സംസ്ഥാന സ്‌കൂള്‍ കലോല്‍സവം; കലാകിരീടം ചൂടി തൃശൂര്‍
1008 പോയിന്റു നേടിയാണ് തൃശൂര്‍ വിജയകിരീടം നേടിയത്
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ കിരീടത്തില്‍ മുത്തമിട്ട് തൃശൂര്‍. 1008 പോയിന്റു നേടിയാണ് തൃശൂര്‍ വിജയകിരീടം നേടിയത്. 1007 പോയിന്റുമായി പാലക്കാട് തൊട്ടു പുറകിലും 998 പോയിന്റുമായി കണ്ണൂര്‍ മൂന്നാം സ്ഥാനത്തുമെത്തി. കോഴിക്കോടിന് 1000 പോയിന്റും മലപ്പുറം ജില്ലക്ക് 980 പോയിന്റും നേടി.
26 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് തൃശൂരിലേക്ക് ഒന്നാം സ്ഥാനം കടന്നെത്തുന്നത്. 1999ലാണ് തൃശൂര്‍ ഇതിനു മുമ്പ് കപ്പെടുത്തത്.അഞ്ചാം തവണയാണ് തൃശൂരിന് ഒന്നാം സ്ഥാനം ലഭിക്കുന്നത്. ഇഞ്ചോടിഞ്ച് പോയിന്റിന്റെ വ്യത്യാസത്തിലാണ് പാലക്കാടിനെ വെട്ടി തൃശൂര്‍ മുന്നിലെത്തിയത്.ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ പോയിന്റാണ് തൃശൂരിനെ വിജയിപ്പിച്ചെടുത്തത്. ഹയര്‍ സെക്കന്‍ഡറി ഇനത്തില്‍ പാലക്കാട് 525 പോയന്റു നേടിയപ്പോള്‍ തൃശൂര്‍ 526 പോയിന്റ് നേടി.
സമാപന പരിപാടി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. സിനിമാ താരം ടൊവിനോ തോമസ് ആണ് മുഖ്യാതിഥി. ഇത്തവണയും പരാതിയും അപ്പീലുകളുമായി തന്നെയാണ് കലോല്‍സവം മുന്നേറിയത്. മിമിക്രിയും മോണോ ആക്ടും നാടകവും തിരുവാതിരക്കളിയും ഒപ്പനയും കോല്‍ക്കളിയുമുള്‍പ്പെടെ എല്ലാ കലാപരിപാടികളും സദസ്സിനെ കയ്യിലെടുക്കുന്നതു തന്നെയായിരുന്നു.