൈനികര്‍ വരികയും അതിലൊരു സൈനികന്‍ കൊല്ലപ്പെടുകയുമാണ് ചെയ്യുന്നത്. ഇതില്‍ പിടികൂടുന്നയാള്‍ മുസ് ലിംകളുടെ വേഷമായ വെളുത്ത ജുബ്ബയും കഫിയയുമാണ് ധരിച്ചിരുന്നത്. ഇത് വിവാദമായതിനു പിന്നാലെ വിവിധ മുസ് ലും സംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും രംഗത്തെത്തി. മന്ത്രി റിയാസും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റും വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. പി കെ ഗോപി രചനയും കെ സുരേന്ദ്രന്‍ മാസ്റ്റര്‍ സംഗീതസംവിധാനവും ഡോ. രചന നൃത്തസംവിധാനവും നിര്‍വഹിച്ച മലയാളം തിയേറ്ററിക്കല്‍ ഹെറിറ്റേജ് ആന്റ് ആര്‍ട്‌സ് അഥവാ മാതാ പേരാമ്പ്രയാണ് ഉല്‍സവം എന്ന പേരില്‍ ദൃശ്യാവിഷ്‌കാരം സംഘടിപ്പിച്ചത്. സംഭവം വിവാദമായതോടെ ഉന്നത വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് അനുമതി നല്‍കിയ ശേഷമാണ് അവതരിപ്പിച്ചതെന്ന് ന്യായീകരിച്ചിരുന്നു. തുടര്‍ന്ന് അഡ്വ. വി ആര്‍ അനൂപ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടക്കാവ് പോലിസിനോട് മതനിന്ദയ്ക്ക് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്.

Tags:    

Similar News